Sections

പെട്രോണസ് ടിവിഎസ് ഇന്ത്യ ഒഎംസി 2026-ലൂടെ ഇന്ത്യയുടെ ഭാവിതലമുറ റേസർമാരെ വാർത്തെടുക്കൽ തുടർന്ന് ടിവിഎസ് റേസിങ്

Tuesday, Dec 30, 2025
Reported By Admin
TVS Motor Announces 2026 One Make Championship Selection

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന രംഗത്തെ പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം), പെട്രോണസ് ടിവിഎസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പ് (ഒഎംസി) 2026ൻറെ ട്രെയിനിങ്-സെലക്ഷൻ പരിപാടികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റേസിങ് പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ടിവിഎസ് റേസിങിനുള്ള ദീർഘകാല പങ്ക് അടിവരയിടുന്നതാണ് ഈ പ്രഖ്യാപനം. 2026 ജനുവരി 17 മുതൽ ഫെബ്രുവരി 7 വരെ രാജ്യവ്യാപകമായി സെലക്ഷൻ ട്രയലുകൾ നടക്കും. ബെംഗളൂരു, പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളാണ് സെലക്ഷൻ വേദികൾ. ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ വച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

റേസിങ് രംഗത്ത് ടിവിഎസ് അപ്പാച്ചെ 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് 2026 സീസൺ അരങ്ങേറുന്നത്. ടിവിഎസ് റേസിങിൻറെ ട്രാക്ക് ടു റോഡ് എന്ന പ്രധാന ആശയത്തിലൂന്നിയ പെർഫോമൻസ് എൻജിനീയറിങാണ് അപ്പാച്ചെയുടെ കരുത്ത്. റേസ്ട്രാക്കുകളിൽ പരീക്ഷിച്ച് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകൾ മോട്ടോർ സൈക്കിളുകൾ രൂപപ്പെടുത്തുന്നതിൽ മാത്രമല്ല, റേസിങ് അച്ചടക്കത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് പ്രൊഫഷണൽ മോട്ടോർ സ്പോർട്സിലൂടെ റൈഡർമാരെ പരിശീലിപ്പിക്കുന്നതിനും പാകപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

ടിവിഎസ് റേസിങിനെ സംബന്ധിച്ചിടത്തോളം വൺ മേക്ക് ചാമ്പ്യൻഷിപ്പ് എന്നത് വെറുമൊരു റേസ് സംഘടിപ്പിക്കൽ മാത്രമല്ലെന്നും അത് റേസർമാരെ വാർത്തെടുക്കൽ കൂടിയാണെന്നും പുതിയ സീസണിനെക്കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു. കൃത്യമായ പരിശീലനം, പ്രൊഫഷണൽ റേസിങ് സ്റ്റാൻഡേർഡ്, ശക്തമായ സുരക്ഷാ സംസ്കാരം എന്നിവയിലൂടെ പ്രതിഭകളെ കണ്ടെത്താനും അവരെ മത്സര സജ്ജരാക്കാനും ഈ പ്ലാറ്റ്ഫോം സഹായിച്ചിട്ടുണ്ട്. ടിവിഎസ് അപ്പാച്ചെ 20 വർഷം പിന്നിടുമ്പോൾ, ട്രാക്ക് റേസിങിനെ സാധാരണക്കാർക്ക് പ്രാപ്യവും അഭിലാഷ്യവുമാക്കിക്കൊണ്ട് ഞങ്ങളുടെ റേസിങ് ഡിഎൻഎ ഈ ചാമ്പ്യൻഷിപ്പിലൂടെയും തുടരുകയാണ്. ഇങ്ങനെയാണ് അടുത്ത തലമുറ റേസർമാർക്കായി ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് ആവാസവ്യവസ്ഥയെ ഞങ്ങൾ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രാക്ക് ട്രെയിനിങിന് മുൻഗണന നൽകുന്നതും സുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതുമായ പരിശീലന രീതിയാണ് പെട്രോണസ് ടിവിഎസ് ഇന്ത്യ ഒഎംസി പിന്തുടരുന്നത്. ടിവിഎസ് റേസിങിൻറെ നാല് പതിറ്റാണ്ടിലേറെയുള്ള മോട്ടോർ സ്പോർട്സ് പരിചയത്തിൽ നിന്നും വികസിപ്പിച്ചെടുത്ത, റേസിങിനായി പ്രത്യേകം സജ്ജമാക്കിയ ടിവിഎസ് അപ്പാച്ചെ മോട്ടോർസൈക്കിളുകളിലാണ് റൈഡർമാർ പരിശീലനം നടത്തുന്നതും മത്സരിക്കുന്നതും. എല്ലാ വിഭാഗങ്ങളിലും റൈഡർമാരുടെ പരിശീലനത്തിലും തയ്യാറെടുപ്പിലും സുരക്ഷ ഒരു അവിഭാജ്യ ഘടകമാണ്. അതിനാൽ ആൽപൈൻസ്റ്റാർസ് എയർബാഗ് ജാക്കറ്റുകൾ, എഫ്ഐഎം സർട്ടിഫൈഡ് ഹെൽമെറ്റുകൾ, എഫ്ഐഎം-സ്പെക് റേസിങ് സ്യൂട്ടുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത നിലവാരമുള്ള റേസിങ് ഗിയറുകളാണ് റൈഡർമാർക്ക് നൽകുന്നത്. കൂടാതെ, റൈഡർമാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് മികച്ച പ്രകടനം ഉറപ്പാക്കാൻ ഓരോ റൈഡർക്കും അനുയോജ്യമായ രീതിയിൽ ട്യൂൺ ചെയ്ത മോട്ടോർസൈക്കിളുകളും ലഭ്യമാക്കുന്നുണ്ട്.

റേസർമാരെ ശരിയായ രീതിയിൽ വാർത്തെടുക്കുന്നതിലാണ് കഴിഞ്ഞ 43 വർഷമായി ടിവിഎസ് റേസിങ് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1994-ൽ ടിവിഎസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് മുതൽ വിവിധ വിഭാഗങ്ങളിലായി, ഇന്ത്യയുടെ ആധുനിക മോട്ടോർ സ്പോർട്സ് ആവാസവ്യവസ്ഥയുടെ നട്ടെല്ലായി നിലകൊള്ളുന്ന 3,000-ത്തിലധികം റൈഡർമാർക്കാണ് ടിവിഎസ് റേസിങ് പരിശീലനവും റേസിങ് തയ്യാറെടുപ്പുകളും നൽകിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.