- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ (കെ.എം.ബി) കലാസൃഷ്ടികൾ ചിന്തോദ്ദീപകവും പ്രചോദനാത്മകവുമാണെന്ന് വേദികൾ സന്ദർശിച്ച പ്രമുഖ നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലെ കനേഡിയൻ ഹൈക്കമ്മീഷണർ പോൾ തോപ്പിലും, കർണാടകയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും ദക്ഷിണേഷ്യൻ ഇൻവെസ്റ്റ്മെന്റ് ഡെപ്യൂട്ടി ട്രേഡ് കമ്മീഷണറുമായ ചന്ദ്രു അയ്യരും ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചു. കുടുംബത്തോടൊപ്പം കൊച്ചിയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും.
കാലാവസ്ഥാ വ്യതിയാനം പോലുള്ള വർത്തമാനകാല വെല്ലുവിളികളെയും അത് മനുഷ്യരാശിയിലുണ്ടാക്കുന്ന ആഘാതങ്ങളെയും ബിനാലെ മികച്ച രീതിയിൽ ചിത്രീകരിക്കുന്നുണ്ടെന്ന് പോൾ തോപ്പിൽ പറഞ്ഞു. രത്ന ഗുപ്തയുടെ നെയ്ത്തു രീതികളും ഷജിത്തിന്റെ പ്രകൃതിയെയും മൃഗങ്ങളെയും കുറിച്ചുള്ള സൃഷ്ടിയും ഏറെ ശ്രദ്ധേയമാണ്. ബിനാലെയിലെ എല്ലാ സൃഷ്ടികളും കണ്ടുതീർക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടുത്തെ കലാവിഷ്കാരങ്ങൾ തന്റെ മനസ്സിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്ന് ആദ്യമായി ബിനാലെ സന്ദർശിച്ച ചന്ദ്രു അയ്യർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുചേരൽ ആഹ്ലാദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നയതന്ത്രജ്ഞരെ കൂടാതെ കല-ചലച്ചിത്രം- സാഹിത്യ മേഖലകളിലെ പ്രമുഖരും ബിനാലെ വേദികളിൽ സന്ദർശനം നടത്തി. ചലച്ചിത്ര മേളകളെപ്പോലെ തന്നെ ഓരോ ബിനാലെയും ആവേശത്തോടെയാണ് കാണുന്നതെന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ പറഞ്ഞു. ഓരോ തവണ സന്ദർശിക്കുമ്പോഴും പുതിയ അർത്ഥതലങ്ങളാണ് ബിനാലെ വെളിപ്പെടുത്തുന്നത്. രണ്ട് വർഷം കൂടുമ്പോൾ കലാകാരന്മാർ തങ്ങളുടെ മാധ്യമങ്ങളിലും വിഷ്വൽ സെൻസിബിലിറ്റിയിലും വരുത്തുന്ന മാറ്റങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി സബ് കളക്ടർ ഗ്രന്ഥെ സായ് കൃഷ്ണ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ഫെബി വർഗീസ്, പ്രശസ്ത ക്യൂറേറ്ററും ഡിസൈനറുമായ രാജീവ് സേത്തി, സാഹിത്യ നിരൂപകൻ പ്രൊഫ. പി. പവിത്രൻ തുടങ്ങിയവരും ബിനാലെ കാണാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.