Sections

ഊരാളുങ്കൽ സൊസൈറ്റിയുടെ  ടി. കെ. കിഷോർ കുമാർ ഐസിഎ ഏഷ്യാ-പസിഫിക് കൃഷി-പരിസ്ഥിതി കമ്മിറ്റിയുടെ ആദ്യ മലയാളി വൈസ് ചെയർമാൻ

Friday, Nov 28, 2025
Reported By Admin
T.K. Kishore Kumar Named Vice Chair of ICA-E Asia-Pacific Committee

കൊച്ചി: സഹകരണപ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇൻറർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൻറെ കാർഷിക-പാരിസ്ഥിതിക കാര്യങ്ങൾക്കുള്ള ഏഷ്യാ-പസിഫിക് കമ്മിറ്റി(ഐസിഎഇ)യുടെ വൈസ് ചെയർപേഴ്സണായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രതിനിധി ടി.കെ. കിഷോർ കുമാറിനെ തെരഞ്ഞെടുത്തു. ഈ ചുമതലയിൽ എത്തുന്ന ആദ്യ മലയാളിയാണ്. ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് പ്രൊജക്ട് കോർഡിനേറ്ററും യുഎൽ സൈബർപാർക്കിൻറെ സിഒഒയുമാണു കിഷോർ കുമാർ.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ചേർന്ന സമ്മേളനമാണു കിഷോർ കുമാറിനെ തെരഞ്ഞെടുത്തത്. പ്രൊഫ. മാഡ്യ ഡാറ്റോ അബ്ദുൽ റഹ്മാൻ അബ്ദുൽ റസാഖ് ഷെയ്ക് ആണു പുതിയ ചെയർപേഴ്സൺ.

സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുക, കർഷകരുടെ വരുമാനം ഉയർത്തുക, കാർഷിക സഹകരണ സംഘങ്ങൾ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏഷ്യ-പസഫിക് മേഖലയിൽ പ്രവർത്തിക്കുന്ന ഇൻറർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൻറെ പ്രാദേശിക സമിതിയാണ് ഐസിഎഇ.

ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ ലേബർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എൻഎൽസിഎഫ്)യുടെ ഡയറക്ടറാണു കിഷോർ കുമാർ. രാജ്യത്തെ 47,000-ത്തോളം സഹകരണ സ്ഥാപനങ്ങളുടെ ഉന്നതസമിതിയായ എൻഎൽസിഎഫിലെ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധിയാണ്. കേന്ദ്ര സഹകരണമന്ത്രാലയം രൂപവത്ക്കരിച്ച ഉപദേശകസമിതി ഉൾപ്പെടെ വിവിധ ദേശീയ സമിതികളിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധിയായും പ്രവർത്തിക്കുന്നുണ്ട്. യുവാക്കളെ സഹകരണമേഖലയിലേക്ക് ആകർഷിക്കാൻ പ്രവർത്തിക്കുന്ന വിവിധ ദേശീയസമിതികളിലും അംഗമാണ്.

യുഎൻഡിപിയുടെ ആഭിമുഖ്യത്തിൽ സ്പെയിൻ, ഇറ്റലി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനയാത്രകളിൽ കിഷോർ കുമാർ അംഗമായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ഇറാൻ, തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സഹകരണമേഖലയ്ക്കു നൂതനാശയങ്ങൾ പങ്കുവയ്ക്കാൻ ഇൻഡ്യൻ സഹകരണമേഖലയെ പ്രതിനിധാനം ചെയ്ത് വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടിഷ് ഹൈക്കമ്മിഷണറുടെ ക്ഷണപ്രകാരം ഇംഗ്ലണ്ടും സന്ദർശിച്ചിട്ടുണ്ട്. ഏഷ്യൻ പ്രൊഡക്റ്റിവിറ്റി ഓർഗനൈസേഷൻ അംഗരാജ്യങ്ങളിലെ ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വിയറ്റ്നാമിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഇൻഡ്യയെ പ്രതിനിധീകരിച്ചു. ടി. പി. രാമകൃഷ്ണൻ തൊഴിൽമന്ത്രി ആയിരിക്കെ ഇറാൻ സന്ദർശിച്ച സംഘത്തിലും അംഗമായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.