Sections

വോളണ്ടിയർമാർക്ക് സമകാലീന കലാവിജ്ഞാനത്തിന്റെ സർവകലാശാലയാകാൻ കൊച്ചി-മുസിരിസ് ബിനാലെ

Thursday, Nov 27, 2025
Reported By Admin
Kochi-Muziris Biennale 6: Global Learning Opportunity for Volunteers

കൊച്ചി: സമകാലീന കലാലോകത്തിന്റെ ആഗോളമാതൃക തൊട്ടുമുന്നിൽ നോക്കിക്കാണാനും അനുഭവങ്ങളിൽ നിന്ന് പഠിക്കാനും സാധിക്കുന്ന അവസരമാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിൽ സഹകരിക്കുന്ന വോളണ്ടിയർമാർക്ക് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന ഈ വോളണ്ടിയർമാർക്ക് ബിനാലെയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും അതിൽ നിന്ന് അവിസ്മരണീയ അനുഭവങ്ങൾ സമ്പാദിക്കാനുമുള്ള അവസരം ലഭിക്കും.

ഗോവയിലെ എച്എച് ആർട് സ്പേസസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കെഎംബി ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബർ 12 ന് ആരംഭിക്കുന്ന ബിനാലെ 110 ദിവസത്തെ പ്രദർശനത്തിന് ശേഷം മാർച്ച് 31 ന് അവസാനിക്കും. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം.

കൊച്ചി ബിനാലെയുടെ മുന്നൊരുക്കങ്ങളിൽ വിവിധ നിലകളിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമെയാണ് അഹമ്മദാബാദിലെ അനന്ത് സർവ്വകലാശാലയിൽ നിന്നുള്ള ബിഎഫ്എ ബിരുദ വിദ്യാർത്ഥികൾ എത്തിയിരിക്കുന്നത്. പ്രതിഷ്ഠാപനകലയുടെ സൗന്ദര്യശാസ്ത്രവും ബിനാലെയുടെ മറ്റ് പ്രത്യേകതകളും അടുത്തറിയുന്നതിനായി ജോലിയിൽ നിന്ന് ഇടവേളയെടുത്തിട്ട് പോലും ഇവിടേയ്ക്ക് വോളണ്ടിയർമാർ എത്തിയിട്ടുണ്ട്.

നിലവിൽ അമ്പതിനോടടുത്ത് സന്നദ്ധപ്രവർത്തകരും ഇന്റേണുകളുമാണ് ബിനാലെയിലുള്ളത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായി കണക്കാക്കപ്പെടുന്ന ബിനാലെയ്ക്കായി 22 വേദികളിൽ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലാണ് ഇവർ. സ്ഥലം, മേൽനോട്ടം, സ്കെച്ചിംഗ്, അളവുകളും കണക്കുകൂട്ടലുകളും, ഉൾപ്പെടെയുള്ള പശ്ചാത്തല പ്രവർത്തനങ്ങളിലാണ് ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സേവനം കാര്യമായി ഉപയോഗിക്കുന്നത്. ഈ സംഘം ഡിസംബർ 15-ന് അഹമ്മദാബാദിലേക്ക് മടങ്ങും.

ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ(കെ.ബി.എഫ്) ബിനാലെയുടെ ഭാഗമായി കലാവിദ്യാഭ്യാസത്തിന് മികച്ച പ്രാധാന്യമാണ് നൽകി വരുന്നതെന്ന് ചെയർമാൻ ഡോ. വേണു വി. ചൂണ്ടിക്കാണിച്ചു. ആർട്ട് ബൈ ചിൽഡ്രൻ, സ്റ്റുഡന്റ്സ് ബിനാലെ എന്നിവയ്ക്ക് പുറമെയാണിത്. വോളണ്ടിയർമാർക്കും ഇന്റേണുകൾക്കും പ്രതിഫലവും നൽകുന്നുണ്ട്. ഈ അവസരത്തിനായി അപേക്ഷകൾ ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്.

2012-ലെ ആദ്യ പതിപ്പ് മുതൽ വിദ്യാർത്ഥികൾക്ക് കൊച്ചി ബിനാലെ മികച്ച പഠന വേദിയാണെന്ന് കെ.എം.ബി-യുടെ പ്രസിഡന്റും പ്രശസ്ത ആർട്ടിസ്റ്റുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. യൂറോപ്പടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാസ്തുവിദ്യ, ഡിസൈനിംഗ്, പ്രൊഡക്ഷൻ, ഭരണനിർവ്വഹണം തുടങ്ങിയ കാര്യങ്ങളിൽ പ്രായോഗികമായ അറിവാണ് ലഭിക്കുന്നതെന്ന് അങ്കിത് കുമാർ എന്ന വിദ്യാർത്ഥി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്തർക്കൊപ്പം പ്രവർത്തിക്കുന്നത് അസുലഭ അനുഭവമാണ്. പ്രായോഗിക അനുഭവപരിചയം മറ്റൊരു തലമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കാഴ്ചപ്പാടുകളെ അടുത്ത് മനസിലാക്കാൻ ഈ അവസരം സഹായിക്കുന്നുവെന്ന് അനന്ത് സർവകലാശാലയിലെ വിദ്യാർത്ഥി തൃഷ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ കൊച്ചി ബിനാലെയെ പിന്തുടർന്നതിലൂടെയാണ് ഐ.ടി പ്രൊഫഷണലായ സ്റ്റീവ് ബ്രയാൻ ഇവിടെയെത്തിയത്. ജോലിയിൽ നിന്ന് ഇടവേളയെടുത്ത അദ്ദേഹം ബിനാലെ കഴിയുന്നത് വരെ ഇവിടെയുണ്ടാകുമെന്ന് പറഞ്ഞു.

കലാതത്പരനായ മെക്കാനിക്ക് വിജയൻ എം.വി എല്ലാത്തരം ജോലികളും പഠിക്കാനുള്ള വേദിയായാണ് ബിനാലെയെ കാണുന്നത്. ഇഷ്ടമുള്ള മേഖലയിൽ പ്രവർത്തിക്കാനുള്ള അവസരമായാണ് ഡിസൈൻ വിദ്യാർഥിനിയായ അഞ്ജലി കൃഷ്ണകുമാർ ബിനാലെയെ കാണുന്നത്.

ഇന്നത്തെ ചെറുപ്പക്കാർ കഴിവുള്ളവരും വളരെ വേഗത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ളവരുമാണെന്ന് പ്രൊഡക്ഷൻ സംഘത്തിന്റെ തലവൻ ശ്യാം പട്ടേൽ പറഞ്ഞു. കലാകാരന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വേദികളിലെ ഒരുക്കങ്ങൾ പരിശോധിക്കുക, വിഭവങ്ങൾ സംഘടിപ്പിക്കുക, പ്രോഡക്റ്റ് ഡിസൈൻ ചെയ്യുക, എന്നിവയെല്ലാം അവരുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.