Sections

കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Thursday, Apr 25, 2024
Reported By Admin
Attention First Time Voters; How to vote

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോൾ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവർക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എങ്ങനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു.

വോട്ടെടുപ്പ് പ്രക്രിയ

  1. സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു.
  2. വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ് ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടർ കാണിക്കുന്ന തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു.
  3. ഫസ്റ്റ് പോളിങ് ഓഫീസർ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യുന്നു.
  4. പോളിങ് ഓഫീസർ സ്ലിപ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
  5. വോട്ടർ വോട്ടിങ് നടത്തുന്നതിനുള്ള കമ്പാർട്ടുമെന്റിൽ എത്തുന്നു. അപ്പോൾ മൂന്നാം പോളിങ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കുന്നു. അപ്പോൾ ബാലറ്റ് യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടർ താൽപര്യമുള്ള സ്ഥാനാർഥിക്ക് നേരെയുള്ള ഇവിഎമ്മിലെ നീല ബട്ടൺ അമർത്തുന്നു. അപ്പോൾ സ്ഥാനാർഥിയുടെ പേരിന് നേരേയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടൻ തന്നെ തിരഞ്ഞെടുത്ത സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് യന്ത്രം പ്രിന്റ് ചെയ്യുകയും ഏഴ് സെക്കൻഡ് പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുന്നു.

വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക. വോട്ട് ചെയ്ത ശേഷം പ്രിന്റ് ചെയ്ത സ്ലിപ് തുടർന്ന് വിവിപാറ്റ് യന്ത്രത്തിൽ സുരക്ഷിതമായിരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.