Sections

സ്ത്രീകൾക്കായി തൊഴിലരങ്ങത്തേക്ക് ക്യാമ്പയിൻ: അനവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും  

Monday, Jan 09, 2023
Reported By admin
kerala

വനിതാ ദിനമായ മാർച്ച് 8 ന് ആയിരം പേർക്കുള്ള ഓഫർ ലെറ്റർ കൈമാറും


സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും അതിനാവശ്യമായ പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് ക്യാമ്പയിൻ തൊഴിൽ അന്വേഷകർക്ക് ഏറെ പ്രയോജനകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. തൊഴിൽ അന്വേഷകരായ സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് പ്രത്യേക പദ്ധതിയുടെ ജില്ലാതല ആലോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2018-19 ലെ കണക്ക് പ്രകാരം കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 20.4 ശതമാനമാണ്. തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി പഞ്ചായത്തുകളിൽ തൊഴിൽ സഭകൾ ആരംഭിച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും അനുസരിച്ച് തൊഴിൽ ലഭ്യമാക്കുന്നതിന് എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിലെടുക്കാൻ അനുകൂല സാഹചര്യം ലഭിക്കാത്ത സ്ത്രീകൾക്കായാണ് തൊഴിലരങ്ങത്തേക്ക് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് സ്വകാര്യമേഖലയിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസരിച്ച് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കെ - ഡിസ്ക്, കേരള നോളജ് എക്കോണമി മിഷൻ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ അറുപത് ദിവസം കൊണ്ട് ആയിരം സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വനിതാ ദിനമായ മാർച്ച് 8 ന് ആയിരം പേർക്കുള്ള ഓഫർ ലെറ്റർ കൈമാറും.

നോളജ് എക്കോണമി മിഷൻ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തിയ സർവ്വേയിൽ പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവരും 59 വയസിൽ താഴെ പ്രായമുള്ളവരുമായ 53 ലക്ഷം തൊഴിൽ അന്വേഷകർ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 58 ശതമാനം സ്ത്രീകളാണ്. ഇവർക്ക് അനുയോജ്യമായ തൊഴിൽ മേഖലകൾ പദ്ധതി വഴി കണ്ടെത്തും.

തൊഴിൽ അന്വേഷകർക്കായി നോളജ് എക്കോണമി മിഷൻ തയ്യാറാക്കിയ ഡിജിറ്റൽ മാനേജ്മെന്റ് വർക്ക്ഫോഴ്സ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്) എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തൊഴിൽ അന്വേഷകരായ സ്ത്രീകൾ, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെയും മത്സ്യബന്ധന സമൂഹങ്ങളിലെയും ഭിന്നശേഷി വിഭാഗത്തിലെയും സ്ത്രീകൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, തൊഴിൽ ദാതാക്കളായ സ്വകാര്യ സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവയെ പദ്ധതിയുമായി ബന്ധപ്പെടുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.