Sections

സംസ്ഥാനത്തെ കാർഷിക മേഖല പൂർണമായും തകർന്നു

Tuesday, Dec 13, 2022
Reported By MANU KILIMANOOR

കടാശ്വാസ കമ്മിഷൻ അടച്ചുപൂട്ടി

കർഷകർ എക്കാലത്തെയും വലിയ പ്രതിസന്ധി അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കർഷകർക്ക് കൃഷിയിലൂടെ ഉപജീവനം നടത്താനാവശ്യമായ സാഹചര്യം ഉണ്ടാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ഏതെങ്കിലും മേഖലയിലുള്ള കർഷകന് കൃഷികൊണ്ട് ഉപജീവനം നടത്താൻ പറ്റുന്ന സാഹചര്യമാണോ സംസ്ഥാനത്ത് നിലവിലുള്ളത്? കർഷകർ എക്കാലത്തെയും വലിയ പ്രതിസന്ധി അതിജീവിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.

സംസ്ഥാന സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു റബർ കൃഷി. ടയർ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി പത്ത് ശതമാനം നികുതിയിൽ റബർ ഇറക്കുമതി ചെയ്യാവുന്ന സാഹചര്യം കേന്ദ്ര സർക്കാർ ഉണ്ടാക്കിയത് കർഷകരെ പ്രതികൂലമായി ബാധിച്ചു. റബറിന്റെ താങ്ങ് വില വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ ഈ മേഖല പൂർണമായും തകരും. സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നുണ്ടെന്ന് മന്ത്രിക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ? നാളികേര സംഭരണം സംസ്ഥാനത്ത് പൂർണമായും പരാജയപ്പെട്ടു. കിലോമീറ്ററുകളോളം അകലെയുള്ള സംഭരണ കേന്ദ്രത്തിലേക്ക് വാഹനം വാടകയ്ക്കെടുത്ത് നാളികേരം എത്തിക്കാൻ സാധാരണ കർഷകർക്ക് സാധിക്കില്ല. കൃഷി ഭവനുകളിൽ സംഭരണത്തിന് സൗകര്യമൊരുക്കണം. പൊതുവിപണിയിൽ 25 രൂപയുള്ളപ്പോൾ കർഷകന് ലഭിക്കുന്നത് വെറും 12 രൂപയാണ്.

കർഷകന് പ്രയോജനകരമായ രീതിയിലുള്ള സംഭരണം നടത്താൻ കഴിയുന്നില്ല. ഏലത്തിന്റെ വില അയ്യായിരത്തിൽ നിന്നും 1100 രൂപയായി കുറഞ്ഞു. ഉൽപാദന ചിലവ് ആയിരത്തിന് മുകളിലാണ്. കേരളത്തിന്റെ കറുത്ത സ്വർണമായ കുരുമുളക് ഉൽപാദനം ഗണ്യമായി കുറഞ്ഞു. പഴം, പച്ചക്കറി മേഖലയിലും താങ്ങ് വില നൽകി സംഭരിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. മില്ലുടമകളുമായി ചർച്ച നടത്താൻ വൈകിയതു കൊണ്ട് നെല്ല് സംഭരണം മുടങ്ങി. ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല.

കാർഷിക കടാശ്വാസ കമ്മിഷൻ 150 കോടിയുടെ അവാർഡ് നൽകാനുണ്ട്. ഒരു ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. നാല് വർഷമായി അപേക്ഷ പോലും സ്വീകരിക്കാതെ ഈ സർക്കാരിന്റെ കലത്ത് കാർഷിക കടാശ്വാസ കമ്മിഷൻ അടച്ചുപൂട്ടിയ നിലയിലാണ്. ദുരിതപൂർണമായ ഈ കാലത്ത് കർഷകർക്കെതിരായ ജപ്തി നടപടികളെങ്കിലും നിർത്തിവയ്ക്കാൻ സർക്കാർ തയാറാകണം. ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടാത്ത ഏതെങ്കിലും ഒരു കർഷകനെ കാണിച്ചു തരാൻ സർക്കാരിന് സാധിക്കുമോ? പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ കർഷകർ.എല്ലാ കാർഷിക മേഖലകളിലും കണ്ണീരും ദുരിതവുമാണ്. ആത്മഹത്യകളുടെ പരമ്പരകൾ ഉണ്ടാകുന്നതിന് മുൻപ് ഗൗരവതരമായി സർക്കാർ ഇടപെടണം. കരകയറാൻ പറ്റാത്ത പ്രതിസന്ധിയിലേക്ക് കാർഷിക മേഖല കൂപ്പ് കുത്തുമ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കർഷകർക്ക് നൽകുന്ന പിന്തുണയും പരിശോധിക്കണം.പദ്ധതികളും ഈ സർക്കാർ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലാത്ത മേഖലയായി കാർഷികമേഖല മാറിയിരിക്കുകയാണ്. സർക്കാരിന്റെ പ്രഥമ പരിഗണനാ പട്ടികയിൽ പോലും കർഷകരോ കാർഷിക മേഖലയോ ഇല്ലെന്നതാണ് യാഥാർത്ഥ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.