- Trending Now:
തിരുവനന്തപുരം: കേരളത്തിൻറെ ഭരണതലസ്ഥാനമായ തിരുവനന്തപുരത്തെ വിജ്ഞാന-സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതിൽ ടെക്നോപാർക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റുമായ എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. 'ആസ്പയർ: ഇന്നൊവേഷൻ സ്റ്റോറീസ്' എന്ന ടെക്നോപാർക്ക് വോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻകിട സംരംഭങ്ങൾക്ക് കേരളം അനുയോജ്യമല്ലെന്നുള്ള ദീർഘകാലമായി നിലനിൽക്കുന്ന ധാരണയെ മാറ്റിമറിക്കാൻ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാർക്കായ ടെക്നോപാർക്കിന് സാധിച്ചു.
പ്രകൃതിദത്തമായ ചുറ്റുപാടുകൾക്കൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, കണക്റ്റിവിറ്റി എന്നിവയും തിരുവനന്തപുരത്തിൻറെ മേൻമകളാണ്.
'സംരംഭങ്ങൾക്ക് എങ്ങനെ സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയുമെന്നതിൻറെ ഒരു മികച്ച ഉദാഹരണമായി ടെക്നോപാർക്ക് മാറിയിരിക്കുന്നു. ടെക്നോപാർക്ക് സ്ഥാപിതമായി 35 വർഷത്തിനിടയിൽ ഒരു തവണ പോലും തൊഴിലാളി സമരമോ ഹർത്താലോ കാരണം തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ ടെക്നോപാർക്കിൽ മാതൃകാപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ ഒരു തൊഴിൽ സംസ്കാരം ഉണ്ടായി വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2026 ലെ കണക്കുകൾ പ്രകാരം മനുഷ്യവികസന സൂചികയിലും പ്രതിശീർഷ വരുമാനത്തിലും കേരളം ഒന്നാം സ്ഥാനത്തെത്തിയതായി അദ്ദേഹം പറഞ്ഞു. 1980 കൾ വരെ സാമ്പത്തിക വളർച്ച കുറവായിരുന്നു. എന്നാൽ അപ്പോഴും സംസ്ഥാനത്തിന് ഉയർന്ന മാനവവികസന സൂചികകളുണ്ടായിരുന്നു. ഗൾഫ് മലയാളികളുടെ പണം സംസ്ഥാനത്തേക്ക് എത്തുക വഴി 1990 കൾ മുതൽ സാമ്പത്തിക കുതിപ്പ് ആരംഭിച്ചു.
കുടിയേറ്റവും മറ്റ് നാടുകൾ പരിചയപ്പെടാനുള്ള ആഗ്രഹവും മലയാളികളുടെ ജീനിലുള്ളതാണ്. ഇപ്പോൾ കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നുണ്ട്. വിദേശത്ത് പഠിക്കുന്ന യുവജനങ്ങൾ ഇവിടേക്ക് തിരിച്ചുവരുന്നു. ഐടി ആവാസവ്യവസ്ഥയിൽ ആഗോള നിലവാരത്തിന് അനുസൃതമായി മികച്ച സൗകര്യങ്ങൾ കൊണ്ടുവരുന്നതിൻറെ ഉത്തമ ഉദാഹരണമാണ് ടെക്നോപാർക്ക്. മറ്റ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവർക്ക് തിരിച്ചുവന്ന് ജോലി ചെയ്യാനാകും വിധം കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ മാധ്യമങ്ങളും ടെക്നോപാർക്കുമായി ഒരു സുസ്ഥിരബന്ധം ആവശ്യമാണ്. കേരളത്തിലെ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരാണെന്നും സമൂഹ നൻമയ്ക്കായി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവജനങ്ങൾ സ്വയം സജ്ജരാകുകയും സ്പെഷ്യലൈസേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനൊപ്പം അറിവ് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.