Sections

ടാറ്റാ മോട്ടോഴ്‌സ് ലാഭത്തിലേക്ക്, വിൽപനയിൽ വർധന 

Sunday, Jan 29, 2023
Reported By admin
tata

ഇന്ത്യൻ ബിസിനസ്സിൽ ഒരു തിരിച്ചുവരവ് രേഖപ്പെടുത്താൻ സഹായിച്ചു


ഏഴ് പാദങ്ങൾക്ക് ശേഷം ആദ്യ പാദത്തിൽ 2,958 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്ത് ടാറ്റാ മോട്ടോഴ്സ്. ഏഴ് പാദങ്ങൾക്ക് ശേഷം ആദ്യമായി ടാറ്റാ മോട്ടോഴ്സ് ലാഭത്തിലേക്ക് നീങ്ങുകയാണ്. ടാറ്റ മോട്ടോഴ്സ് അവസാനമായി ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയത് 2020 ഡിസംബറിൽ 2,906 കോടി രൂപയായിരുന്നു. കമ്പനിയുടെ ഡിസംബർ-ത്രൈമാസത്തിലെ ഏകീകൃത വരുമാനം അനലിസ്റ്റുകളുടെ പ്രതീക്ഷകളെ മറികടന്ന് 22.5% വർഷം തോറും വർധിച്ച് 88,489 കോടി രൂപയായി. ആഭ്യന്തര വിൽപ്പനയിലെ 17.7% വർധനയും യുകെ അനുബന്ധ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ മൊത്ത വിൽപ്പനയിലെ 15.5% വളർച്ചയും ടാറ്റ മോട്ടോഴ്സിനെ ലാഭത്തിലാക്കാൻ സഹായിച്ചു. ചെലവ് നിയന്ത്രണ നടപടികളും ടാറ്റ മോട്ടോഴ്സിനെ മാർജിൻ വർദ്ധിപ്പിക്കാനും ലാഭത്തിലേക്ക് മടങ്ങാനും സഹായിച്ചു.

ഉത്സവ സീസണിലെ മികച്ച സെയിലും പുതിയ ലോഞ്ചുകളും ക്വാർട്ടർ 3 കാലത്ത് ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന ഉയരാൻ കാരണമായി. ഈ പാദത്തിൽ ആദ്യമായി പ്രതിമാസ റീട്ടെയിൽ വിൽപ്പന 50,000 കടന്നതായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ആഭ്യന്തര വിൽപ്പനയിൽ 17.7% വർധന

വിറ്റ കാറുകളുടെ കാര്യത്തിൽ, ടാറ്റ മോട്ടോഴ്സ് അതിന്റെ ആഭ്യന്തര വിൽപ്പനയിൽ 2.23 ലക്ഷം യൂണിറ്റായി 17.7% വർധന രേഖപ്പെടുത്തി, കയറ്റുമതി ഒരു വർഷം മുമ്പ് 10,103 യൂണിറ്റിൽ നിന്ന് 5,168 യൂണിറ്റായി കുറഞ്ഞു. വാണിജ്യ വാഹന ആവശ്യകത വർദ്ധിച്ചത് കമ്പനിയെ അതിന്റെ ഇന്ത്യൻ ബിസിനസ്സിൽ ഒരു തിരിച്ചുവരവ് രേഖപ്പെടുത്താൻ സഹായിച്ചു. ടിയാഗോ ഇവിക്കായി 20,000 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഡെലിവറികൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. 8.49 ലക്ഷം രൂപയിലാണ് ടിയാഗോ ഇവിയുടെ എക്സ്-ഷോറൂം വില.

അടുത്തിടെ സമാപിച്ച ഓട്ടോ എക്സ്പോയിൽ ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ചു, ഹാരിയർ ഇവിയും സിയറ ഇവിയും ഷോയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9 മില്യൺ പൗണ്ടിന്റെ നഷ്ടത്തിൽ നിന്ന് ഡിസംബർ പാദത്തിൽ 265 മില്യൺ പൗണ്ടായി ലാഭം കൈവരിച്ച ടാറ്റ മോട്ടോഴ്സിന്റെ യുകെ സബ്സിഡിയറി ജാഗ്വാർ ലാൻഡ് റോവറും (Jaguar Land Rover) കമ്പനിക്ക് നേട്ടമുണ്ടാക്കി. ''ഈ പാദത്തിൽ ചിപ്പ് ക്ഷാമം കുറയുകയും നിർമാണവും മൊത്തവ്യാപാരവും വർദ്ധിക്കുകയും ചെയ്തതോടെ JLR ലാഭത്തിലേക്ക് തിരിച്ചെത്തി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഡിമാൻഡ് ഉയർന്ന് നിൽക്കുന്ന് ശുഭാപ്തിവിശ്വാസം നൽകുന്ന കാര്യമാണെന്ന് ടാറ്റ മോട്ടോഴ്സ് പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.