Sections

കേരളത്തിലെ നിക്ഷേപകർക്കു കൂടുതൽ താൽപര്യം ഓഹരി അധിഷ്ഠിത പദ്ധതികളെന്ന് ടാറ്റാ അസറ്റ് മാനേജ്‌മെൻറ്

Tuesday, Sep 26, 2023
Reported By Admin
TATA Asset Management

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ 2023 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടാറ്റാ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 76 ശതമാനവും ഓഹരി പദ്ധതികളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്

കൊച്ചി: അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികളിലേക്ക് 2023 ആഗസ്റ്റിൽ 20,245.26 കോടി രൂപയാണ് എത്തിയത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പദ്ധതികൾക്കുള്ളിൽ തന്നെ സ്മോൾ-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി. സെക്ടറൽ-തീമാറ്റിക് ഫണ്ടുകളിലേക്ക് 4,805.81 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. മൾട്ടി-ക്യാപ് വിഭാഗത്തിൽ 3,422.14 കോടി രൂപയുമെത്തി. മൊത്തത്തിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 46.63 ലക്ഷം കോടി രൂപയുടേതാണ്. ക്ലോസ് എൻഡഡ് പദ്ധതികൾ അടക്കമാണിതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വളർച്ചയുടെ പ്രവണത വിലയിരുത്തുമ്പോൾ ഏതാനും സംസ്ഥാനങ്ങൾ ഓഹരി ഇതര പദ്ധതികളെ അപേക്ഷിച്ച് ഓഹരി വിഭാഗം മ്യൂച്വൽ ഫണ്ട് പദ്ധതികളിലാണ് കൂടുതൽ താൽപര്യം കാട്ടുന്നത്. ഇക്കാര്യത്തിൽ കേരളം ഒരു ഉദാഹരണമാണ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഓഗസ്റ്റിലെ സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിലെ നിക്ഷേപകരിൽ 69 ശതമാനം ഓഹരി അധിഷ്ഠിത പദ്ധതികളിൽ പണം നിക്ഷേപിച്ചപ്പോൾ ഡെറ്റ്, ലിക്വിഡ് പദ്ധതികളിൽ 20 ശതമാനം പേരാണ് പണം പാർക്കു ചെയ്തത്. ഒൻപതു ശതമാനം പേർ ബാലൻസ്ഡ് പദ്ധതികളിലും നിക്ഷേപിച്ചു. കേരളത്തിലെ നിക്ഷേപകർ 56,050.36 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്നത്.

ടാറ്റാ മ്യൂച്വൽ ഫണ്ടിനും കേരളത്തിൽ സമാന പ്രവണതയാണു ദർശിക്കാനായത്. ടാറ്റാ മ്യൂച്വൽ ഫണ്ടിനെ സംബന്ധിച്ച് 76 ശതമാനം ആസ്തികളും ഓഹരി പദ്ധതികളിൽ നിന്നാണ്. 15 ശതമാനം ഡെറ്റ്, ലിക്വിഡ് പദ്ധതികളിൽ നിന്നും ഒൻപതു ശതമാനം ബാലൻസ്ഡ് പദ്ധതികളിൽ നിന്നുമാണെന്ന് ഓഗസ്റ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇക്വിറ്റി വിഭാഗത്തിനുള്ളിൽ തന്നെ വിവര സാങ്കേതികവിദ്യാ മേഖലയിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയായ ടാറ്റാ ഡിജിറ്റൽ ഇന്ത്യ ഫണ്ട്, ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്കെയർ മേഖലകളിൽ നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഇക്വിററി പദ്ധതിയായ ടാറ്റാ ഇന്ത്യ ഫാർമ ആൻറ് ഹെൽത്ത്കെയർ ഫണ്ട് എന്നിവ പോലുള്ള സെക്ടറൽ ഫണ്ടുകളിലാണ് നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചത്. ഇരു പദ്ധതികളും സെക്ടറൽ ഫണ്ടുകളുടെ വിഭാഗത്തിൽ പെടുന്നതിനാൽ അവ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിനു കീഴിലാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഫോക്കസ്ഡ് ഫണ്ടുകൾ ഒരു വിഭാഗമെന്ന നിലയിൽ നിക്ഷേപ താൽപര്യം ആകർഷിക്കുന്നതായും കാണാനാവുന്നുണ്ട്.

നിക്ഷേപ പ്രക്രിയയിലും അച്ചടക്കത്തോടെ നിക്ഷേപത്തെ സമീപിക്കുന്നതിലുമാണ് ടാറ്റാ അസറ്റ് മാനേജുമെൻറിൽ തങ്ങൾ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ടാറ്റാ അസറ്റ് മാനേജ്മെൻറ് ഫണ്ട് മാനേജർ മീത ഷെട്ടി പറഞ്ഞു. സെക്ടറൽ പദ്ധതികളും ഫോക്കസ്ഡ് പദ്ധതികളും അടക്കമുള്ള തങ്ങളുടെ മ്യൂച്വൽ ഫണ്ട് പദ്ധതികളിലെല്ലാം നിക്ഷേപത്തിനായി ന്യായമായ വിലയിൽ വളർച്ച എന്ന സമീപനമാണു തങ്ങൾ സ്വീകരിക്കുന്നത്. ഉന്നത നിലവാരമുള്ള ഓഹരികളിൽ നിക്ഷേപിക്കാനും അതേ സമയം ഗുണമേൻമയുള്ള ഓഹരികൾ ന്യായമായ വിലയിൽ വാങ്ങുന്നു എന്ന് ഉറപ്പാക്കാനും ഈ സമീപനം സഹായകമാകുന്നു. വിപുലമായ വിപണിയിൽ ഇപ്പോൾ ശക്തമായ വളർച്ചയും റീ-റേറ്റിംഗും കാണാൻ കഴിയുന്ന ധാരാളം അവസരങ്ങളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവ ടാറ്റാ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിലൂടെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഫോക്കസ്ഡ് ഫണ്ട് 30 ഓഹരികളുടെ ഒരു ലിമിറ്റഡ് സ്റ്റോക്ക് പോർട്ട്ഫോളിയോ ആയതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇത് പ്രകടനം മെച്ചപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു. ടോപ് ഡൗൺ, ബോട്ടം-അപ് സമീപനങ്ങളിലൂടെ തങ്ങൾ ഇവ ആസൂത്രണം ചെയ്യുകയുമാണ്. ഐടി, ഫാർമ മേഖലകളും തിരുത്തലുകളിലൂടെ കടന്നു പോയിരുന്നു. ഐടി മേഖലയിലെ വളർച്ച ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞതിനടുത്താണ്. സമീപ, മധ്യ കാലങ്ങളിൽ ഇതു തിരിച്ചു വരുമെന്നു തങ്ങൾ പ്രതീക്ഷിക്കുന്നു. ഫാർമ മേഖലയെ സംബന്ധിച്ച് 2015 നു ശേഷമുള്ള ദീർഘമായ വെല്ലുവിളികളുടെ ഘട്ടത്തിനു ശേഷം ചെറിയ പുതുക്കൽ ദൃശ്യമായിട്ടുണ്ട്. ഇരു മേഖലകളും അവയുടെ ദീർഘകാല ശരാശരിക്ക് അടുത്തായാണ് ട്രേഡു ചെയ്യുന്നതെന്നാണ് തങ്ങളുടെ നിരീക്ഷണമെന്നും അവർ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.