Sections

2016-ലെ നോട്ട് നിരോധനം പരിശോധിക്കും, സുപ്രീം കോടതി

Friday, Oct 14, 2022
Reported By MANU KILIMANOOR

കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

2016-ലെ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തു.ജസ്റ്റിസ് എസ്.എ. നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടുന്നതിലെ ലക്ഷ്മണ രേഖയെക്കുറിച്ച് അറിയാമെന്നും എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.

നോട്ട് നിരോധിച്ച് ആറു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നതില്‍ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണിയും വാദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.ചിദംബരവും വാദിച്ചു. ഇത്തരത്തിലുള്ള നോട്ട് നിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നും മുന്‍ ധനമന്ത്രികൂടിയായ അദ്ദേഹം വാദിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.