Sections

സ്വതന്ത്ര ജീവിതം സ്ത്രീകളുടെ അവകാശം -  'സ്‌കോർച്ച്ഡ് എർത്ത്, അൺബ്രോക്കൺ ഫ്‌ലൈറ്റ്‌സുമായി ദേവപ്രിയയും ശൈലജയും

Thursday, Jan 22, 2026
Reported By Admin
Students Biennale Artwork Highlights Life in Bihar and Jharkhand

കൊച്ചി: ബീഹാറിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജാർഖണ്ഡിലെ കൽക്കരി ഖനി ജീവിതങ്ങളിൽ നിന്നുമാണ് സ്റ്റുഡന്റ്സ് ബിനാലെ കലാകാരികളായ ദേവപ്രിയ സിംഗും ശൈലജ കേഡിയയും തങ്ങളുടെ 'സ്കോർച്ച്ഡ് എർത്ത്, അൺബ്രോക്കൺ ഫ്ലൈറ്റ്സ്' എന്ന കലാസൃഷ്ടി രൂപപ്പെടുത്തിയത്. ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിലാണ് ഈ കലാസൃഷ്ടി പ്രദർശിപ്പിച്ചിട്ടുള്ളത്.

ഖനികളിലെ ജീവിതവും സ്ത്രീകൾ ജീവിതത്തിൽ അനുഭവിക്കുന്ന പരിമിതമായ സ്വാതന്ത്ര്യത്തെയും കുറിച്ചാണ് ഈ പ്രദർശനം സംവദിക്കുന്നതെന്ന് സ്റ്റുഡന്റ്സ് ബിനാലെയിൽ മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളുടെ ചുമതല വഹിക്കുന്ന ക്യൂറേറ്റർമാരായ സെക്കുലർ ആർട്ട് കളക്ടീവ് (ഭൂഷൺ ബോംബാലെ, സാലിക് അൻസാരി, ഷമീം ഖാൻ, ഷമൂദ അമ്രേലിയ) വ്യക്തമാക്കി. ശൈലജ കേഡിയയുടെയും ദേവപ്രിയയുടെയും സൃഷ്ടികൾ അവർ ജീവിക്കുന്ന ചുറ്റുപാടുകളുടെ നേർക്കാഴ്ചയാണ്. ജാർഖണ്ഡിലെ ഖനന മേഖലയിലെ ചൂഷണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലുള്ള പരിസ്ഥിതി, മുതലാളിത്തം, മണ്ണ്, ഉപജീവനം, എന്നിവയുടെ സങ്കീർണതകൾക്ക് സാക്ഷ്യം വഹിക്കുന്നു. സങ്കീർണ്ണമായ രചനകളിലൂടെ, ജീവിതാഭിലാഷങ്ങളിൽ ബിഹാറിലെ യുവതികൾ നേരിടുന്ന അസമത്വത്തെയാണ് ദേവപ്രിയ അഭിസംബോധന ചെയ്യുന്നത്. ചരിത്രങ്ങൾക്കപ്പുറം പ്രസക്തിയുള്ള ഇവരുടെ കലാപ്രവർത്തനങ്ങൾ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കാണ് മിഴി തുറക്കുന്നതെന്നും ക്യൂറേറ്റർമാർ പറഞ്ഞു.

ജാർഖണ്ഡിലെ കൽക്കരി ഖനികൾ രൂപപ്പെടുത്തിയ തീക്ഷ്ണമായ ജീവിതങ്ങളെയാണ് ശൈലജ കെഡിയയുടെ കരി കൊണ്ടെഴുതിയ ചിത്രം പ്രതിനിധാനം ചെയ്യുന്നത്. മലിനമായ വായു ശ്വസിക്കാനും പുകയ്ക്കും ഇരുട്ടിനും കീഴിൽ കഴിയാനും മനുഷ്യർ നിർബന്ധിതരാകുന്ന അവസ്ഥ ഇതിൽ പ്രതിഫലിക്കുന്നു. കനത്ത ഭാരങ്ങൾ ചുമക്കുന്നവരും ചൂഷണവും പരിസ്ഥിതി നാശവും മൂലമുണ്ടാകുന്ന ദുരിതങ്ങൾ അനുഭവിക്കുന്നവരുമായ നിശബ്ദ തൊഴിലാളികളായ മനുഷ്യരെയും മൃഗങ്ങളെയും ചിത്രത്തിലെ കഴുതകൾ പ്രതീകവത്കരിക്കുന്നു.

തുണിയിൽ പതിപ്പിച്ച മൂന്ന് ചിത്രങ്ങൾ അടങ്ങുന്ന ദേവപ്രിയയുടെ സൃഷ്ടി, വീട്ടിലെ സ്ത്രീകളുടെ ഉത്തരവാദിത്തങ്ങളും അവരുടെ ആഗ്രഹങ്ങളും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തെയാണ് ചിത്രീകരിക്കുന്നത്. മൺനിറങ്ങളും സ്വാഭാവികമായ തുണികളും ഉപയോഗിച്ചാണ് കലാരൂപം തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകളുടെ സ്വപ്നങ്ങൾ എങ്ങനെയാണ് അവഗണിക്കപ്പെടുന്നതെന്നും മാറ്റിവെക്കപ്പെടുന്നതെന്നും ഇത് വ്യക്തമാക്കുന്നു. കൂടാതെ, സമൂഹത്തിന്റെ പരമ്പരാഗതമായ ചിന്താഗതികളെ സൂചിപ്പിക്കുന്ന ചിറകുകളുള്ള ഒരു പുരുഷരൂപവും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.

താൻ വളർന്നുവന്ന സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും അനുവാദം വേണമെന്ന് ദേവപ്രിയ പറയുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും എപ്പോൾ തിരികെ വരുമെന്നും വ്യക്തമാക്കാതെ വീടിന്റെ പടി കടക്കാൻ പോലും പലർക്കും അനുവാദമില്ല. തന്റെ ഗ്രാമത്തിലെ സ്ത്രീകളുമായി നടത്തിയ നിരന്തരമായ സംഭാഷണങ്ങളിലൂടെയാണ് വീർപ്പുമുട്ടലുകളെക്കുറിച്ചും സ്വതന്ത്രമാകാനുള്ള ആഗ്രഹത്തെക്കുറിച്ചും ദേവപ്രിയ കൂടുതൽ മനസ്സിലാക്കിയത്.

താൻ ഇപ്പോൾ നയിക്കുന്ന സ്വതന്ത്രമായ ജീവിതം മറ്റ് പല സ്ത്രീകളുടെയും അവകാശമാണെന്ന് ദേവപ്രിയ തിരിച്ചറിയുന്നു. ജോലി ചെയ്യാൻ അനുവാദം ലഭിച്ചാലും പലപ്പോഴും ഉത്തരവാദിത്തങ്ങൾ സ്ത്രീകളുടെ കാലുകളെ ബന്ധിക്കുകയാണ്. വീട്ടുജോലികളും ഔദ്യോഗിക ജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന രീതിയെയും ഈ സൃഷ്ടി പ്രതിഫലിപ്പിക്കുന്നു.

ഒരു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ദേവപ്രിയ ഈ സൃഷ്ടി പൂർത്തിയാക്കിയത്.

പ്രദർശനം കാണാനെത്തുന്നവരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ സൃഷ്ടിക്ക് ലഭിക്കുന്നത്. പലരും ഈ കഥ തങ്ങളുടേതാണെന്ന് തിരിച്ചറിയുന്നു.

കൊച്ചി-മുസിരിസ് ബിനാലെക്കൊപ്പം നടക്കുന്ന സ്റ്റുഡന്റ്സ് ബിനാലെ വലിയൊരു പഠനാനുഭവമാണെന്ന് ദേവപ്രിയ കരുതുന്നു. ലോകോത്തര കലകളെ പരിചയപ്പെടാനും പുതിയ ആളുകളെ കണ്ടുമുട്ടാനും കൊച്ചി തനിക്ക് വലിയ അവസരമാണ് നൽകിയത്. ഒരു കലാകാരി എന്ന നിലയിൽ വളരാൻ കൊച്ചി തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.