Sections

സ്വയം തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സബ്‌സിഡിയോടെ വായ്പ...അറിയേണ്ടതെല്ലാം

Monday, Aug 23, 2021
Reported By Aswathi Nurichan
loan for women

സബ്‌സിഡിയോടെ അഞ്ചു ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. വിവിധ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ തുക പ്രയോജനപ്പെടുത്താം


ഇന്നത്തെ കാലത്ത് എല്ലാവരും സ്വന്തം കാലില്‍ നില്‍ക്കാന്‍ അല്ലെങ്കില്‍ സ്വന്തമായി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ സ്വയം തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്  പണമില്ലാത്തതിനാല്‍ ആ ആഗ്രഹം മൂടിവയ്‌ക്കേണ്ടി വരാറുണ്ട്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായിതാ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പ്രത്യേക വായ്പാ പദ്ധതി.

ഒബിസി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കാണ് ധനസഹായം ലഭിക്കുക. സബ്‌സിഡിയോടെ അഞ്ചു ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. വിവിധ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ തുക പ്രയോജനപ്പെടുത്താം. മത്സ്യ കൃഷി, പച്ചക്കറി കൃഷി, തുടങ്ങി കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. 

10 സെന്റില്‍ കുറയാത്ത ഭൂമിയുള്ളവരുടെ ആള്‍ ജാമ്യം, ഉദ്യോഗസ്ഥ ജാമ്യം എന്നിവ വായ്പക്ക് ആവശ്യമാണ്. പദ്ധതി ചെലവ്, കൈവശമുള്ള തുക, ആവശ്യമായ വായ്പാ തുക എന്നിവ വ്യക്തമാക്കി നിര്‍ദ്ധിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം.  പ്രോജക്ട് സംബന്ധിച്ച ഒരു ലഘു വിവരണവും അപേക്ഷയില്‍ തന്നെ നല്‍കണം. അപേക്ഷാ ഫോം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പച്ചക്കറി കൃഷി, മത്സ്യ കൃഷി, സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, എന്നിവക്കെല്ലാം തുക വിനിയോഗിക്കാം. തയ്യല്‍ക്കട തുടങ്ങാനും മെഴുകുതിരി നിര്‍മാണം, പപ്പട നിര്‍മാണം, കരകൗശല വസ്തു നിര്‍മാണം, ബുക്ക് ബൈന്‍ഡിങ്, കച്ചവടം തുടങ്ങിയവക്കും വായ്പാ തുക വിനിയോഗിക്കാം. വായ്പാ തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷമാണ്.

സമയ ബന്ധിതമായി തുക തിരിച്ചടച്ചാല്‍ പരമാവധി 25,000 രൂപ സബ്‌സിഡി ലഭിക്കും. 25 വയസു മുതല്‍ 55 വയസു വരെ പ്രായ പരിധിയില്‍ ഉള്ള വനിതകള്‍ക്ക് വായ്പക്കായി അപേക്ഷിക്കാം. കുടിശ്ശിക മുടക്കുന്നവര്‍ക്ക് പിഴപലിശ ഉണ്ടായിരിക്കും. ആറ് ശതമാനമാണ് പിഴ പലിശ ഈടാക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.