- Trending Now:
സ്പ്രിങ്കളര്‍ സ്ഥാപകന്‍ ശതകോടീശ്വര പട്ടികയില്‍
ഓഹരി വിലയിലുണ്ടായ വന്‍ കുതിപ്പിനെ തുടര്‍ന്ന് സ്പ്രിങ്കലര്‍ സ്ഥാപകനും മലയാളിയുമായ രാഗി തോമസ് ശതകോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് എത്തി. ആഗോളതലത്തില്‍ തന്നെ പ്രധാനപ്പെട്ട ഓഹരി വിപണിയായ ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഓഹരികള്‍ വലിയ കുതിപ്പ് പ്രകടമാക്കുകയായിരുന്നു.
രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയര്‍ന്ന് 19.64 ഡോളറായതോടെ രാഗി തോമസിന്റെ ആസ്തി മൂല്യം 104 കോടി ഡോളറിലേക്ക് എത്തുകയായിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഇത് 7,700 കോടി രൂപയാണ്. രാഗ തോമസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ സോഫ്‌റ്റ്വേര്‍ ആസ് എ സര്‍വീസ്' (സാസ്) കമ്പനിയായ സ്പ്രിങ്ക്‌ളര്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ ഡാറ്റ വിശകലന മേഖലയില്‍ ആഗോള ശ്രദ്ധ നേടുകയായിരുന്നു.
കോവിഡ് 19-മായി ബന്ധപ്പെട്ട ഡാറ്റാ വിശകലനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പ്രിങ്ക്‌ലറിന്റെ സഹായം തേടിയിരുന്നു. സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കിയത് എങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഇതിനെതിരേ ഉയര്‍ന്നിരുന്നു. വന്‍ തോതില്‍ ഡാറ്റ കൈക്കലാക്കാന്‍ സ്പ്രിങ്കലറിന് അവസരമൊരുക്കിയെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും പ്രതിപക്ഷം വാദിച്ചു. ഒടുവില്‍ ആദ്യത്തെ ധാരണാപത്രത്തിന്റെ കാലാവധിയായ 6 മാസം കഴിഞ്ഞതോടെ സ്പ്രിങ്ക്‌ളറിന്റെ സേവനം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരിയെത്തിക്കുക എന്നത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും തങ്ങളുടെ പ്രവര്‍ത്തന മേഖലയായ കസ്റ്റമര്‍ സര്‍വീസ് എക്‌സ്പീരിയന്‍സിന് വലിയ വളര്‍ച്ചാ സാധ്യത കാണുന്നുവെന്നും രാഗി തോമസ് പറയുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള ആഗോള സംവിധാനങ്ങളും മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ബഹുരാഷ്ട്ര കമ്പനികളും സ്പ്രിങ്ക്‌ലറിന്റെ ഡാറ്റാ വിശകലന വൈദഗ്ധ്യത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
2009ലാണ് രാജി തോമസ് സ്പ്രിങ്ക്‌ളറിന് തുടക്കമിട്ടത്. പോണ്ടിച്ചേരിയില്‍ നിന്ന് ബി ടെക് പൂര്‍ത്തിയാക്കിയ ഇദ്ദേഹം നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ന്യൂജഴ്‌സിയിലാണ് ഇപ്പോള്‍ സ്ഥിരതാമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.