Sections

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമസേനക്ക് യൂസർഫീ നൽകേണ്ടേ?

Monday, Jan 09, 2023
Reported By admin
kerala

വീടുകളിൽനിന്നും കടകളിൽനിന്നും മാസം തോറും നൽകുന്ന തുകയാണ് വരുമാനം


വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ.

വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് യൂസർ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ആ വിവരാവകാശരേഖയിൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന് പറയുന്നില്ല. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക ഉത്തരവ് നിലവിലില്ലെന്നാണ് പറയുന്നുത്. എന്നാൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം 8(3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ നിശ്ചിച്ച് നടപ്പാക്കുന്ന യൂസർഫീ നല്കാൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ബാധ്യതയുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും, യൂസർ ഫീ നൽകാത്തവർക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും പതിനായിരം രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്കരണത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസർ ഫീ ഈടാക്കി ഹരിത കർമ്മസേനകൾ പ്രവർത്തിക്കുന്നത്. കൃത്യമായി ഇടവേളകളിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുകയാണ്ചുമതല.

പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിച്ചു വയ്ക്കുന്നതിനും സേനയ്ക്ക് കൈമാറുന്നതിനും ആളുകൾ തയ്യാറാകാത്തത് പല സ്ഥലങ്ങളിലും മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്ന വീടുകളിൽനിന്നും കടകളിൽനിന്നും യൂസർ ഫീ ഇനത്തിൽ മാസം തോറും നൽകുന്ന തുകയാണ് വരുമാനം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സേന പ്രവർത്തിക്കുന്നുണ്ടെങ്കിലും കൃത്യമായി യൂസർ ഫീ നൽകാത്തത് പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നു.

യൂസർ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാൻ വിവിധ കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ കയറി വ്യാജ വാർത്തകളുടെ വിശദാംശങ്ങൾ വീട്ടുകാർക്ക് വിശദമാക്കിയാണ് ബോധവത്കരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.