Sections

എയർ ഇന്ത്യ എക്സ്പ്രസിൻറെ പുതിയ കലംകാരി വിമാനത്തിൻറെ പശ്ചാത്തലത്തിൽ ശിവമണിയുടെ കലാപ്രകടനം

Sunday, Jan 21, 2024
Reported By Admin
Sivamani Performance Air India

  • ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിംഗ്സ് ഇന്ത്യയിൽ എയർ ഇന്ത്യ എക്സ്പ്രസിന് 'സസ്റ്റൈനബിലിറ്റി ചാമ്പ്യൻ' പുരസ്കാരം.
  • മേളയുടെ ഭാഗമായി ഫ്ലൈയിംഗ് ഡിസ്പ്ലെ അവതരിപ്പിച്ച ഏക കൊമേഴ്സ്യൽ എയർലൈനും എയർഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ മേളയായ വിങ്സ് ഇന്ത്യയിൽ പ്രശസ്ത താളവാദ്യകാരനും പത്മശ്രീ അവാർഡ് ജേതാവുമായ ശിവമണിയുടെ കലാപ്രകടനം സംഘടിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തും വിദേശത്തുമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്ന 45 ഡസ്റ്റിനേഷനുകളിൽ നിന്ന് കൊണ്ടുവന്ന 45 താളവാദ്യങ്ങളിൽ ശിവമണി നാദവിസ്മയം തീർത്തപ്പോൾ ഹൈദരാബാദിലെ വിങ്സ് ഇന്ത്യ എയർ ഷോ ഒരു കലാവേദിയായി മാറി.

കലംകാരി ടെയിൽ ആർട്ടോടു കൂടിയ എയർ ഇന്ത്യ എക്സ്പ്രസിൻറെ പുതിയ ബോയിംഗ് 737-8 വിമാനത്തിൽ നിന്ന് സൂട്ട്കേസിൽ താളം പിടിച്ചുകൊണ്ട് ഇറങ്ങിവന്ന ശിവമണി ആദ്യം ഡ്രമ്മിലേക്കും പിന്നീട് ചെണ്ട, തിമില, ഇടയ്ക്ക തുടങ്ങിയ കേരളീയ താളവാദ്യങ്ങളിലേക്കും കൊട്ടിക്കയറി. വിവിധ ഇന്ത്യൻ താളവാദ്യങ്ങളും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ദർബുക്കയും മിർവാസും സിംഗപ്പൂരിൽ നിന്നുള്ള ഗോങ്ങും മുതൽ വിമാനത്തിൻറെ സ്റ്റെപ് ലാഡറിൻറെ കൈപിടിയിൽ വരെ ശിവമണി താളം മുഴക്കിയപ്പോൾ എയർ ഷോ കാണാനെത്തിയ പതിനായിരങ്ങൾക്ക് അത് നവ്യാനുഭവമായി.

എയർലൈൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കലംകാരി ടെയിൽ ആർട്ടോടു കൂടിയ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനം പ്രദർശിപ്പിച്ചിരിക്കുന്ന ടാർമാകിലാണ് ശിവമണിയുടെ പ്രകടനം അരങ്ങേറിയത്. എയർ ഇന്ത്യ എക്സ്പ്രസിൻറെ പുതിയ ബ്രാൻഡ് മ്യൂസിക്കിന് താളവാദ്യത്തിൽ ശിവമണി നൽകിയ അകമ്പടി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

വിംഗ്സ് ഇന്ത്യ 2024-ൽ ഫ്ലൈയിംഗ് ഡിസ്പ്ലേയുടെ ഭാഗമായ ഏക കൊമേഴ്സ്യൽ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ ബോയിംഗ് 737-8 വിമാനം ഉപയോഗിച്ച് ഷോർട്ട്-ഫീൽഡ് ടേക്ക് ഓഫ്-ലാൻഡിംഗ്, ടച്ച് 'എൻ ഗോ, ലോ-ലെവൽ റൺസ്, ക്ലൈംബിംഗ് ടേൺസ് എന്നിവയുൾപ്പെടെയുള്ള പ്രകടനങ്ങൾ പൊതുജനങ്ങൾക്കും വ്യോമയാന പ്രേമികൾക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൻറെ വിദഗ്ദ്ധരായ പൈലറ്റുമാർ പ്രദർശിപ്പിച്ചു. ഈ പ്രകടനങ്ങൾ ബോയിംഗ് 737-8 വിമാനത്തിൻറെയും എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരുടെയും പ്രവർത്തന ശേഷിയും വൈദഗ്ധ്യവും പ്രകടമാക്കി.

2023 ഒക്ടോബറിൽ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡൻറിറ്റി അവതരിപ്പിച്ചതു മുതൽ, ഇന്ത്യയിലെയും ഞങ്ങൾ പറക്കുന്ന അന്താരാഷ്ട്ര കേന്ദ്രങ്ങളിലെയും കലാപരമായ കഴിവുകളെയും വൈവിധ്യങ്ങളെയും ആഘോഷിക്കുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസിൻറെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സിദ്ധാർത്ഥ ബുട്ടാലിയ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.