Sections

ഷീ ടെക്: മൊബൈൽ റിപ്പയറിംഗ്, സർവീസിംഗ് രംഗത്തെ സ്ത്രീ സംരംഭം

Tuesday, Aug 01, 2023
Reported By Admin
She Tech

കണ്ണൂർ: മൊബൈൽ ഫോൺ റിപ്പയറിംഗ്, സർവീസിംഗ് മേഖലയിൽ കഴിവ് തെളിയിക്കുകയാണ് മയ്യിൽ ടൗണിൽ ആരംഭിച്ച ഷീടെക്ക് സ്ഥാപനത്തിലൂടെ അഞ്ച് വനിതകൾ. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ യുവതികൾക്കായി നടപ്പാക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലനമാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ മുല്ലക്കൊടിയിലെ വി രമ്യ, പി വി ഷിജിന, എ പി ജസീറ, കെ റീത്ത, മയ്യിലിലെ എം കെ ഷൈജ എന്നിവർക്ക് ഈ സംരംഭം തുടങ്ങാൻ പ്രേരണയായത്.

കഴിഞ്ഞ മാർച്ചിലാണ് യുവതികൾക്ക് പുതിയ സംരംഭമേഖലകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ റിപ്പയറിങ് പരിശീലനം നൽകിയത്. ഒരു മാസത്തെ പരിശീലനത്തിൽ പഞ്ചായത്ത് പരിധിയിലുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 18 യുവതികൾ പരിശീലനം നേടി. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള തൊഴിൽരഹിതരായ സ്ത്രീകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്. ദേശീയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ, ഹാർഡ് വെയർ, ചിപ്പ് ലെവൽ എന്നിവയിൽ പരിശീലനം നൽകി. സ്മാർട്ട് ഫോണുകൾ, ടാബുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയുടെ കേടുപാടുകളും ഇവർ പരിഹരിക്കും. പരിശീലനം അവസാനിക്കുമ്പോൾ തന്നെ റിപ്പയറിങ് ഉപകരണങ്ങൾ വാങ്ങി സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഇവരെ കൂടാതെ പരിശീലനം ലഭിച്ച സംഘത്തിലെ ബിന്ദു, ജിജി, ജിബിഷ, നിത്യ എന്നിവർ തായംപൊയിൽ കേന്ദ്രീകരിച്ചും റിപ്പയറിംഗ് നടത്തുന്നുണ്ട്.

പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ലഭിച്ച പൂർണ പിന്തുണയാണ് ആത്മവിശ്വാസത്തോടെ ഈ തൊഴിൽ സംരംഭം തുടങ്ങാൻ ഇടയാക്കിയതെന്നും സ്ത്രീകൾ ഇത്തരം മേഖലകളിലേക്ക് വരുന്നതിൽ നാട്ടുകാരും നല്ല പ്രോത്സാഹനമാണ് നൽകുന്നതെന്നും ഇവർ പറയുന്നു. വിവിധ തരം മൊബൈൽ ഫോണുകൾ അടക്കം വില്പന നടത്തി സംരംഭം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. ബിസ്മില്ല കോംപ്ലക്സിലെ ഒന്നാം നിലയിലെ ഷോപ്പിൽ മൊബൈൽ റിപ്പയറിങ്, സർവീസിങ്, മൊബൈൽ റീചാർജിങ് എന്നിവയ്ക്ക് പുറമെ മൊബൈൽ അനുബന്ധ വസ്തുക്കളും വില്പനക്കുണ്ട്. സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപയോളമാണ് ഇവർക്ക് ചെലവായത്. ഇതിൽ റിപ്പയറിങ് സാമഗ്രികൾക്കായി പതിനായിരം രൂപ ചെലവായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.