Sections

ചേതക് സ്‌ക്രീൻ അവാർഡിനുള്ള 24 നോമിനേഷനുകളുമായി ദുരന്ധർ മുന്നിൽ

Wednesday, Mar 25, 2026
Reported By Admin
Screen Awards 2026 Nominations Announced: Durandhar Leads with 24 Nods

കൊച്ചി: ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻറെ 'സ്ക്രീൻ അക്കാദമി' ചേതക് സ്ക്രീൻ അവാർഡ്സ് ചടങ്ങിനായുള്ള നാമനിർദ്ദേശങ്ങളുടെ സമ്പൂർണ്ണ പട്ടിക പുറത്തുവിട്ടു. 31 വിഭാഗങ്ങളിലായി നടക്കുന്ന ഈ പുരസ്കാരങ്ങൾ ഏപ്രിൽ അഞ്ചിന് പ്രഖ്യാപിക്കും. 2025-ലെ മികച്ച ഹിന്ദി സിനിമകളെയും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രകടനങ്ങളെയുമാണ് ഈ അവാർഡിലൂടെ ആദരിക്കുന്നത്.

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ദുരന്ധർ ആണ് ഇത്തവണത്തെ ചേതക് സ്ക്രീൻ അവാർഡ്സ് നാമനിർദ്ദേശങ്ങളിൽ ഏറ്റവും മുന്നിൽ. റെക്കോർഡ് നേട്ടമായ 24 നാമനിർദ്ദേശങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മോഹിത് സൂരിയുടെ 'സയ്യാറ' 17 നാമനിർദ്ദേശങ്ങളുമായി രണ്ടാം സ്ഥാനത്തും നീരജ് ഘേവാൻറെ 'ഹോംബൗണ്ട്' 15 നാമനിർദ്ദേശങ്ങളുമായി മൂന്നാമതുമുണ്ട്. തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളും ഒടിടി റിലീസുകളും ഒരുപോലെ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യൻ സിനിമ ലോകത്തെ കഥപറച്ചിലിലെ വൈവിധ്യവും പുരോഗതിയും എടുത്തുകാണിക്കുന്നതാണ് ഈ വർഷത്തെ നാമനിർദ്ദേശങ്ങൾ.

1995ൽ തുടങ്ങിയ സ്ക്രീൻ അവാർഡ്സ് എഡിറ്റോറിയൽ സത്യസന്ധതയിലും സുതാര്യതയിലുമാണ് വിശ്വസിക്കുന്നത്. 50ലധികം പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, സാംസ്കാരിക നായകർ എന്നിവരടങ്ങുന്ന സ്വതന്ത്രവും ലാഭേച്ഛയില്ലാത്തതുമായ 'സ്ക്രീൻ അക്കാദമി' ആണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്. അക്കാദമിയിലെ 95 ശതമാനത്തിലധികം അംഗങ്ങളും ഇത്തവണത്തെ മൂല്യനിർണ്ണയ പ്രക്രിയയിൽ പങ്കാളികളായി. ഓരോ വിഭാഗത്തിലും ശരാശരി 38 മുതൽ 40 വരെ അംഗങ്ങൾ മാർക്കുകൾ രേഖപ്പെടുത്തി. പുരസ്കാര നിർണ്ണയത്തിൽ പൂർണ്ണമായ നിഷ്പക്ഷതയും നീതിയും ഉറപ്പാക്കുന്നതിനായി 'ട്രിംഡ് മീൻ' (ഒളിമ്പിക്) എന്ന പ്രത്യേക ശാസ്ത്രീയ രീതിയാണ് ഇത്തവണ സ്വീകരിച്ചത്.

അവാർഡ് നിർണ്ണയ പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിലെ സിനിമ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം ചെയർപേഴ്സൺ പ്രൊഫസർ പ്രിയ ജയകുമാർ അക്കാദമി അംഗങ്ങൾക്കായി വിശദമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ തയ്യാറാക്കി.

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ഒരു ചലച്ചിത്ര പുരസ്കാര ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻറെ 'ഡിജിറ്റൽ-ഫസ്റ്റ്' നയത്തിൻറെ ഭാഗമായി യുട്യൂബുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സ്ക്രീൻ അവാർഡ്സ് സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സോണി എൻറർടൈൻമെൻറ് ടെലിവിഷനിലും, സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലും ചടങ്ങുകൾ തത്സമയം കാണാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.