Sections

സ്റ്റാര്‍ബക്സ് സ്ഥാപകന്‍ ഹൊവാര്‍ഡ് ഷുള്‍സിന്റെ ജീവിത കഥ 

Wednesday, Aug 04, 2021
Reported By Admin

ലോകത്തിന് ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും രൂപമാണ് ഹൊവാര്‍ഡ് ഷുള്‍സ് ഇന്ന്

 

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി കമ്പനി ഏതായിരിക്കും.സ്റ്റാര്‍ബക്സിന്റെ പേര് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും. ദാരിദ്ര്യത്തിന്റെ കയ്പേറിയ ജീവിതത്തില്‍ നിന്ന് ഒരു രൂപപോലും നിക്കിയിരുപ്പ് ഇല്ലാതെ പട്ടിണിയില്‍ കുടുംബവുമായി കഴിയേണ്ടി വന്ന ഒരു മനുഷ്യന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഇരുട്ടില്‍ നിന്ന് വലിയ പ്രകാശമായി ജ്വലിച്ച കഥയാണിത്.


ജീവിതത്തില്‍ ഒരിക്കല്‍ പോലും തോറ്റു പോകരുതെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് മുന്നില്‍ കിട്ടുന്ന ഓരോ അവസരങ്ങളെയും മുതല്‍ക്കൂട്ടാക്കി.സ്റ്റാര്‍ബക്സിലൂടെ ജീവിത വിജയം കൈയെത്തിപിടിച്ച് ഹൊവാര്‍ഡ് ഷുള്‍സ്.


1953ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ജനിച്ച ഷുള്‍സിന് വളരെ ബുദ്ധിമുട്ടേറിയ ബാല്യമാണ് നേരിടേണ്ടി വന്നത്.ഒരു നേരത്തെ അന്നത്തിനു പോലും സാധിക്കാതെ വിശപ്പ് ഒതുക്കി ജീവിക്കേണ്ടി വന്ന ദിനങ്ങള്‍.പിതാവിന് ജീവിത്തതില്‍ സമ്പാദിക്കാനോ തൊഴില്‍ എടുക്കാനോ താല്‍പര്യമില്ലാതായതോട് കൂടിയാണ് ഹൊവാര്‍ഡ് ഷുള്‍സിന്റെ ജീവിതം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നത്. അതിജീവിക്കാനായി എന്ത് ചെയ്യണം എന്ന് ഒരു സൂചനയും ഇല്ലാതെ നിന്ന ഷുള്‍സിനെ അച്ഛന്റെ തുടര്‍ പരാജയങ്ങള്‍ തളര്‍ത്തിയിരുന്നു.

ആ പരാജയ ഭീതി മാത്രമാണ് ഷുള്‍സിനെ ജീവിത്തതില്‍ എപ്പോഴും തളര്‍ത്തുന്നതും. എങ്ങനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കിയ ഷുള്‍സ് നോര്‍ത്തേണ്‍ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ജോലി അന്വേഷിച്ച് ഇറങ്ങി. ഇതിനിടയില്‍ പിതാവ് മരണപ്പെട്ടു അതോടെ സഹോദരങ്ങള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ഷുള്‍സിന്റെ ചുമലിലായി. ഏത് ജോലിയും ചെയ്തെ പറ്റു എന്ന അവസ്ഥില്‍ പല കമ്പനികളിലും എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു.

ഒരു പാട് കാലത്തെ ഇത്തരം അലച്ചിലുകള്‍ക്ക് ഒടുവില്‍ അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്നൊരു കമ്പനിയുടെ സെയില്‍സ് റെപ്രസെന്ററേറ്റീവ് ആയി ജോലി ലഭിച്ചു.വിപണികളുടെ മാറ്റം കയറ്റിറക്കങ്ങളെ ഷുള്‍സ് സസൂക്ഷമം വീക്ഷിച്ചു തുടങ്ങുന്നത് ഈ കാലത്താണ്.1981ല്‍ സിയാറ്റലില്‍ ഉള്ള സ്റ്റാര്‍ബക്സ് എന്ന കമ്പനിയില്‍ ഡ്രിപ് കോഫി മേക്കറിന് ധാരാളം ഓര്‍ഡര്‍ ലഭിച്ചതും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.അതിന്റെ വിപണി സാധ്യതകളെ കുറിച്ച് പഠിക്കാനായി ഷുള്‍സ് സീയാറ്റിലിലേക്ക് പോയി. അവിടെ എത്തി എന്താണ് സ്റ്റാര്‍ബക്സ് എന്ന അന്വേഷണത്തില്‍ സുമാത്ര,കെനിയ,എത്യോപ്യ പോലുള്ള മേഖലകളില്‍ നിന്നെത്തിക്കുന്ന കാപ്പിക്കുരു കൊണ്ടുള്ള കാപ്പി പൊടി വില്‍ക്കുന്ന സ്റ്റോര്‍ ആണെന്ന് മനസിലാക്കി.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനായ ഷുള്‍സ് അവരുമായി ഒരു ബന്ധം സ്ഥാപിക്കുകയും ഒരു വര്‍ഷക്കാലം പുറമെ നിന്ന് നോക്കി പഠിക്കുകയും ചെയ്തു.ശേഷം സ്റ്റാര്‍ബക്സില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന കാര്യം കമ്പനിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു.


1984ല്‍ സ്റ്റാര്‍ബക്സിനു വേണ്ടി കോഫീ ബീനുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇറ്റലിയിലെ മിലാനില്‍ ചെന്ന ഷുള്‍സ് അവിടുത്തെ കോഫി ഷോഫുകളില്‍ ആളുകള്‍ കാപ്പി കുടിക്കുന്നതിനൊപ്പം കുറച്ചധികം സമയം സംസാരിച്ച് ചെലവിടുന്ന രീതി ശ്രദ്ധിച്ചു. ഇത്തരത്തില്‍ ആളുകള്‍ക്ക് ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കുന്ന 2 ലക്ഷത്തോളം കഫെകള്‍ രാജ്യത്ത് ഉണ്ടായിരുന്നത് ഷുള്‍സിനെ ആകര്‍ഷിച്ചു.

തീരികെ സീയാറ്റിലില്‍ എത്തിയ ഷുള്‍സ് സ്റ്റാര്‍ബക്സ് സ്ഥാപകരോട് എക്സ്പ്രസ്സോ കോഫിക്കൊപ്പം സംസാരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.കാപ്പിപ്പൊടി വില്‍ക്കുന്ന സ്ഥാപനം റെസ്റ്റോറന്റോ കഫെയോ ആക്കി മാറ്റാന്‍ സാധിക്കില്ലെന്ന് കമ്പനി തുറന്നു പറഞ്ഞു.ഈ തീരുമാനത്തില്‍ അസ്വസ്ഥതായ ഷുള്‍സ് 1985ല്‍ സ്റ്റാര്‍ബക്സിന്റെ പടികള്‍ ഇറങ്ങി.


സ്റ്റാര്‍ബക്സ് നല്‍കുന്ന ഗുണമേന്മയുള്ള ഇറ്റലിയില്‍ കണ്ടതുപോലുള്ള കഫേകള്‍ തന്നെയായിരുന്നു അപ്പോള്‍  അദ്ദേഹത്തിന്റെ മനസില്‍.ആളുകള്‍ക്ക് വന്നിരിക്കാനും സമയം ചെലവിടാനും ഒക്കെ കഴിയുന്ന രീതിയില്‍ കോഫിഷോപ്പ് ആരംഭിക്കാന്‍ 4 ലക്ഷം ഡോളര്‍ മൂലധനം ഷുള്‍സിന് ആവശ്യമായിരുന്നു. ഷുള്‍സിന്റെ ആശയത്തില്‍ താല്പര്യം ഉണ്ടായിരുന്ന സ്റ്റാര്‍ബക്കസ് സ്ഥാപകരില്‍  ചിലര്‍ ഷുള്‍സിനെ സഹായിക്കാനെത്തി. അങ്ങനെ ജെറി ബാള്‍ഡ്വിനും ഗോള്‍ഡന്‍ ബൗക്കറും  ഷുള്‍സിനു കഫെ തുടങ്ങുന്നതിന് ആവിശ്യമായ  പണം നല്‍കാന്‍ തയ്യാറായി.മറ്റു ചിലരില്‍ നിന്ന് 1 ലക്ഷം ഡോളര്‍ കൂടി സഹായം ലഭിച്ചതോടെ 1986ല്‍ ജിയോര്‍നേല്‍ എന്ന പേരില്‍ ഷുള്‍സ് തന്റെ ആദ്യ കോഫി ഷോപ്പ് ആരംഭിച്ചു.

പുതിയ ആശയത്തില്‍ കോഫിക്ക് ഒപ്പം ഐസ്‌ക്രീം കൂടി ഷുള്‍സ് അവതരിപ്പിച്ചു.കൂട്ടത്തില്‍ ഒപ്പേറ മ്യൂസിക് കൂടി ഉള്‍പ്പെടുത്തിയതോട് കൂടി ജിയോര്‍നേല്‍ വലിയ തരംഗമായി മാറി.2 വര്‍ഷം കൊണ്ട് ഷുള്‍സിന്റെ സ്ഥാപനം വളര്‍ന്നു. 1987ല്‍ സ്റ്റാര്‍ബക്സ് സ്ഥാപകര്‍ പീറ്റ്സ് കോഫി ആന്‍ഡ് ടീയുടെ വിപണിയില്‍ ശ്രദ്ധിച്ചതോടെ സ്റ്റാര്‍ബക്സിന്റെ റീട്ടെയ്ല്‍ യൂണിറ്റ് ഷുള്‍സിന് 3.8 മില്യണ്‍ ഡോളറിന് വിറ്റു.ഈ ഡീലിനു പിന്നാലെ അദ്ദേഹം ഇല്‍ ജിയോര്‍നേല്‍ എന്ന തന്റെ കോഫി ഷോപ്പിന്റെ പേര് സ്റ്റാര്‍ബക്സ് എന്നാക്കി മാറ്റി.

പേരെടുത്ത ഒരു ബ്രാന്‍ഡും ഷുള്‍സിന്‍രെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും കൂടി സ്റ്റാര്‍ബക്സ് കോഫി ഷോപ്പിനെ വിജയത്തിലാക്കി.അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സംരംഭം വ്യാപിച്ചു.ഇതിനൊപ്പെ റിയല്‍ എസ്റ്റേറ്റിലും ഷുള്‍സ് ഒരു കാല്‍വെയ്പ്പ് നടത്തി.വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.1987ല്‍ വെറും 11 സ്റ്റോറുകളും 100 ജീവനക്കാരും ഉണ്ടായിരുന്ന സ്റ്റാര്‍ ബക്സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ല്‍ കൂടുതല്‍ കോഫി ഷോപ്പുകളും 150,000 കൂടുതല്‍ ജീവനക്കാരുമുണ്ട്.ചൈനയില്‍ മാത്രം 800 സ്റ്റോറുകള്‍. കേവലം സ്റ്റാര്‍ബക്സിലെ വെറും ഒരു ജീവനക്കാര്‍ ആയിരുന്നു ഹൊവാര്‍ഡ് ഷുള്‍സ് ആ കമ്പനിയുടെ ഉടമയായി മാറിയ കഥ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

കാലക്രമേണ കോഫിയോ ഉത്പന്നങ്ങളോ വാങ്ങിയില്ലെങ്കിലും തങ്ങളുടെ കഫേകളില്‍ ആളുകള്‍ക്ക് വന്നിരിക്കാനുള്ള സേവനം സ്റ്റാര്‍ബക്സ് ഒരുക്കി നല്‍കി.പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയില്‍ ബാത്ത് റൂം തുറന്നു കൊടുത്തും അമേരിക്കയില്‍ സ്റ്റാര്‍ബക്സ് ജനപ്രിയമായി മാറി.2012ല്‍ ആണ് സ്റ്റാര്‍ബക്സ് ഇന്ത്യയില്‍ ആദ്യ കോഫ് ഷോപ്പ് തുറക്കുന്നത്.

ലോകത്തിന് ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും രൂപമാണ് ഹൊവാര്‍ഡ് ഷുള്‍സ് ഇന്ന്.പോര്‍ യുവര്‍ ഹാര്‍ട്ട് ഇന്റു ഇറ്റ് എന്ന ആത്മകഥയില്‍ ഷുള്‍സ് യുവ സംരംഭകര്‍ക്കുള്ള ധൈര്യം പകരുന്നുണ്ട്. തന്റെ എക്കാലത്തെയും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് ഷുള്‍സ് അടിവരയിട്ട് പറയുന്നു.എത്രമാത്രം ഹൃദയം അര്‍പ്പിച്ചാണോ ബിസിനസ് ചെയ്യുന്നത് അയാള്‍ അത്രമാത്രം ബിസിനസില്‍ വിജയം കൈവരിക്കുമെന്നാണ് ഷുള്‍സിന്റെ വിജയമന്ത്രം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.