Sections

റബര്‍ പരിപാലിക്കുന്നവര്‍ കര്‍ഷകരോ അതോ വ്യവസായികളോ? പുതിയ കേന്ദ്ര റബര്‍ നയം കര്‍ഷകര്‍ക്ക് ആപത്ത്; പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി

Friday, Mar 18, 2022
Reported By Admin
rubber bill

 റബര്‍ ബില്ലില്‍ വിവാദപരമായ പല പരാമര്‍ശങ്ങളുമുണ്ട്

 

റബര്‍  കര്‍ഷകരുടെ 'അന്ത്യം' കുറിക്കുന്ന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ റബര്‍ ബില്‍ നടപ്പിലാക്കിയേക്കും. ഇപ്പോള്‍ നിലവിലുള്ള റബര്‍  ബോര്‍ഡ് ആക്റ്റിനു പകരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന റബര്‍ ബില്ലില്‍ വിവാദപരമായ പല പരാമര്‍ശങ്ങളുമുണ്ട്. 

അവ ഇതൊക്കെയാണ് 

  • റബറിനെ ഇനി കൃഷിയായി പരിഗണിക്കില്ല മറിച്ച് വ്യവസായ ഉല്പന്നമായിട്ടായിരിക്കും കണക്കാക്കുക. 
  • മാറ്റം നിലവില്‍ വന്നാല്‍ റബറിന്റെ ഉയര്‍ന്ന വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനായിരിക്കും. 
  • എന്നാല്‍ താങ്ങുവിലയെ കുറിച്ച് ബില്ലില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല.
  • വില കുറഞ്ഞു പോയാല്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കുമോയെന്ന കാര്യത്തിലും ബില്ലില്‍ വ്യക്തതയില്ല.
  • റബര്‍  വില മാര്‍ക്കറ്റില്‍ ഉയര്‍ന്നാലും ഇവിടെ വില നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. 
  • കേന്ദ്രം നിശ്ചയിക്കുന്ന വിലയില്‍ ഒരിഞ്ചു മാറ്റം വരുത്തി വില്‍ക്കുവാന്‍ സാധിക്കില്ല.
  • ഇറക്കുമതി നിയന്ത്രിക്കാനുള്ള ഒന്നും ബില്ലില്‍ ഇല്ല.
  • കൂടാതെ റബറിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയിലും കൂട്ടിയോ കുറച്ചോ വിറ്റാല്‍ ജയില്‍ ശിക്ഷയും, പിഴയും ലഭിക്കും

എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് വന്‍ എതിര്‍പ്പ് ഈ റബര്‍ നയത്തിനെതിരെ ഉയരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരട് റബര്‍ നയം നടപ്പിലാക്കുന്നതിലുള്ള പരാതികള്‍ ബോധിപ്പിക്കുവാനുള്ള സമയം ഏപ്രില്‍വരെ നീട്ടിയിട്ടുണ്ട്. പുതിയ റബര്‍ ബില്‍  നിലവില്‍ വന്നാല്‍ റബര്‍ ബോര്‍ഡിന്റെ അധികാരങ്ങളും, പ്രസക്തി തന്നെയും ഇല്ലാതാകും.


കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ് എന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പൊതുവേ തന്നെ കഷ്ടത്തിലായ കര്‍ഷകരെ കൊവിഡ് വ്യാപനം മൂലമുളള ലോക്ക് ഡൌണ്‍ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന നീക്കം നടത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഉമ്മന്‍ ചാണ്ടി പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം അടിയന്തരമായി പിന്‍മാറണം എന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടപെടണമന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.