- Trending Now:
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക, പുതുതലമുറ ഗവേഷകരെയും നവീനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻറർ-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ (ബ്രിക്-ആർജിസിബി) സയൻസ് ഔട്ട്റീച്ച് പരിപാടി ആരംഭിച്ചു. നാലു ദിവസം നീണ്ടു നില്ക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരിപാടി സ്വദേശി സയൻസ് മൂവ്മെൻറ് കേരളയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
'ഫേസ് ടു ഫേസ് വിത്ത് ഫ്രോണ്ടിയർ ഏരിയാസ് ഓഫ് സയൻസ് ആൻറ് ടെക്നോളജി' എന്ന വിഷയത്തിൽ നടക്കുന്ന പരിപാടി ബ്രിക്-ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിൽ ഇൻറർ ഡിസിപ്ലിനറി പഠനത്തിൻറെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിച്ചു. ശാസ്ത്രവിഷയങ്ങളിൽ അവഗാഹം നേടുന്നതിനൊപ്പം അതിനെ കരിയർ പാതയായി പരിഗണിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണം. ശാസ്ത്ര നവീകരണത്തിൻറെ ഭാവി നിശ്ചയിക്കപ്പെടുന്നത് വിവിധ വിഷയങ്ങളുടെ കൂടിച്ചേരലിലൂടെയാണ്. യുവതയിൽ ജിജ്ഞാസയും സഹകരണ മനോഭാവവും വളർത്തിയെടുക്കാൻ ഇത് പ്രേരണയാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വിഭ സെക്രട്ടറി പ്രവീൺ രാംദാസ്, വിജ്ഞാന ഭാരതിയുടെ ദക്ഷിണേന്ത്യൻ ഓർഗനൈസിംഗ് സെക്രട്ടറി അബ്ഗ .ആർ എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വദേശി സയൻസ് മൂവ്മെൻറ്-കേരള സെക്രട്ടറി രാജീവ് നായർ സ്വാഗതം ആശംസിച്ചു.
ബ്രിക്-ആർജിസിബി ശാസ്ത്രജ്ഞരായ ഡോ. ടെസ്സി തോമസ് മാളിയേക്കൽ, ഡോ. പരിജത് സേനാപതി, ഡോ. അനന്തലക്ഷ്മി സുന്ദരരാമൻ, ബെംഗളൂരുവിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിയിലെ ഡോ. ബിജു ധർമ്മപാലൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നല്കി. വൈവിധ്യമാർന്ന ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുത്തൻ വികസനങ്ങളെക്കുറിച്ച് അവർ സംസാരിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന ശാസ്ത്രവിദഗ്ധരുടെ പ്രഭാഷണങ്ങൾ, പ്രായോഗിക അനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും. പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനൊപ്പം പ്രമുഖ ശാസ്ത്രജ്ഞരുമായും ഗവേഷകരുമായും സംവദിക്കാൻ വിദ്യാർത്ഥികൾക്ക് പരിപാടി അവസരമൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.