Sections

രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ എക്സ്പീരിയൻസസ്

Saturday, Jun 06, 2026
Reported By Admin
Tamara Leisure Experiences Launches India’s First Faith-Intelligent Hospitality Brand ‘Ray by Tamara

കൊച്ചി: താമര ലെഷർ എക്സ്പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്.

ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും വെളാങ്കണ്ണിയിൽ വരാനിരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര ബ്രാൻഡിലേക്ക് മാറ്റിക്കൊണ്ടായിരിക്കും ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കുക. കൂടാതെ തിരുപ്പതി, പളനി, തിരുവണ്ണാമലൈ എന്നിവിടങ്ങളിൽ അസറ്റ്-ലൈറ്റ് മാതൃകയിലുള്ള പുതിയ പ്രോപ്പർട്ടികളും കമ്പനി ആരംഭിക്കുന്നുണ്ട്. ഇതിൽ ഗുരുവായൂരിലെ പ്രോപ്പർട്ടി ഈ വരുന്ന ജൂലൈ മാസത്തിലും കുംഭകോണത്തെ പ്രോപ്പർട്ടി ആഗസ്റ്റിലും തീർത്ഥാടകർക്കായി തുറന്നുനൽകും. വെളാങ്കണ്ണി, തിരുപ്പതി, തിരുവണ്ണാമലൈ പ്രോപ്പർട്ടികൾ 2027 സാമ്പത്തിക വർഷത്തിൽ പ്രവർത്തനമാരംഭിക്കും. പുതിയ വികസന പദ്ധതികളും നിലവിലുള്ള തെരഞ്ഞെടുത്ത പ്രോപ്പർട്ടികളും സംയോജിപ്പിച്ചുകൊണ്ട് റേ ബൈ താമരയുടെ ബ്രാൻഡ് മൂല്യങ്ങൾക്കനുസൃതമായി പുനർരൂപകൽപ്പന ചെയ്താണ് ഈ സമഗ്രമായ ശൃംഖല ഒരുക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയിൽ ആകെ ആഭ്യന്തര യാത്രകളുടെ 60 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദർശനങ്ങളും 90 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളുടെ വരവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

ഉത്തരവാദിത്തമുള്ള ആതിഥേയത്വവും അവിസ്മരണീയമായ അനുഭവങ്ങളും സമന്വയിപ്പിക്കുക എന്നതാണ് റേ ബൈ താമരയുടെ അടിസ്ഥാന തത്വശാസ്ത്രം. തീർത്ഥാടന പശ്ചാത്തലത്തിലുള്ള ആതിഥേയത്വം തികച്ചും ലളിതവും, അനാവശ്യ ഇടപെടലുകൾ ഇല്ലാത്തതും തീർത്ഥാടകരുടെ ആവശ്യങ്ങളെയും മനസ്സിനെയും കുറിച്ച് അതീവ ബോധ്യമുള്ളതുമായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടിലാണ് ബ്രാൻഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.