Sections

ടാറ്റാ പവർ കമ്പനി ഇന്ത്യയിലെ ഏറ്റവും ആകർഷകമായ എംപ്ലോയർ ബ്രാൻഡ്

Wednesday, Jun 28, 2023
Reported By Admin
Tata Power

ആമസോണും ടാറ്റാ സ്റ്റീലും അടുത്ത സ്ഥാനങ്ങളിലെന്ന് ആർഇബിആർ റിപ്പോർട്ട്


കൊച്ചി: ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച എംപ്ലോയർ ബ്രാൻഡായി ടാറ്റാ പവർ കമ്പനിയെ റാൻസ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് (ആർഇബിആർ) തെരഞ്ഞെടുത്തു. തൊഴിൽ ദാതാക്കളെ വിലയിരുത്തുന്നതിന് സർവേയിൽ കണക്കിലെടുത്ത മൂന്നു സുപ്രധാന ഘടകങ്ങളായ സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, ജീവനക്കാർക്ക് വളരാനുള്ള അവസരം തുടങ്ങിയവയുടെ കാര്യത്തിൽ വളരെ ഉയർന്ന നില യിലാണ് ടാറ്റാ പവർ കമ്പനി. 2022-ൽ ഒൻപതാം സ്ഥാനത്തായിരുന്നു കമ്പനി. ആമസോൺ ആണ് ഈ വർഷം രണ്ടാം സ്ഥാനത്തുള്ളത്. ടാറ്റാ സ്റ്റീൽ മൂന്നാം സ്ഥാനത്തും. ഓൺലൈൻ മെഗാ സ്റ്റോർ ആയ ബിഗ് ബാസ്ക്കറ്റ് രാജ്യത്തെ ആകർഷകമായ സ്റ്റാർട്ട് അപ് എംപ്ലോയർ ബ്രാൻഡ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് തൊഴിൽ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതായി തുടരുന്നത്. ഇതിൻറെ ആനുപാതികമായ പ്രാധാന്യം കഴിഞ്ഞ വർഷങ്ങളിൽ ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. സ്ഥിരം ജോലി സമയത്തിനു ശേഷം പുറത്ത് മറ്റൊരു ജോലി കൂടി ചെയ്യാനുള്ള സാധ്യത തൊഴിൽ ദാതാവിനെ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ആകർഷകമായ ഒന്നായിട്ടുണ്ട്. പ്രതികരിച്ച 91 ശതമാനം പേരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചത്.

പ്രതികരിച്ചവരിൽ 41 ശതമാനം പേർ അടുത്ത ആറു മാസത്തിനുളളിൽ തൊഴിൽ സ്ഥാപനം മാറാൻ ഉദ്ദേശിക്കുന്നുണ്ട്. 30 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സ്ഥാപനം മാറി. 2022-നെ അപേക്ഷിച്ച് ഇക്കാര്യത്തിൽ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 56 ശതമാനം പേർ മുൻ തൊഴിൽ സ്ഥാപനത്തിലേക്കു പുനപ്രവേശിക്കുന്നത് പരിഗണിക്കുന്നുണ്ട്. അതൊരു മികച്ച എംപ്ലോയർ ബ്രാൻഡ് ആണെന്നതാണു കാരണം. തങ്ങളുടെ മാനേജർമാരുമായും സഹപ്രവർത്തകരുമായും ഉള്ള മികച്ച ബന്ധമാണ് ജോലിയിൽ തങ്ങൾ കാണുന്ന ഏറ്റവും മികച്ച സാമ്പത്തികേതര നേട്ടമെന്ന് 73 ശതമാനം പേർ കരുതുന്നു.

രാജ്യത്തെ ഏച്ച്ആർ സേവന മേഖലയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ റാൻസ്റ്റഡ് ഇന്ത്യയുടെ കണ്ടെത്തലുകൾ ഏറ്റവും സമഗ്രവും സ്വതന്ത്രവും ആഴത്തിലുള്ളതുമായ ഒന്നായാണ് കണക്കിലാക്കുന്നത്. എംപ്ലോയർ ബ്രാൻഡിങിലെ യഥാർത്ഥ നിലവാരമായി കണക്കാക്കുന്ന റാൻസ്റ്റഡ് ഇന്ത്യയുടെ എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട് ഈ മേഖലയിലെ പുതിയ പ്രവണതകൾ കൃത്യമായി വിവരിക്കുന്നുണ്ട്. ആഗോള തലത്തിൽ 23 വർഷങ്ങളായി ആർഇബിആർ റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് ഗുണകരമാകുന്നുണ്ട്. ഇന്ത്യയിൽ ഇത് 13-ാമത്തെ വർഷമാണ്.

ആഗോള തലത്തിൽ 32 വിപണികളിൽ നിന്നായി 1.63 ലക്ഷം പേരിൽ നിന്നു പ്രതികരണങ്ങൾ സ്വീകരിച്ച് ആഗോള സമ്പദ്ഘടനയുടെ 75 ശതമാനത്തോളം ഉൾക്കൊള്ളിച്ചാണ് ഈ റിപ്പോർട്ട്. ഇന്ത്യയിൽ തൊഴിലും ജീവിതവും സന്തുലിതമായി കൊണ്ടു പോകുന്നതിന് ഏറെ പ്രാധാന്യമാണ് ജീവനക്കാർ നൽകുന്നത്. ജീവിതവും ജോലിയും കൂടുതൽ സന്തുലിതമായി കൊണ്ടു പോകാൻ 49 ശതമാനം പേർ ജോലിയിൽ നിന്നു രാജി വെക്കാൻ തീരുമാനിക്കുകയോ ഇതിനകം രാജി വെക്കുകയോ ചെയ്തിട്ടുണ്ട്. വനിതകൾ ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടു പോകുന്നതിൽ കൂടുതൽ പ്രാധാന്യം നൽകുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പതിവു ജോലിക്കൊപ്പം അധിക വരുമാനത്തിനായി മറ്റൊരു ജോലി കൂടി ചെയ്യുന്നതിന് അനുവദിക്കുന്നത് കൂടുതൽ ആകർഷകമായിരിക്കുമെന്ന് 91 ശതമാനം പേരും ചിന്തിക്കുന്നു. ഇക്കാര്യത്തിൽ 92 ശതമാനത്തോടെ വനിതകളാണ് മുന്നിൽ. പുരുഷൻമാരിൽ ഇത് 89 ശതമാനം പേരാണ്. 25-34 പ്രായക്കാരാണ് ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാട്ടുന്നത്.

ടാറ്റാ പവർ കമ്പനി, ആമസോൺ, ടാറ്റാ സ്റ്റീൽ, ടാറ്റാ കൺസൾട്ടൻസി സർവീസസ്, മൈക്രോ സോഫ്റ്റ്, സാംസഗ് ഇന്ത്യ, ഇൻഫോസിസ്, ടാറ്റാ മോട്ടോർസ്, ഐബിഎം, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആകർഷകമായ പത്തു എംപ്ലോയീ ബ്രാൻഡുകൾ.

വെറും മൂലധനം കൊണ്ടു മാത്രമല്ല ജീവനക്കാരുടെ അടിസ്ഥാനത്തിൽ കൂടിയാണ് ബിസിനസ് വിജയിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ മനസിലാക്കുകയാണെന്ന് സർവേ ഫലങ്ങൾ അവതരിപ്പിച്ചു കൊണ്ട് റാൻസ്റ്റഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി എസ് വിശ്വനാഥ് പറഞ്ഞു. ഇന്ത്യയിലെ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പുലർത്തുന്ന രീതികളെ കുറിച്ചും റിപ്പോർട്ട് വ്യക്തമായ വിവരങ്ങൾ നൽകുന്നുണ്ട്. മാറുന്ന കാലം പ്രതീക്ഷകളുടെ കാര്യത്തിൽ കൂടി മാറ്റങ്ങളുണ്ടാക്കുന്നതായി ഈ വർഷത്തെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള നീക്കങ്ങളും സൗകര്യപ്രദമായ ജോലിയും അവസരങ്ങൾ ലഭ്യമാക്കിയും നിരവധി മാറ്റങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്. ആർഈബിആർ റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് വഴികാട്ടിയാകുമെന്നു പ്രതീക്ഷിക്കുന്നതായുംഅദ്ദേഹംപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.