Sections

എൽജിബിടിക്യൂഐഎ പ്ലസ് വിഭാഗങ്ങളുടെ ഉൾപ്പെടുത്തലും ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിട്ട് ആർപിജി ഗ്രൂപ്പ്

Tuesday, Jun 27, 2023
Reported By Admin
RPG

24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ ഷീൽഡ് എന്ന ഹെൽപ് ലൈനും സ്ഥാപനം അവതരിപ്പിച്ചിട്ടുണ്ട്


കൊച്ചി: എൽജിബിടിക്യൂഐഎ പ്ലസ് വിഭാഗങ്ങളുടേയും മറ്റു ജീവനക്കാരുടേയും ക്ഷേമത്തിനായുള്ള നവീന ആശയങ്ങൾക്ക് ആർപിജി ഗ്രൂപ്പ് തുടക്കം കുറിച്ചു. ജീവനക്കാർ നേരിടുന്ന ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങൾക്ക് എതിരെ തങ്ങളുടെ ശബ്ദം ഉയർത്താനായി എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ ഷീൽഡ് എന്ന ഹെൽപ് ലൈനും സ്ഥാപനം അവതരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമത്തിനായുള്ള നിരവധി നടപടികളിലാണ് ആർപിജി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വൈവിധ്യങ്ങളെ ഉൾക്കൊള്ളുക എന്നത് വെറും തെരഞ്ഞെടുപ്പു മാത്രമല്ല, അതൊരു ചുമതല കൂടിയാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക പറഞ്ഞു. സ്നേഹം, സ്വീകാര്യത, തുല്യത തുടങ്ങിയവയോടു കൂടിയ ഒരു ലോകം സൃഷ്ടിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെയും അവരുടെ പങ്കാളികളെയും അവരുടെ ലൈംഗിക സവിശേഷതകളൊ വൈവാഹിക നിലയോ കണക്കിലെടുക്കാതെ തുല്യമായി പരിഗണിക്കുന്ന രീതിയാണ് ഗ്രൂപ്പിനുള്ളത്. ജീവിത പങ്കാളി അല്ലെങ്കിൽ അതിനു തുല്യമായ സ്ഥാനം അവർക്കു നൽകും. ഇതിനു പുറമെ ജീവനക്കാരുടെ പങ്കാളികളുടെ നിയമപരമായി ദത്തെടുത്ത കുട്ടികളെ ആശ്രിതരായി കണക്കാക്കുകയും ചെയ്യും. അവർക്ക് മുഴുവൻ കുടുംബത്തിൻറേയും ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും.

എൽജിബിടിക്യുഐഎ പ്ലസ് വിഭാഗത്തെ മുഖ്യധാരയിൽ ഉൾപ്പെടുത്താനുള്ള ആർപിജി ഗ്രൂപ്പിൻറെ പ്രതിബദ്ധത ഈ നയങ്ങൾക്കും ഉപരിയായുള്ളതാണ്. ഗ്രൂപ്പിൻറെ ഫാക്ടറികളിലും ഓഫിസുകളിലും ട്രാൻസ്ജെൻറർ വിഭാഗത്തിലുള്ളവരെ നിയോഗിക്കുന്നത് 2022-ൽ ആരംഭിച്ചതാണ്.

എല്ലാവരേയും ഉൾപ്പെടുത്തിയുള്ളതും സുരക്ഷിതമായതും സന്തേഷപൂർണമായതും ആയ രീതിയിലെ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഗ്രൂപ്പിൻറെ എച്ച്ആർ വിഭാഗം പ്രസിഡൻറ് എസ് വെങ്കി വെങ്കിടേശ് പറഞ്ഞു. മാനസികവും ശാരീരികവുമായി ക്ഷേമത്തിനു തങ്ങൾ തുല്യ പ്രാധാന്യമാണു നൽകുന്നത്. തങ്ങളുടെ മുഴുവൻ സമയ ഹെൽപ് ലൈൻ ആയ ആർ ഷീൽഡ് അവർക്ക് ശബ്ദവും പിന്തുണയുമാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ട്, എല്ലാ ആർപിജി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസികാരോഗ്യ പ്രാക്ടീഷണർമാരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതിന് ഗ്രൂപ്പ് ജൂണോ ക്ലിനിക്കുമായി കൈകോർത്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.