Sections

പിരാമൽ ഫിനാൻസ് ഈ സാമ്പത്തിക വർഷം സ്വർണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്

Friday, Apr 05, 2024
Reported By Admin
Piramal

കൊച്ചി: പിരാമൽ എൻറർപ്രൈസസിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ പിരാമൽ ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം പരമ്പരാഗത സ്വർണ്ണ വായ്പ ബിസിനസ്സ്, അൺസെക്യേർഡ് മൈക്രോഫിനാൻസ് വായ്പ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. റിയൽ എസ്റ്റേറ്റിൻറെ അടിസ്ഥാനത്തിലുള്ള ബിസിനസ്സ് മാതൃകയിൽ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി ഉയർത്താനും പദ്ധതിയുണ്ട്.

2028 സാമ്പത്തിക വർഷത്തോടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 1.2-1.3 ലക്ഷം കോടിയായി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 70 ശതമാനം ചെറുകിട വായ്പകളായിരിക്കും. 10 ലക്ഷം രൂപയിൽ താഴെയുള്ള ചെറിയ വായ്പകൾ വിപുലമാക്കാനും പിരാമൽ ഫിനാൻസ് ലക്ഷ്യമിടുന്നു. ചെറിയ കടകളോ വസ്തുക്കളോ ഈടായി വാങ്ങിയാവും ഇതു നൽകുക. കമ്പനിക്ക് 25 സംസ്ഥാനങ്ങളിൽ 625 ജില്ലകളിലായി 470 ശാഖകളാണുള്ളത്. 2025 സാമ്പത്തിക വർഷം 100 ശാഖകൾ കൂടി ആരംഭിക്കും. ചെറുപട്ടണങ്ങളിലും വൻ പട്ടണങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിലും ആയിരിക്കും പുതിയ ശാഖകൾ.

സ്വർണ പണയവും മൈക്രോ ബിസിനസ്സ് വായ്പകളും ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും റിസ്ക് കൂടുതലുള്ള മേഖലകളാണ് ഇവയെങ്കിലും അതിനായുള്ള അണ്ടർറൈറ്റിങ് ശേഷി തങ്ങൾക്കുണ്ടെന്നും പിരാമൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ ജെയ്റാം ശ്രീധരൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.