Sections

കൊല്ലത്ത് ഐഎച്ച്സിഎല്ലിൻറെ ആദ്യ ഹോട്ടൽ വരുന്നു

Thursday, Apr 04, 2024
Reported By Admin
IHCL

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്ത് താജ് ബ്രാൻഡഡ് റിസോർട്ട് തുടങ്ങുന്നു. ബ്രൗൺ ഫീൽഡ് പദ്ധതിയിലുൾപ്പെടുന്ന റിസോർട്ടിനായുള്ള ധാരണാപത്രം ഒപ്പിട്ടു.

തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് 13 ഏക്കർ സ്ഥലത്താണ് പുതിയ റിസോർട്ട് വരുന്നത്. 600 അടിയോളം ബീച്ച്ഫ്രണ്ട് ഏരിയ റിസോർട്ടിനുണ്ട്. അറേബ്യൻ കടലിൻറെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന 205 മുറികൾ ഉൾപ്പെടുന്നതാണ് റിസോർട്ട്. മുഴുവൻ സമയ റെസ്റ്റോറൻറ്, ഒരു സ്പെഷ്യാലിറ്റി വെജിറ്റേറിയൻ റെസ്റ്റോറൻറ്, ചിക് ബാർ, സ്പാ, സ്വിമ്മിംഗ് പൂൾ, പൂർണമായി സജ്ജീകരിച്ച ജിം എന്നീ സൗകര്യങ്ങളും റിസോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് പരിപാടികളും സോഷ്യൽ ഇവൻറുകളും നടത്താൻ പാകത്തിന് 20,000 ചതുരശ്ര അടിയിൽ കൂടുതലുള്ള വിശാലമായ ബാങ്ക്വറ്റ് സ്പേസും പുൽത്തകിടിയും റിസോർട്ടിൻറെ ഭാഗമായി ഉണ്ടാകും.

കേരളത്തിൽ ഐഎച്ച്സിഎല്ലിൻറെ ദീർഘകാലമായുള്ള സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ റിസോർട്ടിൻറെ വരവോടെയെന്ന് ഐഎച്ച്സിഎൽ മാനേജിംഗ് ഡയറക്ടർ ആൻറ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പുനീത് ഛത്വാൾ പറഞ്ഞു. മനോഹര പ്രകൃതിദൃശ്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട തുറമുഖ നഗരമായ കൊല്ലത്തിന് ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള എല്ലാവിധ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റിസോർട്ടിൻറെ വികസനത്തിന് ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ മുൻനിരക്കാരായ ഐഎച്ച്സിഎല്ലുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ജോയ്സ് ദ ബീച്ച് റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ചാക്കോ പോൾ പറഞ്ഞു. കൊല്ലത്തിന് ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ ഐഎച്ച്സിഎൽ ഒരു പ്രമുഖ സ്ഥാനം നേടിക്കൊടുക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഹോട്ടൽ വരുന്നതോടു കൂടി ഐഎച്ച്സിഎല്ലിന് താജ് സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ ബ്രാൻഡുകളിലായി കേരളത്തിൽ 20 ഹോട്ടലുകളാകും. ഇതിൽ ആറെണ്ണത്തിൻറെ നിർമാണം പുരോഗമിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.