Sections

ഫോൺപേ ഗൂഗിളിന് വെല്ലുവിളിയാകും; പുതിയ ആപ്പ് സ്റ്റോർ വരുന്നു

Tuesday, Apr 25, 2023
Reported By admin
phonepe

ഒരു ബദൽ ആപ്പ് സ്റ്റോർ നിർമ്മിക്കാൻ കമ്പനി ശ്രമിക്കുന്നതായി ഫോൺ പേ വൃത്തങ്ങൾ വെളിപ്പെടുത്തി


വാൾമാർട്ട് പിന്തുണയുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേ അതിന്റെ പുതിയ ആപ്പ് സ്റ്റോർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, രാജ്യത്തെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ വിഭാഗത്തിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ ആണ് ആധിപത്യം പുലർത്തുന്നത്. അതിനാൽത്തന്നെ വിപണിയിൽ ഗൂഗിളിനുള്ള വെല്ലുവിളിയാകും ഫോൺപേ. 

ഫോൺപേയുടെ ആപ്പ് സ്റ്റോർ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് മികച്ച  അനുഭവം' നൽകുമെന്നും 12 ഇന്ത്യൻ ഭാഷയിൽ ലഭ്യമാകുമെന്നുമാണ് റിപ്പോർട്ട്. ഭാഷയുടെ കാര്യത്തിൽ മാത്രമല്ല, ഉപഭോക്തൃ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രാദേശികവൽക്കരിക്കപ്പെട്ട ഒരു ബദൽ ആപ്പ് സ്റ്റോർ നിർമ്മിക്കാൻ കമ്പനി ശ്രമിക്കുന്നതായി ഫോൺ പേ വൃത്തങ്ങൾ വെളിപ്പെടുത്തി. 

അതേസമയം ഫോൺ പേ ഇന്ത്യയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ തയ്യാറാകുന്നത്. സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള ഡാറ്റകൾ വിദേശത്ത് സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോർഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിർബന്ധമാണ് പുതിയ ഡാറ്റ സെന്റർ ആരംഭിക്കാനുള്ള കാരണം

ഇന്ത്യൻ വിപണിയിൽ ഗൂഗിൾ അതിന്റെ ആധിപത്യം ഉറപ്പിക്കുകയും എന്നാൽ അത് ചൂഷണം ചെയ്തതിനാൽ സെർച്ച് ഭീമന് 161 മില്യൺ ഡോളർ പിഴ ചുമത്തുകയും ചെയ്തതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) നേരത്തെ പറഞ്ഞിരുന്നു.

വിപണിയിലെ ഏറ്റവും വലിയ യഥാർത്ഥ ഉപകരണ നിർമ്മാതാക്കളുമായി (ഒഇഎം) കരാറിൽ ഏർപ്പെട്ടതായി ഫോൺ പേ പറയുന്നു. ലോഞ്ച് ചെയ്ത് ആദ്യ ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇത് ലഭ്യമാകുമെന്ന് ഫോൺ പേ പറയുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.