Sections

എല്‍എന്‍ജി വിപ്ലവത്തിനൊരുങ്ങി പെട്രോനൈറ്റ്

Thursday, Jul 08, 2021
Reported By
petronet


അഞ്ച് വര്‍ഷം കൊണ്ട് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍


രാജ്യത്ത് ഒരു എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പെട്രോനെറ്റ് എല്‍എന്‍ജി. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. 187 ബില്യണ്‍ രൂപയുടെ പദ്ധതികളാണ് പെട്രോനെറ്റിന് മുന്നിലുള്ളത്. അടിസ്ഥാന സൗകര്യ വികസനവും ബിസിനസ് വികാസവും ആണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതി കമ്പനിയാണ് പെട്രോനെറ്റ്.

എന്താണ് എല്‍എന്‍ജി?


ഭൂമിക്കടിയിലെ വാതക നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ സംയുക്തങ്ങളടങ്ങിയ വാതക മിശ്രിതം. മീഥേന്‍ വാതകമാണു പ്രധാന ഘടകം. കാര്‍ബണിന്റെ അളവു വളരെ കുറവായതിനാല്‍ പരിസ്ഥിതി സൗഹൃദ വാതകം. ചെറിയ അളവില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങളും മെര്‍ക്കുറി, പൊടി, വെള്ളം തുടങ്ങിയവയും പ്രകൃതി വാതകത്തില്‍ ഉണ്ടാകും. ഇവ ഒഴിവാക്കി ശുദ്ധീകരിച്ച ശേഷമാണു പ്രകൃതി വാതകം ദ്രവരൂപത്തിലാക്കുന്നത്. വാതക രൂപത്തില്‍ സംഭരിച്ചുവയ്ക്കുന്നതും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീക്കുന്നതിനും അസൗകര്യമുണ്ടാകുമെന്നതിനാലാണു ദ്രവരൂപത്തിലാക്കുന്നത് (എല്‍എന്‍ജി). മൈനസ് 162 ഡിഗ്രി സെല്‍ഷ്യസിലേക്കാണു തണുപ്പിക്കുന്നത്.

വ്യവസായശാലകള്‍ക്കു ചെലവു കുറഞ്ഞ, മലിനീകരണം തീര്‍ത്തും കുറവായ ഇന്ധനം. രാസവ്യവസായശാലകള്‍ക്കാകട്ടെ, ഇന്ധനത്തിനു പുറമേ, അസംസ്‌കൃത വസ്തുവായും ഉപയോഗിക്കാം. പൊതുജനത്തിനു നേരിട്ട് എന്തു നേട്ടമെന്നു ചോദിച്ചാല്‍? അടുക്കളകളില്‍ പാചക വാതകമായി ഉപയോഗിക്കാം. അതും കുറഞ്ഞ ചെലവില്‍, തീര്‍ത്തും സുരക്ഷിതമായി. പൈപ്പുകളിലൂടെ അടുക്കളകളില്‍ എത്തുന്നതിനാല്‍ പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് അഥവാ പിഎന്‍ജിയെന്നു വിളിപ്പേര്. വീടുകളിലും ഫ്‌ലാറ്റുകളിലും കന്റീനുകളിലും ഹോട്ടലുകളിലുമൊക്കെ ചെറു പൈപ്പുകളിലൂടെ പിഎന്‍ജിയെത്തും. അടുക്കളകളില്‍ അവസാനിക്കുന്നില്ല, എല്‍എന്‍ജിയുടെ പൊതു ഉപയോഗം. കുറഞ്ഞ വിലയില്‍ വാഹന ഇന്ധനമായും (സിഎന്‍ജി) ലഭ്യമാണ്; നിലവിലുള്ള പെട്രോള്‍ പമ്പുകളിലൂടെ തന്നെ. 

പെട്രോനെറ്റിന്റെ ദഹേജ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. ഇതിനായി 4,450 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 17.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയില്‍ നിന്ന് 22.5 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയിലേക്കാണ് ഉയര്‍ത്തുന്നത്. കൊച്ചി ടെര്‍മിനലില്‍ പുതിയ ജെട്ടി നിര്‍മിക്കാനും എല്‍എന്‍ജി ടാങ്കുകള്‍ നിര്‍മിക്കാനും 700 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിന് വേണ്ടി 1,540 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആയിരം എല്‍എന്‍ജി സ്റ്റേഷനുകള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഇതിന് മാത്രമായി 8,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 കംപ്രെസ്സ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മിക്കാന്‍ 4,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആദ്യ ഒന്നുമുതല്‍ രണ്ട് വരെയുള്ള വര്‍ഷങ്ങളില്‍ 20 മുതല്‍ 25 വരെ എല്‍എന്‍ജി സ്റ്റേഷനുകളാണ് സ്ഥാപിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ബാക്കിയുള്ളവ സ്ഥാപിക്കുക. എന്തായാലും വിദേശ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ തത്കാലം പെട്രോനെറ്റ് ലക്ഷ്യമിടുന്നില്ല. ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപം നടത്താന്‍ നേരത്തേ പദ്ധതിയുണ്ടായിരുന്നു.

രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ഒരു ദശാബ്ദത്തിനുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ധന ഉപഭോഗത്തിന്റെ വെറും 6.2 ശതമാനം മാത്രമാണ് എല്‍എന്‍ജി ഉള്‍പ്പെടെയുള്ള വാതകങ്ങള്‍. ഇത് 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണ, പ്രകൃതിനവാതക കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. രാജ്യത്തേക്ക് എല്‍എന്‍ജി ഇറക്കുമതി ചെയ്യുകയും എല്‍എന്‍ജി ടെര്‍മിനലുകള്‍ സ്ഥാപിക്കുകയും ആണ് കമ്പനിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് പെട്രോനെറ്റ് എല്‍എന്‍ജി.

എല്‍എന്‍ജി കയറ്റുമതിയിലെ മുന്‍നിരക്കാരായ ഖത്തര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ദീര്‍ഘകാല കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജി കേരളത്തില്‍ കൊച്ചിയിലെ പുതുവൈപ്പിലെ ടെര്‍മിനലിലാണു സംഭരിക്കുന്നത്. ക്രയോജനിക് അറകളുള്ള പ്രത്യേക കപ്പലുകളിലാണ് (കാരിയേഴ്സ്) എല്‍എന്‍ജി കൊണ്ടുവരുന്നത്. അതിശീത (ക്രയോജനിക്) സംഭരണികളിലേക്കു മാറ്റിയാണു സൂക്ഷിക്കുക. ടെര്‍മിനല്‍ ജെട്ടിയിലെത്തുന്ന കപ്പലുകളില്‍ നിന്നു പൈപ്പുകളിലൂടെ എത്തുന്നതു രണ്ടു ടാങ്കുകളിലേക്കാണ്. ഓരോ ടാങ്കിന്റെയും സംഭരണശേഷി ഒന്നര ലക്ഷം കിലോ ലീറ്റര്‍. ഓരോ ടാങ്കിനും 85 മീറ്റര്‍ ചുറ്റളവാണുള്ളത്. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്, ഓരോ ടാങ്കിനും. 

ജപ്പാനും ചൈനയുമാണ് എല്‍എന്‍ജി ഇറക്കുമതിയിലും ഉപഭോഗത്തിലും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന രാജ്യങ്ങള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.