Sections

കൃഷിയിൽനിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി പുതിയ മിഷൻ ആരംഭിക്കും: മന്ത്രി പി രാജീവ്

Monday, Apr 17, 2023
Reported By Admin
Peechi Agri Industrial Park

പീച്ചി അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക് നാടിന് സമർപ്പിച്ചു


കാർഷിക വ്യവസായ മേഖലയിൽ പുതുസംരംഭങ്ങൾക്കായി പുതിയൊരു മിഷൻ ആരംഭിക്കുമെന്ന് വ്യവസായ വികസന വകുപ്പ് മന്ത്രി പി രാജീവ്. കൃഷിയിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പുതിയ മിഷൻ സഹായകമാകും. ഇതിനായുള്ള നടപടികൾ പൂർത്തിയായതായും വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർവ്വകലാശാലകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കും. പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോൾ ക്രെഡിറ്റ് മാർക്ക് നൽകി ജോലി പഠനത്തിന്റെ ഭാഗമാക്കി മാറ്റും. സഹകരണ ബാങ്കുകൾ ലാഭത്തിനപ്പുറം അതത് മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ എത്രത്തോളം മെച്ചപ്പെടുത്താനാകും എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

വെയ്സ്റ്റ് ടു വെൽത്ത് അഥവാ മാലിന്യസംസ്കരണം വഴി സമ്പത്ത് എന്ന ആശയത്തിലൂന്നിയ സംരംഭങ്ങളിലാണ് ഭാവിയെന്ന് ജൈവവള പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു.

പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിൽസൺ ചെറിയാൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എ വി ജോജു പദ്ധതി അവതരണം നടത്തി. സാങ്കേതിക സഹായം നൽകിയവർക്കുള്ള ഉപഹാരസമർപ്പണം മുൻ എംഎൽഎ രാജാജി മാത്യു തോമസ് നിർവഹിച്ചു. മികച്ച കർഷകരെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവിയും തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രനും ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, കേരള കാർഷിക യൂണിവേഴ്സിറ്റി എക്സ്റ്റൻഷൻ ഡയറക്ടർ പി ശ്രീനിവാസൻ, എസ് എഫ് എ സി ഡയറക്ടർ ബീന ലക്ഷ്മൺ, സഹകരണ ജോയിന്റ് രജിസ്ട്രാർ എം ശബരീദാസൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ സൂസമ്മ ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, കേരള ബാങ്ക് ജനറൽ മാനേജർ സുമഹർഷൻ, മിൽമ ഡയറക്ടർ ഭാസ്കരൻ ആദങ്കാവിൽ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ട്രഷറർ എം പി സാബു സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം സുബിൻ കുമാർ നന്ദിയും പറഞ്ഞു.

കർഷകർക്ക് വിത്ത് മുതൽ വിപണനം വരെയുള്ള സൗകര്യങ്ങൾ ഒരുക്കാനും നേരിട്ടും അല്ലാതെയും ഇരുന്നൂറോളം പേർക്ക് തൊഴിൽ നൽകാനും പുതിയ സംരംഭം വഴി കഴിയും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.