Sections

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം

Saturday, Jan 27, 2024
Reported By Admin
Ksheerasanthwanam

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര കർഷക ക്ഷേമനിധി ബോർഡ് മുഖേന നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം. ചികിത്സാ ചെലവു താങ്ങാനാവാതെ പശുക്കളെ വിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ രൂപകൽപന ചെയ്ത പദ്ധതിയിൽ ഇടുക്കി ജില്ലയിലെ എല്ലാ ക്ഷീരകർഷകർക്കും അംഗമായി ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താനാവും. മൊബൈലിൽ ലഭിക്കുന്ന ലിങ്ക് വഴി ക്ഷീര കർഷകർക്ക് എളുപ്പത്തിൽ പദ്ധതിയിൽ ചേരാനവും.

ക്ഷീര കർഷകർക്കായുള്ള ഈ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയുടെ കാലാവധി 2023 ഡിസംബർ 18 മുതൽ 2024 ഡിസംബർ 17 വരെയാണ്. പദ്ധതിയിൽ 80 വയസ്സ് വരെയുള്ള ക്ഷീരകർഷകനും അവരുടെ ജീവിത പങ്കാളിക്കും ആശ്രിതരായ 25 വയസ്സു വരെയുള്ള 4 കുട്ടികൾക്കും അംഗമാകാം. അംഗമാകുന്നവർക്ക് ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷാ പോളിസിയും 7 ലക്ഷം രൂപയുടെ അപകട സുരക്ഷാ ഇൻഷുറൻസ് കവറേജും 59 വയസ്സ് വരെയുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ (സ്വാഭാവികമരണത്തിന്) ലൈഫ് ഇൻഷുറൻസും ലഭിക്കും. ഇൻഷുറൻസിൽ ചേരുന്ന ആദ്യ 22000 ക്ഷേമനിധി അംഗങ്ങൾക്ക് 1725 രൂപ സബ്സിഡി ലഭിക്കും.

ക്ഷീര കർഷകക്കായി രൂപകല്പന ചെയ്ത ഇൻഷുറൻസിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവിലുള്ള അസുഖങ്ങൾക്ക് 50,000 രൂപ വരെ ചികിത്സ ചെലവ് നൽകുന്നു എന്നതാണ്. ക്ഷേമനിധി അംഗത്വമുള്ള ഒരു കർഷകൻ മാത്രം ചേരുമ്പോൾ സബ്സിഡി കിഴിച്ചുള്ള ഗുണഭോക്തൃ വിഹിതം 2247 രൂപയാണ്. ക്ഷേമനിധി അംഗത്വമുള്ള 60 വയസ് കഴിഞ്ഞ മുതിർന്ന ക്ഷീര കർഷകന് 1911 രൂപ അടച്ചാൽ മതിയാകും. ക്ഷേമനിധി അംഗമല്ലാത്ത ക്ഷീര കർഷകർക്കും ക്ഷീര സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുക അടച്ച് പദ്ധതിയിൽ അംഗമാകാവുന്നതാണ്. ഇൻഷുറൻസിൽ ചേർന്ന തീയതി മുതൽ 24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുളള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കും. എന്നാൽ ഡയാലിസിസ്, കാൻസറിനുളള കീമോതെറാപ്പി, കണ്ണ് ശസ്ത്രക്രിയ എന്നിവയ്ക്ക് 24 മണിക്കൂർ പരിധി ബാധകമല്ല. തെരഞ്ഞെടുത്ത ആശുപത്രികളിൽ ക്യാഷ്ലെസ് സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ഇൻഷുറൻസുമായി ബന്ധപ്പെട്ട കൂടുതൽ സഹായങ്ങൾക്കും തൊട്ടടുത്ത ക്ഷീര സഹകരണ സംഘം അല്ലെങ്കിൽ ക്ഷീരവികസന ഓഫീസുമായോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.