Sections

സുഗന്ധലോകത്തെ കനകവിള; ഒരിക്കലും കര്‍ഷകരെ പട്ടിണിയാക്കില്ല | nutmeg farming kerala

Saturday, Jul 09, 2022
Reported By admin
Nutmeg

നാടന്‍ ജാതിതൈ നടുന്ന കര്‍ഷകര്‍ ആണ്‍ചെടികളെ തിരിച്ചറിയുമ്പോള്‍ സാധാരണയായി വെട്ടിക്കളയുകയാണ് ചെയ്യുന്നത്

 

സുഗന്ധവിളകളിലെ കനകവിള എന്ന വിളിപ്പേരിലാണ് ജാതി അറിയപ്പെടുന്നത്.ഇന്തോനേഷ്യയില്‍ മാത്രമുണ്ടായിരുന്ന ജാതി ഡച്ചുകാരുടെ കോളനിവത്കരണത്തെ തുടര്‍ന്നാണ് മറ്റുരാജ്യങ്ങളിലേക്കുമാറുന്നത്.ജാതിയ്ക്കയുടെ ആഗോളഉത്പാദനം ഏകദേശം 20,000 ടണ്ണാണെന്നാണ് കരുതപ്പെടുന്നത്.ഗ്രനേഡയാണ് ജാതികൃഷിയിലും ഉത്പദാനത്തിലും മുന്നലില്‍.ഇന്ത്യ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ തോതില്‍ ഉത്പാദനം നടക്കുന്നുണ്ട്.

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത വൃക്ഷമാണ് ജാതി.ഇവയുടെ വേരുകള്‍ അധികം ആഴത്തിലിറങ്ങുന്നില്ല.ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ മണ്ണില്‍ നിന്ന് അരയടി താഴ്ചയില്‍ തന്നെ കാണപ്പെടുന്നു.അതുകൊണ്ടാണ് ജാതിചുവട്ടില്‍ കൊത്തും കിളയും പാടില്ലെന്ന് പറയപ്പെടുന്നത്.
സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പുരാതനകാലത്ത് എന്നപോലെ തന്നെ ആധുനിക കാലത്തും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക.


ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്.വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 16,400 ഹെക്ടര്‍ സ്ഥലത്ത് ജാതി കൃഷി ചെയ്യുന്നുണ്ട്.

ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ആന്തമാന്‍ ദ്വീപുകള്‍ എന്നിവയാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലമുതല്‍ കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെ വടക്ക് പാലക്കാട്, മലപ്പുറം ജില്ലകളില്‍ വരെ ജാതികൃഷി വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശങ്ങളില്‍ ഇതിന്റെ കൃഷി കൂടുതല്‍ കാണപ്പെടുന്നു. സ്ഥലവിസ്തൃതിയിലും ഉല്‍പാദനത്തിലും കേരളമാണ് മുമ്പില്‍. ജാതികൃഷിയില്‍ നല്ല വിളവുകിട്ടാന്‍ ഏറ്റവും യോജിച്ചത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. ഇതാണ് കേരളത്തില്‍ ജാതികൃഷിക്ക് നല്ല വിളവു ലഭിക്കാന്‍ കാരണം. കൃഷി ചെയ്യുന്ന മണ്ണില്‍ ധാരാളം ജൈവാംശവും നനയ്ക്കാന്‍ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ, മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കരുത്.    എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷി ചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. ജാതിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങളുണ്ട്. പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ.


ജാതി വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം. നല്ല വിളവു ലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍ നിന്ന് ബഡ് തൈകള്‍ തയ്യാറാക്കാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം. ഒരുവര്‍ഷത്തോളം പ്രായമായ ബഡ് ജാതിതൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. നാലു തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും ജാതി നടാം. കുറച്ചു തണലുള്ള താഴ്വരപ്രദേശങ്ങള്‍, പുഴയോരങ്ങളിലെ എക്കല്‍മണ്ണ് തുടങ്ങിയവയില്‍ ജാതി നന്നായി വളരുന്നു. ജാതി നന്നായി നനയ്ക്കണം. അതുകൊണ്ടുതന്നെ ജലസേചനസൗകര്യമുള്ള തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍തോപ്പിലും മറ്റും ജാതി നന്നായി വളരുന്നു. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതികൃഷിക്കനുയോജ്യം. അതുകൊണ്ടുതന്നെയാണ് ഇടവിളയായി ചെയ്യുന്ന ജാതികൃഷിയില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കുന്നത്.


ജാതിമരങ്ങളെ നന്നായി ശുശ്രൂഷിച്ചാല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കാം. മരത്തില്‍ ഏതു സമയത്തും കുറേ കായ്കള്‍ ഉണ്ടാവുമെങ്കിലും ഡിസംബര്‍  മെയ്, ജൂണ്‍, ജൂലൈ കാലങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുന്നത്. ജാതിമരങ്ങളില്‍ ഒന്നിച്ച് പൂവുണ്ടാവാത്തതിനാല്‍ വിളവെടുപ്പും പല തവണയായി നടത്തേണ്ടിവരും. കായ്കള്‍ പറിക്കുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്യുന്നതിന്റെ കൂടെ തന്നെ ജാതിപത്രിയും ശേഖരിച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചകൊണ്ട് ജാതിക്കായ് ഉണങ്ങിക്കിട്ടും. ഇടയ്ക്ക് വീണ്ടും ഉണക്കണം. പുകയില്‍ ഉണക്കുന്നതിനേക്കാള്‍ വെയിലില്‍ ഉണക്കുന്നതാണു നല്ലത്. ജാതിപത്രി ഉണങ്ങുമ്പോള്‍ നല്ല ചുവപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിക്ക് നല്ല വിലയും കിട്ടും. ഉണങ്ങിയ 150 ഓളം കായ്കള്‍ക്ക് ഒരു കിലോഗ്രാം. ഭാരമുണ്ടാവും. ജാതിപത്രിക്കാണു വിലക്കൂടുതലെങ്കിലും പത്രിയുടെ അളവ് താരതമ്യേന കുറവായിരിക്കും.നല്ല ജാതിപത്രിക്ക് കിലോയ്ക്ക് 800 രൂപയോളം ലഭിക്കും. അതുപോലെ ജാതിക്കയ്ക്ക് 250-300 രൂപയാണ് സാധാരണയായി ലഭിക്കാറുള്ളത്. 


നാടന്‍ ജാതിതൈ നടുന്ന കര്‍ഷകര്‍ ആണ്‍ചെടികളെ തിരിച്ചറിയുമ്പോള്‍ സാധാരണയായി വെട്ടിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍, ടോപ്പ് വര്‍ക്കിങ്, ബഡിങ് എന്നിവ നടത്തി ലിംഗമാറ്റത്തിലൂടെ ജാതിമരങ്ങളെ മാറ്റിയെടുക്കാം. വിത്തുമുളച്ചുണ്ടാവുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആവാനുള്ള സാധ്യത ഒരുപോലെയാണ് വിത്ത് വഴി നട്ട തൈകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവുന്നത്. എന്നാല്‍, അധികമായുള്ള ആണ്‍മരങ്ങള്‍ വെട്ടിക്കളയാതെ അവയെ പെണ്‍മരങ്ങളായി പരിവര്‍ത്തിപ്പിക്കാനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.