Sections

കൃഷി ചെയ്യാം പപ്പായ; ഫലം മാത്രമല്ല കറയും വരുമാനം തരും| Farmers can double their Income through Papaya Cultivation

Tuesday, Jul 05, 2022
Reported By admin
agricultural

പപ്പയിന്‍ നിര്‍മ്മാണത്തിനാണ് കൃഷിയെങ്കില്‍ കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ പപ്പായ ഇനങ്ങള്‍ മികച്ചതാണ്

 

കൃഷി എന്നു പറയുമ്പോള്‍ പച്ചക്കറിയും നെല്ലും വാഴയും റബ്ബറും മാത്രമല്ല മറ്റ് പലതരം ഫലവര്‍ഗ്ഗങ്ങളും അതില്‍ ഉള്‍പ്പെടും.ലളിതമായി കൃഷി ചെയ്യാവുന്ന വിളയാണ് പപ്പായ.പപ്പായ കൃഷിയിലൂടെ ഫലവും അതിന്റെ കറയും വിറ്റ് മികച്ച ആദായം കര്‍ഷകര്‍ക്ക് നേടാവുന്നതാണ്.

അമിതമായ വെള്ളവും കനത്ത വേനലും പപ്പായ കൃഷിയിക്ക് നന്നല്ല.അത്യാവശ്യം മിതമായ കാലാവസ്ഥയുള്ള ഇടങ്ങളില്‍ പപ്പായ മികച്ച രീതിയില്‍ വളരുന്നു.വിത്ത് മുളപ്പിച്ചു വളര്‍ത്തുന്ന തൈകളാണ് നടീല്‍ വസ്തു.തൈകള്‍ നടന്ന് തണല്‍ നല്‍കി പരിപാലിക്കാം.രണ്ടു മാസം പ്രായമായ തൈകള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുക. കൃഷി ചെയ്യുന്ന ഇനം അനുസരിച്ച് തൈകള്‍ നടേണ്ട അകലം വ്യത്യാസപ്പെട്ടിരിക്കുന്നു. വളപ്രയോഗം നടത്തുമ്പോള്‍ തൈ നടുന്നതിന് മുന്‍പായി കുഴിയൊന്നിന് 10 മുതല്‍ 25 കിലോ ജൈവവളവും 240:240:240 എന്‍ പി കെ വളങ്ങളും വര്‍ഷത്തിലൊരിക്കല്‍ നല്‍കണം.കടുത്ത വേനലില്‍ നല്ലരീതിയില്‍ നനച്ചുകൊടുക്കണം.


പപ്പായ കായയുടെ കറയില്‍ അടങ്ങിയിരിക്കുന്ന ഒരു എന്‍സൈം ആണ് പപ്പെയ്ന്‍ . മാംസ സംസ്‌കരണം, തോല്‍ വ്യവസായം, ച്യൂയിംഗം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണം ഈ എന്‍സൈം ഉപയോഗപ്പെടുത്തി നിലവില്‍ നടത്തിവരുന്നു. ഏകദേശം 70 മുതല്‍ 100 ദിവസം പ്രായമായ പപ്പായയുടെ കായയുടെ ഉള്ളില്‍ നിന്നാണ് ഇത് ശേഖരിക്കുന്നത്. കായയുടെ നീളത്തില്‍ ഞെട്ടു മുതല്‍ അറ്റം വരെ നീളത്തില്‍ മൂന്ന് മില്ലി മീറ്റര്‍ ആഴത്തില്‍ വരഞ്ഞ് ഇതിലൂടെ ഒഴുകുന്ന വെളുത്ത കറയാണ് ശേഖരിക്കുന്നത്.മുറിവിലൂടെ ഒലിച്ചിറങ്ങുന്ന കറ അലുമിനിയം /ഗ്ലാസ്/ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ശേഖരിച്ച് സൂര്യപ്രകാശത്തില്‍ ഡ്രയറുകള്‍ ഉപയോഗിച്ച് ഉണക്കി വായുകടക്കാത്ത ഗ്ലാസ് അല്ലെങ്കില്‍ പാത്രങ്ങളില്‍ ആറുമാസംവരെ സൂക്ഷിക്കാവുന്നതാണ്. കറ ശേഖരണം നടത്തുവാന്‍ അതിരാവിലെയാണ് മികച്ച സമയം. ഒരു കായില്‍ നിന്ന് നാല് ദിവസത്തെ ഇടവേളയില്‍ രണ്ടോ മൂന്നോ തവണ കൂടി കറ എടുക്കാം. ഉണങ്ങുന്നതിന് മുന്‍പായി അല്പം പൊട്ടാസ്യം മെറ്റബൈസള്‍ഫേറ്റ് കൂട്ടിച്ചേര്‍ക്കുന്ന കറയുടെ സൂക്ഷിപ്പ് കാലം വര്‍ധിപ്പിക്കും. ഇങ്ങനെ ലഭിക്കുന്ന ക്രൂഡ് പപ്പെയ്ന്‍ ബാഗുകളിലാക്കിയാണ് വിപണനം ചെയ്യുന്നത്. ഇതിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ് ആണ് ലഭ്യമാകുന്നത്.


കേരളത്തിന്റെ മണ്ണില്‍ സമൃദ്ധമായി വളരുവാന്‍ കഴിയുന്ന പപ്പായയുടെ വാണിജ്യ സാധ്യതകളിലേക്ക് മലയാളി കര്‍ഷകര്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല.ഉത്പാദന ശേഷിയുള്ള മികച്ച ഇനങ്ങള്‍ തെരഞ്ഞെടുത്ത് കൃഷി ചെയ്താല്‍ പപ്പായ ഫലത്തിലൂടെയും മികച്ച ആദായം നേടാം.മറ്റ്  വിളകള്‍ക്കിടയില്‍ ഇടവിളയായ് കൃഷിയിറക്കി അധിക സാമ്പത്തിക നേട്ടവും നേടിയെടുക്കാമെന്ന വലിയൊരു മെച്ചവും പപ്പായ കൃഷിക്കുണ്ട്.പപ്പയിന്‍ നിര്‍മ്മാണത്തിനാണ് കൃഷിയെങ്കില്‍ കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ പപ്പായ ഇനങ്ങള്‍ മികച്ചതാണ്.


അതാത് പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകളുമായ് ബന്ധപ്പെട്ടാല്‍ 'സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ' പദ്ധതി പ്രകാരവും, പ്രാദേശിക സാധ്യതകള്‍ക്കനുസൃതമായും തയ്യാറാക്കുന്ന പ്രോജക്ടുകളിലൂടേയും മറ്റും, പപ്പായ കൃഷിക്കായ് നിരവധി പദ്ധതികളും, സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.