Sections

പുതിയ നയം എംഎസ്എംഇകളെ പ്രതിസന്ധിയിലാക്കിയേക്കും

Monday, Nov 14, 2022
Reported By admin
msme

പാക്കുചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍...


ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യന്‍ ലേബലിംഗ് മാനദണ്ഡങ്ങള്‍ എംഎസ്എംഇകളെ പ്രതിസന്ധിയിലാക്കുമെന്ന് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍. 2022 സെപ്റ്റംബറിലാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യന്‍ ലേബലിംഗ് നിയമത്തിന്റെ കരട് രേഖ പുറത്തിറക്കിയത്.

പുതിയ മാനദണ്ഡമനുസരിച്ച്, പാക്കുചെയ്ത ഭക്ഷണപാനീയങ്ങള്‍ക്ക് 'one-star food', 'two-star food', 'good-food', 'not-good food' എന്നിങ്ങനെ സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കും. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ലഘുഭക്ഷണങ്ങളില്‍ ഇവയുടെ അളവ് താരതമ്യേന കൂടുതലാണെന്നും അവ അനാരോഗ്യകരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുറുക്ക്, ഗുലാബ് ജാമുന്‍, ബര്‍ഫി, ലസ്സി എന്നിവയടക്കം പരമ്പരാഗത ലഘുഭക്ഷണ വിഭാഗത്തിലുള്‍പ്പെടുന്നവയാണ്.

പാക്കുചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വിവരങ്ങളെന്ന രീതിയില്‍ ഏറ്റവും ലളിതമായി പ്രദര്‍ശിപ്പിക്കുകയാണ് ഫ്രണ്ട്-ഓഫ്-പാക്ക് ന്യൂട്രീഷ്യന്‍ ലേബലിംഗ് നയം ( FOPNL) കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് എഫ്എസ്എസ്എഐയുടെ വിശദീകരണം. വലിയ ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡുകള്‍ക്കെല്ലാം തന്നെ പാക്കേജിംഗിനായി പ്രത്യേക പ്രൊഡക്ഷന്‍, ഡിസൈന്‍ ടീം, ബഡ്ജറ്റ് എന്നിവയുണ്ടായിരിക്കും. എന്നാല്‍ എംഎസ്എംഎ ഉല്‍പ്പന്നങ്ങളില്‍ മിക്കവയുടേയും പാക്കിംഗ് വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ചെയ്യുന്നത്. ലേബലിംഗ് സംവിധാനവും, ക്വാളിറ്റിയും മാറുന്നത് അതിനാല്‍ത്തന്നെ എംഎസ്എംഇ യൂണിറ്റുകള്‍ക്ക് തിരിച്ചടിയായേക്കാം.

കരട് നയത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്, ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിശോധിക്കുമ്പോള്‍, ഇന്ത്യന്‍ ലഘുഭക്ഷണങ്ങളില്‍ മിക്കവയും ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്.  മെച്ചപ്പെട്ട ഹെല്‍ത്ത് സ്റ്റാര്‍ റേറ്റിംഗിനായി ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പോഷക ഘടനയില്‍ മാറ്റം വരുത്തുകയെന്നത് എംഎസ്എംഇകള്‍ക്ക് പ്രയാസകരമായിരിക്കുമെന്ന് സംഘടനകള്‍ അഭിപ്രായപ്പെടുന്നു. കണക്കുകള്‍ പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യ വിപണിയുടെ 32 ശതമാനം ഭക്ഷ്യ സംസ്‌കരണ വ്യവസായമാണ്. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ 79 ശതമാനവും കൈയ്യാളുന്നത് എംഎസ്എംഇ വിഭാഗമാണ്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ് ഇവ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.