- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് കേരളത്തിൽ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്കേറ്റിങ് രംഗത്ത് പൂർണമായി പിന്തുണക്കും. ഈ മാസം കൊറിയയിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതകളുടെ ഇൻലൈൻ സ്പീഡ് സ്കേറ്റിങ് വിഭാഗത്തിലാണ് അബ്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ജൂലൈ 23 നാണ് ഈ മൽസരങ്ങൾ നടക്കുക.
10 കിലോമീറ്റർ എലിമിനേഷൻ ട്രാക്ക് റേസ്, അഞ്ചു കിലോമീറ്റർ പോയിന്റ്സ് ട്രാക്ക് റേസ്, പത്തു കിലോമീറ്റർ പോയിന്റ്സ് റോഡ് റേസ്, 15 കിലോമീറ്റർ എലിമിനേഷൻ റോഡ് റേസ്, 3000 മീറ്റർ റിലേ (ഇപ്പോൾ നടക്കുന്ന പരിശീലന ക്യാമ്പിനു ശേഷം മാത്രമായിരിക്കും റിലേ ടീമിനെ അന്തിമമായി തീരുമാനിക്കുക.) എന്നീ ഇനങ്ങളിലാണ് അബ്ന മത്സരിക്കുന്നത്. മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പിന്തുണയോടെയുള്ള അബ്നയുടെ മികച്ച നേട്ടങ്ങളുടെ പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. പ്രതിമാസ സ്റ്റൈപന്റ്, പരിശീലനം, ഉപകരണങ്ങൾ, യാത്ര, താമസം, സംസ്ഥാന-ദേശീയ മൽസരങ്ങൾക്കുള്ള പിന്തുണ തുടങ്ങിയവ അടങ്ങിയ സഹായം അബ്നയെ പൂർണമായും തന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നുണ്ട്.
ഈ പിന്തുണ ലഭിക്കാൻ തുടങ്ങിയ ശേഷം ശ്രദ്ധേയമായ വളർച്ചയാണ് അബ്നയുടെ കരിയറിൽ ഉണ്ടായത്. 2024-ൽ ഇറ്റലിയിൽ നടന്ന വേൾഡ് സ്കേറ്റിങ് ഗെയിംസിനു പുറമെ ജില്ലാതല, സംസ്ഥാനതല ചാമ്പ്യൻഷിപ്പുകളിലും അബ്ന മികവുറ്റ പ്രകടനം കാഴ്ച വെച്ചിരുന്നു. ദേശീയ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ച അബ്ന അടുത്തിടെ എംജി ഇന്റർ യൂണിവേഴ്സിറ്റി റോളർ സ്കേറ്റിങ് മൽസരങ്ങളിൽ മൂന്നു സ്വർണ മെഡലുകൾ കരസ്ഥമാക്കിയിരുന്നു. 2025-ൽ ഈ വിജയങ്ങൾ തുടർന്ന് കേരളത്തിലെ എട്ടാമത് റാങ്കിങ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ നാലു സ്വർണ മെഡലുകൾ നേടി. 10 കിലോമീറ്റർ എലിമിനേഷൻ ട്രാക്ക് റേസ്, അഞ്ചു കിലോമീറ്റർ ട്രാക്ക് റേസ്, 10 കിലോമീറ്റർ പോയിന്റ്സ് റോഡ് റേസ്, 15 കിലോമീറ്റർ എലിമിനേഷൻ റോഡ് റേസ് എന്നിവയിലാണ് മികവു കാട്ടിയത്.
ബികോം, എൽഎൽബി നാലാം വർഷ വിദ്യാർത്ഥിയായ അബ്ന നാലാം ക്ലാസിലാണ് സ്കേറ്റിങിനു തുടക്കം കുറിക്കുന്നത്. പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടായിരുന്നു. പരിശീലനത്തിനും മൽസരങ്ങൾക്കും കൂടെ പോകാനായി അമ്മ തന്റെ അധ്യാപക ജോലി ഉപേക്ഷിച്ചു. കേരളാ ടീമിലെ മുൻ ക്രിക്കറ്ററായ അച്ഛൻ അബ്നയിൽ ചെറുപ്രായത്തിൽ തന്നെ സ്പോർട്ടിങ് സ്പിരിറ്റ് വളർത്തിയെടുക്കുകയായിരുന്നു. പാലക്കാട് യാർസിൽ (യശ്വന്ത്സ് അകാദമി ഓഫ് റോളർ സ്കേറ്റിങ്) ആണ് അബ്ന ഇപ്പോൾ പരിശീലനം നേടുന്നത്. എല്ലാ ദിവസവും രണ്ടു സെഷനുകളിലായി ആറു മണിക്കൂർ കഠിന പരിശീലനമാണ് നേടുന്നത്.
മത്സരവേദിയിൽ ഇന്ത്യൻ പതാക പാറിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് അബ്ന പറഞ്ഞു. മുത്തൂറ്റ് ഫിനാൻസിൽ നിന്നുള്ള പിന്തുണ കേവലം സാമ്പത്തിക സഹായം മാത്രമല്ല നൽകുന്നത് തന്റെ കഴിവുകളിൽ വിശ്വസിച്ച് മുന്നേറാനുള്ള ശക്തമായ പ്രചോദനം കൂടിയാണു നൽകുന്നതെന്നും എ എ അബ്ന കൂട്ടിച്ചേർത്തു.
സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളർത്തിയെടുക്കുന്നതിലും സ്പോർട്സിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഉപയോഗിക്കപ്പെടാത്ത നിരവധി കായിക പ്രതിഭകളുടെ കേന്ദ്രമാണ് ഇന്ത്യ. ആ സാധ്യതകളെ തിരിച്ചറിയുന്നതിലും പരിപോഷിപ്പിക്കുന്നതിലും തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.
വ്യക്തിഗത സ്പോൺസർഷിപ്പുകൾക്കപ്പുറം, അത്ലറ്റുകൾക്കുള്ള അടിസ്ഥാന സൗകര്യ പിന്തുണ, സർക്കാർ സ്ഥാപനങ്ങൾ, പാരാ അത്ലറ്റുകൾ, സബ് ജൂനിയർ വെയ്റ്റ് ലിഫ്റ്റർമാർ, ആർച്ചറി പ്രതിഭകൾ, മറ്റു പലർക്കും സഹായം എന്നിവ സ്പോർട്സ് പ്രമോഷന്റെ കീഴിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.