Sections

മുത്തൂറ്റ് ഫിനാൻസിന് 1,045 കോടി രൂപ സംയോജിത അറ്റാദായം

Saturday, Aug 12, 2023
Reported By Admin

കൊച്ചി മുത്തൂറ്റ് ഫിനാൻസ് നടപ്പുസാമ്പത്തിക വർഷം ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 1,045 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 825 കോടി രൂപയായിരുന്നു അറ്റാദായം. 27 ശതമാനമാണ് അറ്റാദായത്തിലെ വർധന. കമ്പനിയുടെ ഒറ്റയ്ക്കുള്ള അറ്റാദായം 22 ശതമാനം വർധിച്ച് 975 കോടി രൂപയായി.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തി 63,444 കോടി രൂപയിൽ നിന്നും 21 ശതമാനം വർധിച്ച് 76,799 കോടി രൂപയായി. സ്വർണപണയ വായ്പാ വിതരണത്തിൽ എക്കാലത്തെയും ഉയർന്ന നേട്ടമാണ് കമ്പനിക്ക് നേടാനായത്. 53,612 കോടി രൂപയുടെ സ്വർണവായ്പകൾ ജൂൺ പാദത്തിൽ വിതരണം ചെയ്തു. ഗോൾഡ് ലോൺ ആസ്തിയിൽ 4,164 കോടിയുടെ ഏറ്റവും ഉയർന്ന വളർച്ച. 2,863 കോടി രൂപയാണ് പലിശ വരുമാനം.

59 പുതിയ ശാഖകൾ മുത്തൂറ്റ് ഫിനാൻസ് ആദ്യപാദത്തിൽ തുറന്നു. 114 പുതിയ ശാഖകൾ കൂടി തുറക്കുന്നതിന് ഈ വർഷം ജൂലൈയിൽ ആർബിഐയിൽ നിന്ന് അനുമതി ലഭിച്ചതായും കമ്പനി അറിയിച്ചു. നിലവിൽ 5,897 ശാഖകളാണ് മുത്തൂറ്റ് ഗ്രൂപ്പിനുള്ളത്. ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങളുടെ വിൽപ്പയിലൂടെ 179 കോടി രൂപയും മുത്തൂറ്റ് ഫിനാൻസ് സമാഹരിച്ചു.

സ്വർണപണയ വായ്പാ ബിസിനസിൽ നേതൃസ്ഥാനത്ത് തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വിവിധ വായ്പാ സേവനങ്ങളിലൂടെ ഉപഭോക്തൃ അടിത്തറ വിശാലമാക്കാനാണ് ശ്രമിക്കുന്നതെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു.

സ്വർണ്ണേതര വായ്പാ വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ബിസിനസ്സിന് അന്തരീക്ഷം തുടരുകയാണ്, തങ്ങളുടെ പുതിയ സേവനങ്ങളായ ചെറുകിട ബിസിനസ് ലോണുകളും മൈക്രോ പേഴ്സണൽ ലോണുകളും ഈ പാദത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.