Sections

ഓഹരി വിപണിയിൽ 15 വർഷങ്ങൾ പൂർത്തിയാക്കി മുത്തൂറ്റ് ഫിനാൻസ്

Friday, May 08, 2026
Reported By Admin
Muthoot Finance Marks 15 Years as Listed Company

കൊച്ചി: ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ട് 15 വർഷം പൂർത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. 2011ൽ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാർന്ന വളർച്ചയും പ്രവർത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയിൽ നിന്ന് 25 മടങ്ങ് വർദ്ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാൻസ്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാത്രം കമ്പനിയുടെ ഓഹരി വില ഇരട്ടിയിലധികമാണ് വർധിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ലക്ഷത്തിലധികം ഓഹരി ഉടമകളുള്ള കമ്പനി 2012 മുതൽ എല്ലാ വർഷവും കൃത്യമായി ഡിവിഡന്റ് നൽകി വരുന്നു. ഇതുവരെ ആകെ 1200 കോടി രൂപയാണ് കമ്പനി ഡിവിഡന്റായി നൽകിയിരിക്കുന്നത്.

ഗ്രൂപ്പിന്റെ 7,500-ലധികം വരുന്ന ബ്രാഞ്ചുകളിൽ 70 ശതമാനവും അർദ്ധനഗര- ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലുടനീളം ഓരോ ദിവസവും 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകുന്നത്. കൂടാതെ, 2025 ഡിസംബർ 31-ലെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ ഏകീകൃത ലോൺ അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) 1.6 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

വിശ്വാസം, സത്യസന്ധത, ഉപഭോക്താക്കൾക്ക് നൽകുന്ന മുൻഗണന എന്നീ മൂല്യങ്ങളിലൂന്നിയാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ചെയർമാന് ജോർജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

1.5 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം പിന്നിട്ടത് കഴിഞ്ഞ 15 വർഷമായി ഉപഭോക്താക്കളും നിക്ഷേപകരും തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. വ്യവസ്ഥാപിതമായ സ്വർണ്ണപ്പണയ വ്യവസായത്തിന് തുടക്കമിട്ട മുത്തൂറ്റിന് ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യമാണ് ഇന്നും കമ്പനിയുടെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള അപ്പർ ലെയർ എൻബിഎഫ്സി വിഭാഗത്തിലാണ് മുത്തൂറ്റ് ഫിനാൻസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിലെ അംഗം കൂടിയാണ് മുത്തൂറ്റ് ഫിനാൻസ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.