Sections

കൊച്ചിയിൽ പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേൺഷിപ്പ് പരിപാടി ആദ്യമായി ലഭ്യമാക്കിക്കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് മുത്തൂറ്റ് ബിസിനസ് സ്കൂൾ അവതരിപ്പിച്ചു

Sunday, Jul 20, 2025
Reported By Admin
Muthoot Group Launches Business School in Kochi

കൊച്ചി: മുൻനിര സാമ്പത്തിക സ്ഥാപനവും മുത്തൂറ്റ് ഫിനാൻസിന്റെ മാതൃ കമ്പനിയുമായ മുത്തൂറ്റ് ഗ്രൂപ്പ് കൊച്ചിയിൽ മുത്തൂറ്റ് ബിസിനസ് സ്കൂൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അകാദമിക് മികവുകളും വ്യവസായങ്ങളുമായുള്ള സംയോജനവും സാങ്കേതികവിദ്യാ നേട്ടങ്ങളും ധാർമികമായ നേതൃത്വവുമെല്ലാം സംയോജിപ്പിച്ചുള്ള രീതിയാണ് നിയോ ടെക് ഗ്ലോബൽ കോർപ്പറേറ്റ് ബിസിനസ് സ്കൂൾ എന്ന മുത്തൂറ്റ് ബിസിനസ് സ്കൂൾ പിന്തുടരുക.

ഗ്രൂപ്പ് നേതൃത്വത്തിന്റേയും വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും സാന്നിധ്യത്തിൽ ഡോ. ശശി തരൂർ എംപി ബിസിനസ് സ്കൂൾ അവതരിപ്പിച്ചു. ഫലകം അനാച്ഛാദനം ചെയ്ത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തി വിദ്യാഭ്യാസത്തിലൂടെ രാഷ്ട്ര നിർമാണത്തിനു ഗ്രൂപ്പ് നൽകുന്ന സേവനങ്ങളെ പ്രശംസിച്ചു. മൂത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷ പ്രസംഗം നടത്തി. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റ് മുഖ്യ പ്രഭാഷണം നടത്തി.

മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർമാരായ ജോർജ്ജ് എം ജോർജ്ജ്, ജോർജ്ജ് മുത്തൂറ്റ് ജേക്കബ്ബ്, മുത്തൂറ്റ് ബിസിനസ് സ്കൂൾ സ്ഥാപക ഡയറക്ടറും അകാദമിക്സ് ഡീനുമായ പ്രൊഫ. ഡോ. ആനന്ദ് അഗ്രവാൾ, മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇഡിയും സിഒഒയുമായ കെ ആർ ബിജിമോൻ, എംഐടിഎസ് പ്രിൻസിപാൾ പി സി നീലകണ്ഠൻ, മുത്തൂറ്റ് ബിസനസ് സ്കൂൾ ഇന്റർനാഷണൽ റിലേഷൻസ് ഡീൻ പ്രൊഫ. ഡോ ഡേവിഡ് ടെറേലാഡ്സേ, ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ പി പദ്മകുമാർ, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ വളർത്തിയെടുത്ത് ജീവിതങ്ങളെ ശാക്തീകരിക്കുക എന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക കാഴ്ചപ്പാടിന്റെ തുടർച്ചയാണ് എംബിഎസിന്റെ അവതരണം. ഇവയിൽ അടിയുറച്ചു കൊണ്ട് കോർപ്പറേറ്റുകൾക്ക് പ്രസക്തിയുള്ള അകാദമിക് മികവുകളും ആഗോള തലത്തിലെ അവസരങ്ങളും ലഭ്യമാക്കുന്നതാണ് മുത്തൂറ്റ് ബിസിനസ് സ്കൂളിന്റെ രീതി.

വിദ്യാഭ്യാസ രംഗത്തേക്കു കടന്നു വരുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ കാഴ്ചപ്പാടുകളെ ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ശശി തരൂർ എംപി ശ്ലാഘിച്ചു. ധാർമികതയും സഹാനുഭൂതിയും ആഗോള ചിന്താഗതിയുമുള്ള ബിസിനസ് നേതാക്കളാണു വേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യഥാർത്ഥ ലോകത്തിലെ അനുഭവങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ പഠന രംഗത്തെ മികവുകൾ സംയോജിപ്പിക്കുകയും പ്രീ-പിജിഡിഎം ഇന്റേൺഷിപ്പുകൾ വഴി തൊഴിലുമായി ബന്ധിപ്പിച്ച പഠന രീതി ആവിഷ്ക്കരിക്കുകയും എഐ, ബ്ലോക്ക് ചെയിൻ പോലുള്ള അത്യാധുനീക രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന എംബിഎസിനെ ശശി തരൂർ പ്രശംസിച്ചു. ആഗോള തലത്തിലുള്ള നേതൃത്വത്തെ വാർത്തെടുക്കാൻ പര്യാപ്തമായതാണ് ഈ സ്ഥാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കണം ഇന്നത്തെ സ്ഥാപനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധാർമികതയില്ലാത്ത വാണിജ്യത്തിനെതിരായ മഹാത്മാഗാന്ധിയുടെ മുന്നറിയിപ്പ് ഉയർത്തിക്കാട്ടിക്കാട്ടിക്കൊണ്ട് മനസാക്ഷിയും സുസ്ഥിരതയുമുള്ള കോർപ്പറേറ്റ് ലോകമാണു വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേവലം വിപണിക്കു വേണ്ടി മാത്രമല്ല നിങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നതെന്നും സമൂഹത്തിനു രൂപം നൽകാൻ നിങ്ങൾ പര്യാപ്തരായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആദ്യ ബാച്ചിലെ വിദ്യാർത്ഥികളോടു പറഞ്ഞു.

മുത്തൂറ്റ് കുടുംബത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും നയിച്ച മൂത്തൂറ്റ് ഗ്രൂപ്പ് ആറു ദശാബ്ദത്തിലേറെയായി സമൂഹത്തിനു പ്രസക്തമായ രീതിയിൽ അഭിവൃദ്ധിയോടു കൂടിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുകയായിരുന്നു എന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച മൂന്നു റാങ്കുകളിൽ ഉൾപ്പെട്ട എഞ്ചിനീയറിങ് കോളേജ് ഉൾപ്പെടെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ആശുപത്രികളും ഉൾപ്പെടെ രാഷ്ട്ര നിർമാണത്തിനായുള്ള സേവനങ്ങളിൽ സ്ഥിരമായി ഊന്നിയാണ് തങ്ങളുടെ സേവനങ്ങൾ തുടരുന്നത്. ഇന്ന് തങ്ങൾ ശക്തമായ പുതിയൊരു ചുവടുവെപ്പു നടത്തുകയാണ്. നിയോ ടെക് ഗ്ലോബൽ കോർപ്പറേറ്റ് ബിസിനസ് സ്കൂളിനു തുടക്കം കുറിച്ചതോടെ തങ്ങൾ കേവലം പുതിയൊരു സ്ഥാപനം ആരംഭിക്കുകയല്ല ചലനാത്മകമായ ഒരു കാഴ്ചപ്പാടു സ്ഥാപിക്കുകയാണു ചെയ്യുന്നത്. നേതാക്കളെ സൃഷ്ടിക്കുന്നതിൽ നേതാക്കളിലുള്ള തങ്ങളുടെ വിശ്വാസമാണിതു പ്രതിഫലിപ്പിക്കുന്നത്. മുൻകാല പാരമ്പര്യത്തിൽ ഉറച്ചു നിന്നു കൊണ്ട് ഭാവിയിലേക്കുള്ള ഒരു കാഴ്ചപ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തൂറ്റ് ബിസിനസ് സ്കൂളിന്റെ മുഖ്യ സവിശേഷതകൾ

പ്രീ-പിജിഡിഎം പെയ്ഡ് ഇന്റേൺഷിപ്പ് ലഭ്യമാക്കുന്ന സവിശേഷമായ നവീന നീക്കമാണ് എംബിഎസ് അവതരിപ്പിക്കുന്നത്. ഇതിലൂടെ വിദ്യാർത്ഥികൽക്ക് മുത്തൂറ്റ് ഗ്രൂപ്പുമായി ചേർന്ന് മൂന്നു മാസത്തെ പെയ്ഡ് ഇന്റേൺഷിപിന് അവസരം ലഭിക്കും. പ്രതിമാസം 25,000 രൂപ നേടാനും യഥാർത്ഥ ബിസിനസ് ചുമതലകൾ നിർവഹിക്കാനും പ്രീ-പ്ലെയ്സ്മെന്റ് അവസരങ്ങൾ വഴി 9 ലക്ഷം രൂപ വരെ എൽപിഎ പഠനം പൂർത്തിയാക്കുന്നതിനു മുൻപു തന്നെ നേടാനും ഇതുവഴി അവസരം ലഭിക്കുകയും ചെയ്യും.

എഐസിടിഇ അംഗീകാരമുള്ള രണ്ടു വർഷത്തെ പിജിഡിഎം കോഴ്സാണ് എംബിഎസ് അവതരിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലും വ്യവസായത്തിലും ശക്തമായ ശ്രദ്ധ പതിപ്പിക്കുന്നതു കൂടിയാണിതിന്റെ രീതി. ഉയർന്ന ഡിമാന്റ് ഉള്ളതും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായതുമായ താഴെ പറയുന്ന സ്പെഷലൈസേഷനുകൾക്കാണിവിടെ ശ്രദ്ധ നൽകുന്നത്.

  • എച്ച്ആർഎമ്മിന്റെ കൂടെ അനലിറ്റിക്സ്: ആധുനിക തൊഴിലിടങ്ങൾക്കായുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തന്ത്രങ്ങളാണിതിലുള്ളത്.
  • ഫിൻടെകുമായുള്ള ഫിനാൻസ്: സാമ്പത്തിക സാങ്കേതികവിദ്യകളുടേയും ഡിജിറ്റൽ സമ്പദ്ഘടനയുടേയും ഭാവി പ്രയോജനപ്പെടുത്തുന്നതാണിത്.
  • മാർക്കറ്റിങും അനലറ്റിക്സും: ഡാറ്റാ സയൻസിന്റെ പിന്തുണയോടെയുള്ള ആധുനിക ഉപഭോക്തൃ കാഴ്ചപ്പാടുകളാണിതിൽ പ്രയോജനപ്പെടുത്തുന്നത്.
  • ഡാറ്റാ സയൻസും ബിസിനസ് ഇന്റലിജൻസും: നിർമിത ബുദ്ധി, ബിഗ് ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ തന്ത്രപരമായ ബിസിനസ് തീരുമാനങ്ങൾക്ക് സഹായിക്കുന്നതാണിത്.

അനുഭവങ്ങളിൽ അധിഷ്ഠിതമായ പഠനം, ലൈവ് ബിസിനസ് പദ്ധതികൾ, പരീക്ഷണാധിഷ്ഠിത പഠനം തുടങ്ങിയവയിൽ ആഴത്തിൽ ഊന്നിയുള്ളതാണ് മുത്തൂറ്റ് ബിസിനസ് സ്കൂളിന്റെ പാഠ്യപദ്ധതി. തൊഴിൽദാതാക്കൾ മുഖ്യമായി മൂല്യം കൽപിക്കുന്ന പ്രായോഗിക കഴിവുകൾ നേടാൻ ഇതു വിദ്യാർത്ഥികളെ സഹായിക്കും.

വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പരിചയപ്പെടുത്തുന്നതും വിവിധ സംസ്ക്കാരങ്ങളിലെ ബിസിനസുകൾ മനസിലാക്കുന്നതുമായ രീതിയിൽ അന്താരാഷ്ട്ര വിനിമയ പദ്ധതികളും ഗ്ലോബൽ ലേണിങ് നീക്കങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. ഭാവിയിലേക്കു കണ്ണു നട്ടുള്ളതും ബ്ലോക്ക് ചെയിൻ നിർമിത ബുദ്ധി, മെറ്റാവേഴ്സ് തുടങ്ങിയ വളർന്നു വരുന്ന സാങ്കേതികവിദ്യകളിൽ ഊന്നിയുള്ളതുമായ പഠന രീതികൾ വളർന്നു വരുന്ന ഡിജിറ്റൽ സമ്പദ്ഘടനയിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സഹായിക്കും.

ഓരോ വിദ്യാർത്ഥിക്കും ഗുണകരമാകുന്നതാണ് ഇൻഡിവിജ്വൽ ഡെലവപ്മെന്റ് പ്ലാനുകൾ (ഐഡിപി). പരിചയ സമ്പന്നരായ മെന്റർമാർ വികസിപ്പിച്ച് മാർഗനിർദ്ദേശം നൽകുന്നതും പ്രത്യേകമായ സ്റ്റുഡന്റ് സക്സസ് സെന്റർ വഴി നടപ്പാക്കുന്നതുമായ ഇവ പഠന പരിശീലനവും കരിയർ ആസൂത്രണവും കോഴ്സിന്റെ കാലഘട്ടത്തിൽ മുഴുവനും സാധ്യമാക്കും.

എല്ലാവരേയും ഉൾപ്പെടുത്തിയും ശാക്തീകരിച്ചും മുന്നേറുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ദൗത്യത്തിന്റെ ചുവടു പിടിച്ച് കഴിവിന്റെ അടിസ്ഥാനത്തിലും ആവശ്യത്തിന്റെ അടിസ്ഥാനത്തിലും ഉള്ള സ്കോളർഷിപുകളും എംബിഎസ് നൽകുന്നുണ്ട്. അന്താരാഷ്ട്ര ഗ്രാന്റുകൾ വഴി കഴിവുകൾ വളർത്താനുള്ള അവസരവും സാമ്പത്തിക പശ്ചാത്തലങ്ങൾ കണക്കിലെടുക്കാതെ ലഭ്യമാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.