Sections

നട്ടംതിരിഞ്ഞ്  ട്വിറ്റര്‍ ജീവനക്കാര്‍

Wednesday, Nov 16, 2022
Reported By MANU KILIMANOOR

കമ്പനിയുടെ  സുരക്ഷാ വീഴ്ച തങ്ങളെ വെട്ടിലാക്കുമോ എന്ന ആശങ്കയില്‍ ജീവനക്കാര്‍

കൂട്ടപിരിച്ചുവിടലിന് പിന്നാലെ ആകെമൊത്തം നട്ടംതിരിയുകയാണ് ട്വിറ്റര്‍ ജീവനക്കാര്‍. ഇപ്പോഴിതാ തങ്ങള്‍ ജയിലിലാകുമോ എന്ന ആശങ്ക കൂടി ജീവനക്കാര്‍ പങ്കുവെച്ചിരിക്കുകയാണ്. കമ്പനിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സുരക്ഷാ വീഴ്ച ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നില്‍. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ 20 വര്‍ഷത്തെ കരാര്‍ വ്യവസ്ഥകള്‍ കമ്പനി ലംഘിച്ചാല്‍ പോലും ജീവനക്കാര്‍ ആരും ജയിലില്‍ പോകേണ്ടിവരില്ല എന്നാണ് കമ്പനിയുടെ ലീഗല്‍ ടീം പറയുന്നത്. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഫ്ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയാത്ത ജീവനക്കാര്‍ക്ക് പോലും തങ്ങള്‍ ജയിലില്‍ പോവേണ്ടിവരുമോ എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. ടെക് ലോകം കണ്ട കൂട്ടപിരിച്ചുവിടലിന്റെയും പുതിയ മേധാവിയായ എലോണ്‍ മസ്‌കിന്റെ പരിഷ്‌കരണത്തിന്റെയും മാറി വരുന്ന ഡെഡ് ലൈനുകളുടെയും ഇരകളാണ് ട്വിറ്ററിലെ ജീവനക്കാര്‍. പലവിധ കാരണങ്ങള്‍ കൊണ്ട് പുറത്താകാതെ പിടിച്ചു നില്‍ക്കുന്ന, നിസഹയരായ ജീവനക്കാരാണ് അതിലേറെയും. പെട്ടെന്നുണ്ടായ മാറ്റം നല്‍കുന്ന സമ്മര്‍ദത്തിന് പിന്നാലെയാണ് പുതിയ പ്രശ്‌നം.

ആയിരത്തിലധികം ജീവനക്കാരും സൈബര്‍ സുരക്ഷാ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇപ്പോള് ട്വിറ്ററിന്റെ പടിക്ക് പുറത്താണ്. ഇതാണ് ജീവനക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. പരസ്യദാതാക്കളുമായും ഗവേഷണ പങ്കാളികളുമായും ഉപയോക്തൃ ഡാറ്റ പങ്കിടുന്നതില്‍ മേല്‍നോട്ടം വഹിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ടീമിനെയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം പിരിച്ചുവിട്ടത്. ഈ നീക്കമാണ് സുരക്ഷ നീക്കം സംബന്ധിച്ച അപകടത്തെയും എഫ്ടിസി നിയമ സാധ്യതയുടെ ലംഘനങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിരിക്കുന്നത്.

കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടതിന് പിന്നാലെ നിരവധി ഉദ്യോഗസ്ഥര്‍ കമ്പനി വിട്ടിരുന്നു. ഇതില്‍ ഉപഭോക്താക്കളുടെ സ്വകാര്യത, സുരക്ഷ, വിവിധ നിയമങ്ങളുടെ പാലനം തുടങ്ങിയവയ്‌ക്കെല്ലാം മേല്‍നോട്ടം വഹിച്ചവരും ഉള്‍പ്പെടുന്നുണ്ട്. അപൂര്‍വമായി ആണെങ്കിലും മുന്‍പും കമ്പനിയുടെ സുരക്ഷാ ലംഘനങ്ങളുടെ പേരില്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് വ്യക്തിഗത ബാധ്യതകള്‍ ഉണ്ടായിട്ടുണ്ട്. മുന്‍ യൂബര്‍ സെക്യൂരിറ്റി ഹെഡ് ജോ സള്ളിവന്‍ സാന്‍ ഫ്രാന്‍സിസ്‌കോയെ ഒരുതവണ ഫെഡറല്‍ കോടതി കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. 2016-ലെ ഹാക്കിങ് സംബന്ധിച്ച കേസിലെ വിശദാംശങ്ങള്‍ അദ്ദേഹം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നതാണ് വിനയായത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.