അടിക്കടി മഴയും വെയിലും മാറിവരുന്ന കേരളത്തിലെ കാലാവസ്ഥയിൽ, വീടുകളുടെ ശോഭ കെടുത്തുന്ന വില്ലനാണ് പായൽ. മേൽക്കൂരയുടെയും പുറംഭിത്തികളുടെയും ഭംഗി നഷ്ടപ്പെടുന്നതിന് പുറമേ കോൺക്രീറ്റ് പ്രതലങ്ങളിലും സ്റ്റെപ്പുകളിലും വളരുന്ന പായലുകൾ അപകടകാരികൾ കൂടിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വഴുതിവീണ് വലിയ അപകടങ്ങൾ ഉണ്ടായെന്നുവരാം. മേൽക്കൂരകളിൽ വളരുന്ന പായലുകൾ ജലാംശം അധികമായി ശേഖരിച്ചുവയ്ക്കുന്നതിനാൽ ഭിത്തിയിലേക്ക് ഇറങ്ങാനും വിള്ളലും ചോർച്ചയുമുണ്ടാവാനുള്ള സാധ്യതയുമുണ്ട്. അതിനാൽ പായലുകളുടെ ശല്യം കണ്ടില്ലെന്ന് നടിക്കാതെ അവ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.
- കോൺക്രീറ്റ് പ്രതലങ്ങളിൽ പായൽ പറ്റിപ്പിടിച്ചു വളരുന്ന ഭാഗത്ത് ബേക്കിങ് സോഡ വിതറിയശേഷം 24മണിക്കൂർ അതേ നിലയിൽ തുടരാൻ അനുവദിക്കുക. മഴ കുറവുള്ള ദിവസങ്ങളിൽ ചെയ്യുന്നതാണ് കൂടുതൽ പ്രയോജനപ്രദം. ഇളകിത്തുടങ്ങിയ പായൽ പിന്നീട് എളുപ്പത്തിൽ തൂത്തുവാരി നീക്കാവുന്നതേയുള്ളൂ.
- വെളുത്ത വിനാഗിരിയും വെള്ളവും സമാസമം കലർത്തി പായൽ പിടിച്ച ഭാഗത്ത് നേരിട്ട് ഒഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യാം. മിശ്രിതം അടിക്കുന്നതോടെ ആരോഗ്യം നഷ്ടപ്പെടുന്ന പായൽ എളുപ്പത്തിൽ നീക്കം ചെയ്യാനാവും. ടൈലുകളിലെ പായൽ നീക്കം ചെയ്യുന്നതിനും ഏറ്റവും ഉപയോഗപ്രദമായ മാർഗ്ഗമാണിത്. എന്നാൽ വിനാഗിരിയുടെ ഉപയോഗം മൂലം ടൈലിന്റെ നിറം മങ്ങുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആദ്യം അൽപം ലായനി ടൈലുകളുടെ അരികു ഭാഗങ്ങളിൽ പ്രയോഗിച്ച് നോക്കിയ ശേഷം മാത്രം കൂടുതൽ ഇടങ്ങളിൽ ഉപയോഗിക്കുക.
- ബ്ലീച്ചിന്റെ പ്രയോഗം പല ഉപരിതലങ്ങൾക്കും ഹാനികരമാണ്. എന്നാൽ പായൽ നീക്കം ചെയ്യാൻ ഏറെ ഉപയോഗപ്രദവുമാണ്. ബ്ലീച്ച് സൊല്യൂഷൻ വെള്ളവുമായി കലർത്തിയ ശേഷം പായലിലേക്ക് നേരിട്ട് ഒഴിക്കുക. അല്പസമയത്തിനുശേഷം കട്ടിയുള്ള ബ്രഷുകൊണ്ട് ഉരച്ച് ഹോസ് ഉപയോഗിച്ച് കഴുകി നീക്കാം. പുൽത്തകിടിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ബ്ലീച്ച് ലായിനി പുല്ലുകളിൽ വീഴുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇവിടങ്ങളിൽ ഗാർഡൻ ബ്ലീച്ച് വാങ്ങി ഉപയോഗിക്കുന്നതാണ് ഉചിതം.
- പുൽത്തകിടിയിൽ വളരുന്ന പായലുകൾ ഭംഗി നശിപ്പിക്കുക മാത്രമല്ല പുല്ലുകളുടെ വളർച്ചയെയും ബാധിക്കും. ഇതിന് തടയിടാൻ വർഷത്തിലൊരിക്കൽ പുൽത്തകിടിയിൽ ചുണ്ണാമ്പ് തളിക്കാം.ചുണ്ണാമ്പ് ഏറെയുള്ള മണ്ണിൽ പായലിന് വേരുപിടിക്കാൻ പ്രയാസമാണ്.ഇതോടൊപ്പം പുല്ലിന് കൃത്യമായി വളപ്രയോഗം നടത്തുകയും ചെയ്യുക.
- പൂന്തോട്ടത്തിലും മറ്റും ഫർണിച്ചർ ഇട്ടിട്ടുണ്ടെങ്കിൽ അവയിൽ പായൽ വളരുന്നത് സാധാരണമാണ്. ഇവ നീക്കം ചെയ്യുമ്പോൾ ഫർണിച്ചർ ഏത് മെറ്റീരിയൽകൊണ്ട് നിർമ്മിച്ചതാണെന്നത് കണക്കിലെടുത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്, സ്റ്റീൽ അലുമിനിയം തുടങ്ങിയവകൊണ്ട് നിർമ്മിച്ച ഫർണിച്ചറുകളിലെ പായൽ നീക്കം ചെയ്യാൻ ഏതു ക്ലീനറാണോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് അത് ആദ്യം ചൂടുവെള്ളത്തിൽ കലർത്തുക. സ്പോഞ്ചോ മൃദുവായ തുണിയോ ഈ വെള്ളത്തിൽ മുക്കിയശേഷം ഫർണിച്ചറുകളിലെ പായൽ സാവധാനം തുടച്ചു നീക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.