Sections

ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല: ടിആർസിഎംപിയു

Friday, Jun 05, 2026
Reported By Admin
Milma Clarifies Sabarimala Ghee Supply for Mandala Season

തിരുവനന്തപുരം: 2025 ലെ മണ്ഡലകാലത്ത് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതിൽ മിൽമയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ടിആർസിഎംപിയു) അറിയിച്ചു.

കരാർ പ്രകാരം ക്ഷേത്രത്തിലേക്ക് ആവശ്യമായ അളവിൽ നെയ്യ് എത്തിക്കുന്നതിൽ മിൽമയുടെ പത്തനംതിട്ട ഡെയറി എല്ലാ നിയമാനുസൃത നടപടിക്രമങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും കർശനമായി പാലിച്ചിരുന്നു. കൃത്യമായ അളവിലും ഗുണനിലവാരത്തിലും ക്ഷേത്രത്തിൽ നെയ്യ് ലഭിച്ചിട്ടുണ്ടെന്ന സ്ഥിരീകരണം ദേവസ്വം അധികൃതരിൽ നിന്നും ഡെയറി അധികൃതർക്ക് ലഭിച്ചു. അതനുസരിച്ച് കണക്കുകൾ തീർപ്പാക്കി.

ക്ഷീരകർഷകരുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന ഒരു സഹകരണ പ്രസ്ഥാനമെന്ന നിലയിൽ ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഉണ്ടാക്കിയ കരാർ ഒരു ചരിത്രപരമായ നേട്ടമായി മിൽമ കണക്കാക്കി.

ഈ നേട്ടത്തിൽ കരിനിഴൽ വീഴ്ത്താനും സമാന സ്വഭാവമുള്ള കൂടുതൽ ഇടപെടലുകളിൽ നിന്ന് ടിആർസിഎംപി യുവിനെ നിരുത്സാഹപ്പെടുത്താനും ചില കോണുകൾ കിംവദന്തികൾ പ്രചരിപ്പിച്ചുകൊണ്ട് ശ്രമങ്ങൾ നടത്തുന്നത് നിർഭാഗ്യകരമാണ്. ഇത്തരം ശ്രമങ്ങളെ തിരുവനന്തപുരം മേഖലാ യൂണിയൻ ശക്തമായി അപലപിക്കുന്നു. മേഖലാ യൂണിയൻറെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണം.

കർഷകരിൽ നിന്ന് പാൽ സംഭരിച്ച് പാലും പാലുത്പ്പന്നങ്ങളും ആക്കി വിറ്റ് അതിൻറെ ലാഭം തിരികെ കർഷകർക്ക് നല്കുന്ന പ്രസ്ഥാനമാണ് മിൽമ.

തിരുവനന്തപുരം മേഖലാ യൂണിയൻ കർഷകർക്ക് ഇൻസെൻറീവായി ഏകദേശം 19 കോടി രൂപയും വിവിധ കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് ഏകദേശം 25 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചിരുന്നു.

ഈ സാമ്പത്തികവർഷം 30 കോടി രൂപയുടെ പദ്ധതികളാണ് കർഷകർക്കായി നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.