- Trending Now:
തിരുവനന്തപുരം: ക്ഷീരകർഷരുടെ പാൽ ഉത്പാദന ചെലവ് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ മിൽമ പാൽവില ലിറ്ററിന് നാല് രൂപ വർധിപ്പിക്കും. ബുധനാഴ്ച ചേർന്ന ഫെഡറേഷൻറെ ബോർഡ് മീറ്റിംഗിലാണ് തീരുമാനം. ജൂൺ ഒന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
ഇത് പ്രകാരം 4 രൂപ പാൽ വില വർധിക്കുമ്പോൾ കർഷകന് മൊത്തം വർദ്ധനയുടെ 83.75 ശതമാനവും (3 രൂപ 35 പൈസ), പാൽ സൊസൈറ്റിക്ക് 6.25 ശതമാനവും (25 പൈസ) ലഭിക്കും.
കടുത്ത വരൾച്ചയും, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാലിൻറെ വില ഗണ്യമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖലാ യൂണിയനുകൾക്ക് പാൽ വിൽപനയിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ്. മണി പറഞ്ഞു. ഉത്പാദനോപാധികളുടെ ഗണ്യമായ വില വർദ്ധനവും വരുമാനത്തിലെ കുറവും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കി. ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിന് പാൽ വില വർദ്ധനവ് അത്യന്തം അനിവാര്യമാണ്.
ഈയിടെ ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധികൾ കാരണം പെട്രോൾ ഡീസൽ വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവ് പാലിൻറെയും പാൽ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. പാലും പാലുത്പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എൽഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കപ്പുകൾ മുതലായവയുടെ വില 50-75 ശതമാനം വരെ വർദ്ധിച്ചതിനാൽ പാലിൻറെ പ്രോസ്സസ്സിംഗ്, പാക്കിംഗ് വിപണന ചെലവുകൾ കുത്തനെ ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാൽവില വർദ്ധനവ് നിലവിൽ വരുന്നതോടെ ക്ഷീരകർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന് 43.39 രൂപ നല്കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു. മുൻപ് 26 രൂപയായിരുന്ന ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്കിൻറെ അരലിറ്റർ പാക്കറ്റിന് പുതുക്കിയ വില 28 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.