- Trending Now:
കൊച്ചി: മിൽമയുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.സി.എം.എം.എഫ് - മിൽമയും ഫുഡ്ലിങ്ക്സ് ഫുഡ് ആൻഡ് ബിവറേജ് സൊല്യൂഷൻസും ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം ഇടപ്പള്ളിയിലെ മിൽമ ഓഫീസിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്. മണിയുടെ സാന്നിധ്യത്തിൽ മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും ഫുഡ്ലിങ്ക്സ് പാർട്ണർ മുഹമ്മദ് ഷിബുവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ധാരണാപത്രം പ്രകാരം സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് പ്രീമിയം മിൽമ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള അവകാശം ഫുഡ്ലിങ്ക്സിന് ലഭിക്കും. പ്രതിമാസം 20 ടൺ മിൽമ നെയ്യ് ഈ നാല് രാജ്യങ്ങളിലായി വിതരണം ചെയ്യാനായി വാങ്ങണമെന്ന് കരാർ നിഷ്കർഷിക്കുന്നു. ഇതിനു പുറമെ ഓരോ രാജ്യത്തും പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള നിബന്ധനയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലുലു ഗ്രൂപ്പിന്റെ മിൽമ വിതരണ ശൃംഖലയെ ബാധിക്കാത്ത രീതിയിലായിരിക്കും ഈ രാജ്യങ്ങളിലെ വിപണനം നടക്കുക എന്ന് കരാർ പ്രത്യേകം വ്യക്തമാക്കുന്നു.
വിദേശ വിപണിയിൽ മിൽമയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും വിപണി വിപുലീകരിക്കാനും ഈ പുതിയ സഹകരണം വഴിതുറക്കുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. ലുലു ഗ്രൂപ്പിന് പുറമെ മിൽമയുടെ ഉത്പന്നങ്ങൾ നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ചെറിയതോതിൽ വിതരണം ചെയ്യുന്ന ഡീലർമാരുണ്ട്. അവരുടെ പ്രവർത്തനത്തെ അലോസരപ്പെടുത്താത്ത വിധത്തിലായിരിക്കും ഈ സഹകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാരണാപത്ര പ്രകാരം നിശ്ചിത ഗുണനിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുക എന്നത് മിൽമയുടെ ഉത്തരവാദിത്തമായിരിക്കും. ആലപ്പുഴ പുന്നപ്രയിലുള്ള സെൻട്രൽ പ്രൊഡക്ട്സ് ഡയറിയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ കയറ്റുമതിക്കായി കൈമാറുന്നത്. വിദേശ രാജ്യങ്ങളിലെ വിതരണത്തിനാവശ്യമായ ലോജിസ്റ്റിക്സ്, കസ്റ്റംസ് ക്ലിയറൻസ്, അതത് രാജ്യങ്ങളിലെ നിയമപരമായ അനുമതികൾ എന്നിവയെല്ലാം ഫുഡ്ലിങ്ക്സ് നേരിട്ട് നിർവഹിക്കണം. ഉൽപ്പന്നങ്ങൾ കൈമാറുന്നതിന് മുമ്പായി മുഴുവൻ തുകയും മുൻകൂറായി മിൽമയ്ക്ക് നൽകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാറെങ്കിലും പ്രവർത്തനക്ഷമതയും വിൽപന ലക്ഷ്യങ്ങളും വിലയിരുത്തി ഇത് രണ്ട് വർഷം വരെ നീട്ടാവുന്നതാണ്.
മിൽമ പർച്ചെയ്സ് മാനേജർ ശ്രീകുമാർ ടി, മിൽമ ആലപ്പുഴ യൂണിറ്റ് ഹെഡ് ശ്യാമ കൃഷ്ണൻ, മാർക്കറ്റിംഗ് ഓഫീസർ സജിന ടികെ, മിൽമ മാർക്കറ്റിംഗ് ആൻഡ് ക്യു സി മാനേജർ മുരുകൻ വി എസ്, ഫുഡ് ലിങ്ക്സ് ഡയറക്ടർമാരായ സുബിൻ മക്കാർ, ഫഹീം പുതുശേരി, മിൽമ ബിഡിഎം ബിബിൻ ടി ആഞ്ചലോസ് തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.