Sections

മുതല്‍ മുടക്ക് വളരെ കുറവ്; ലാഭം നേടാം ഈ സംരംഭത്തിലൂടെ...  

Monday, Oct 31, 2022
Reported By admin
farming

പൊതുവിപണിയില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് വാങ്ങാന്‍ സാധിക്കും


കുറഞ്ഞ മുതല്‍മുടക്കില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഉയര്‍ന്ന രോഗ പ്രതിരോധശേഷിയുള്ളവയാണ് ടര്‍ക്കികള്‍. മറ്റ് പക്ഷികളെക്കാള്‍ കൂടുതല്‍ മാംസവും ഇവയില്‍ നിന്നും ലഭിക്കും. കൂടാതെ മുട്ടയ്ക്കും ഇറച്ചിയ്ക്കും നല്ല വിലയും ഡിമാന്റുമാണ്. ടര്‍ക്കികള്‍ ഏത് കാലാവസ്ഥയിലും വളരും. ഉഷ്ണകാലവും ശീതകാലവും അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയും. മറ്റ് വളര്‍ത്തു പക്ഷികള്‍ക്ക് നല്‍കുന്നതുപോലെ വലിയ സംരക്ഷണമൊന്നും ഇവയ്ക്ക് ആവശ്യമില്ല.

ബ്രോഡ് ബ്രെസറ്റ്ഡ് ലാര്‍ജ് വൈറ്റ്, ബ്രോഡ് ബ്രയിസ്റ്റഡ് ബോണ്‍സ്, ബെല്‍സ് വില്‍ സ്മാള്‍ വൈറ്റ് എന്നിവയാണ് ടര്‍ക്കിയുടെ പ്രധാന ഇനങ്ങള്‍. ബ്രോഡ് ബ്രൈസ്റ്റഡ് ലാര്‍ജ് വൈറ്റിന് പൊതുവെ വെളുത്ത നിറമാണ്. കടുത്ത ഉഷ്ണത്തെ അതിജീവിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. ബ്രോഡ് ബ്രൈസ്റ്റഡ് ബോണ്‍സ് എന്ന ഇനം ടര്‍ക്കികള്‍ക്ക് കറുത്ത നിറമാണ്. പിട ടര്‍ക്കികളുടെ നെഞ്ചിലെ തൂവല്‍ വെളുത്ത നിറമായിരിക്കും.

25 ആഴ്ച കൊണ്ട് പത്ത് കിലോ വരെ തൂക്കം ഇവയ്ക്ക് ഉണ്ടാകും. ബെല്‍സ് വില്‍ സ്മാള്‍ വൈറ്റ് താരതമ്യേന ചെറിയ ടര്‍ക്കികളാണ്. എന്നാല്‍ മുട്ട ഉല്‍പാദനത്തില്‍ ഇവ മുന്‍പന്തിയിലാണ്. വര്‍ഷത്തില്‍ 70 മുതല്‍ 120 മുട്ട വരെ ഇവയില്‍ നിന്നും ലഭിക്കും. ടര്‍ക്കികളെ കൂട്ടിനുള്ളില്‍ മാത്രമിടാതെ അഴിച്ചുവിട്ടു വളര്‍ത്തുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് തീറ്റയുടെ ചിലവ് കുറയ്ക്കും. ഇനി കൂട്ടിലിട്ട് വളര്‍ത്തുകയാണെങ്കില്‍ ധാരാളം ഇല വര്‍ഗങ്ങള്‍ നല്‍കുന്നതാണ് നല്ലത്. അതായത് വാഴയില, പപ്പായ ഇല, അസോള തുടങ്ങിയവ ഇവയ്ക്ക് നല്‍കാം. മാത്രമല്ല പൊതുവെ ശാന്തസ്വഭാവമില്ലാത്ത ഇവ തമ്മില്‍ കൊത്തുകൂടാതിരിക്കാനും കൂട്ടില്‍ അടച്ചിടാതിരിക്കുന്നത് നല്ലതാണ്. പ്രജനനത്തിനായി വളര്‍ത്തുന്ന ടര്‍ക്കികള്‍ ഒരു ആണ്‍ ടര്‍ക്കിക്ക് 12 പിടകള്‍ വരെ എന്നാണ് കണക്ക്. പൂവന്മാരുടെ തലയില്‍ മാംസ മുഴകളും കൊക്കില്‍ വലുതായി സ്‌നൂഡും കാണപ്പെടും. പിടയില്‍ ഇത് ചെറുതായിരിക്കും.

ടര്‍ക്കി കുഞ്ഞുങ്ങള്‍ക്ക് 14 ദിവസം വരെ കൃത്രിമ ചൂട് നല്‍കണം. ഇതിനെ ബ്രൂഡിങ് എന്നാണ് വിളിക്കുന്നത്. കുഞ്ഞുങ്ങളെ കൂട്ടിലാക്കുന്നതിന് മുമ്പ് കൂട് അണുവിമുക്തമാക്കണം. വൃത്തിയുള്ളതും ഉണങ്ങിയതുമായ തറയില്‍ ചിന്തേരു പൊടി ഇടണം. ആദ്യ ആഴ്ച കടലാസ് വിരിക്കുന്നതാണ് ഉത്തമം. ഗുണമേന്മയുള്ള ടര്‍ക്കികളെ കിട്ടാന്‍ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. ഒന്നാം ദിവസം ആര്‍ഡിഎഫ് വണ്‍ വാക്‌സിന്‍, അഞ്ചാം ആഴ്ച ഫൗള്‍ പോക്‌സ് വാക്‌സിന്‍, ആറാം ആഴ്ച ആര്‍ 2 ബി എന്നിവ യഥാക്രമം നല്‍കണം. ടര്‍ക്കികളെ വാങ്ങുമ്പോള്‍ രോഗബാധയില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വാങ്ങാന്‍ ശ്രദ്ധിക്കണം. സമീകൃത ആഹാരം നല്‍കാന്‍ ശ്രദ്ധിക്കണം. തീറ്റ പാത്രവും വെള്ളപ്പാത്രവും കൃത്യമായ ഇടവേളകളില്‍ വൃത്തിയായി സൂക്ഷിക്കണം. രോഗം വരുന്ന ടര്‍ക്കികളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.

ടര്‍ക്കി മുട്ടയുടെ ശരാശരി തൂക്കം 90 ഗ്രാമാണ്. പോഷക ഗുണങ്ങള്‍ നിറഞ്ഞ ടര്‍ക്കിയുടെ ഇറച്ചി വളരെ രുചിയുള്ളതുമാണ്. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഏകദിന ടര്‍ക്കി വളര്‍ത്തല്‍ പരിശീലനവും നടക്കുന്നുണ്ട്. കേരളത്തിലെ ഏക സര്‍ക്കാര്‍ ടര്‍ക്കി വളര്‍ത്തല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ കുരീപ്പുഴയിലാണ്.
ഗുണമേന്മയുള്ളതും പ്രതിരോധശേഷിയുള്ളതുമായ ടര്‍ക്കികളെ ഇവിടെ നിന്നും വാങ്ങാം. പൊതുവിപണിയില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് ടര്‍ക്കികളെ വാങ്ങാന്‍ സാധിക്കും. ക്രിസ്മസ് കാലത്താണ് ടര്‍ക്കിയിറച്ചിയുടെ വിലയും ഡിമാന്റും കൂടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.