Sections

നർമ്മത്തിൽ ചാലിച്ച ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം; 'മദനോത്സവം'

Thursday, Apr 20, 2023
Reported By Admin
Madanatsavam Movie

നർമ്മത്തിൽ ചാലിച്ച ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം; 'മദനോത്സവം' Review


ശക്തമായ രാഷ്ടീയ വിമർശനം ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ രചിച്ച ഗംഭീര എന്റർടെയ്നർ ചിത്രമാണ് 'മദനോത്സവം'. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തിരക്കഥാകൃത്ത് എന്ന നിലയിൽ ഒരുക്കുന്ന ചിത്രമാണ് 'മദനോത്സവം'. ദീർഘകാലമായി മലയാളത്തിലെ ഒന്നാം നിര അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യമായിട്ടാണ് മറ്റൊരാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി രതീഷ് തിരക്കഥ ഒരുക്കുന്നത്. ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം വീണ്ടും കാസർഗോഡ് പശ്ചാത്തലമാക്കി രതീഷ് രചിച്ച മറ്റൊരു മികവുറ്റ ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് മദനോത്സവവും. ചിരിക്കും ചിന്തയ്ക്കും ഒരുപോലെ ശക്തമായ സ്പേസ് കൊടുക്കുന്ന മികച്ചൊരു സറ്റയർ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ക്ലാസിക് ആക്ഷേപ ഹാസ്യ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന മനോഹാരിത നിലനിർത്തി. രതീഷിന്റെ തിരക്കഥയ്ക്ക് സാങ്കേതികതികവ് കൊണ്ടും കലാമേന്മ കൊണ്ടും മികച്ച രീതിയിൽ തന്നെ നീതിപാലിക്കാൻ സംവിധായകൻ സുധീഷ് ഗോപിനാഥ്'ന് കഴിഞ്ഞിട്ടുണ്ട്.

കോഴിക്കുഞ്ഞുങ്ങളെ നിറമടിച്ച് വിൽക്കുന്ന ചെറുകിട തട്ടിപ്പ് കച്ചവടക്കാരനായ മദനൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. മാതാപിതാക്കളെ ശൈശവത്തിൽ തന്നെ നഷ്ടപ്പെട്ട മദനനെ വളർത്തിയത് അമ്മായിയാണ്. പ്രായമായിട്ടും അവിവിഹാതനായി തുടരുന്ന മദനന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആലീസ് എന്ന വിധവയും അവരുടെ മകളും അയാളുടെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇവർക്കൊപ്പം നല്ലൊരു കുടുംബജീവിതം മദനൻ പദ്ധതിയിടുമ്പോൾ തന്നെ തന്റെ ജീവിതം മാറ്റി മറിക്കുന്ന സന്ദർഭങ്ങളും അയാളെ തേടിയെത്തുന്നു. മദനന് എന്ന പേരിൽ തന്നെ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബിഡിഎഫ് സ്ഥാനാർഥി മദനൻ മഞ്ഞക്കാരനെ തോൽപ്പിക്കാൻ എതിരാളികൾ കോഴിവിൽപ്പനക്കാരൻ മദനനെ സ്വതന്ത്ര സ്ഥാനാർഥിയാക്കുന്നു. കൂടാതെ ഒരു വേളയിൽ മദനനെ തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്നു, ഇതോടെ മദനന്റെ ജീവിതം തന്നെ മാറി മറിയുന്നു. കോഴിവിൽപ്പനക്കാരൻ മദനനായി സുരാജ് വെഞ്ഞാറമ്മൂട് നായക വേഷം കൈകാര്യം ചെയ്യുമ്പോൾ മദനൻ മഞ്ഞക്കാരന്റെ വേഷം അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്.

ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരാജ് പൂർണമായി കോമഡി ട്രാക്കിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മദനോത്സവം. പ്രേക്ഷകരും 'വിന്റേജ്' സുരാജ് വെഞ്ഞാറമൂടിന്റെ തിരിച്ചുവരവ് ആവേശമാക്കുന്ന കാഴ്ച്ചയാണ് തിയേറ്ററുകളിൽ. സുരാജിന്റെ വളരെയധികം ചിരിപടർത്തിയ നർമ്മ രംഗങ്ങൾക്ക് തിയറ്ററുകളിലും നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്. ഭൂരിഭാഗവും കോമഡി ട്രാക്കിൽ എടുത്തിരിക്കുന്ന ചിത്രം എന്നാൽ ചിരിക്കൊപ്പം ശക്തമായ വൈകാരിക രംഗങ്ങൾക്കും കളമൊരുക്കുന്നു.

പുതിയകാല രാഷ്ട്രീയ അന്തരീക്ഷത്തിനനുസരിച്ച് സന്തോഷ് കുമാർ രചിച്ച യഥാർത്ഥ കഥയിൽ തിരക്കഥാപരമായി ധാരാളം മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തിന്റെ ഇരുണ്ട തലങ്ങൾ വിപുലമായി തന്നെ കാണിക്കുമ്പോഴും ഹാസ്യത്തിന്റെ സാധ്യത ചിത്രത്തിലുടനീളം മനോഹരമായി ഉപയോഗപ്പെടുത്തിയ ഇടത്താണ് ചിത്രത്തിന്റെ വിജയം. കാസർഗോഡ് ജില്ലയിലെ ബളാൽ ആണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കാസർകോഡ് ഭാഷയും സംസ്കാരവും മികച്ച രീതിയിൽ വീണ്ടും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ചിത്രത്തിലുടനീളം സന്നിവേശിപ്പിച്ചിരിക്കുന്നു.

നായകനായി സുരാജ് വെഞ്ഞാറമൂട് ഗംഭീര അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. സാധാരണക്കാരനിൽ നിന്നും കുതന്ത്രങ്ങൾ പയറ്റി തെളിയുന്ന മദനൻ എന്ന കഥാപാത്രം സുരാജ് അനശ്വരമാക്കി. രാജേഷ് മാധവനും രഞ്ജി കാങ്കോലും അവതരിപ്പിച്ച നമ്പൂതിരിമാരുടെ കഥാപാത്രങ്ങൾ ചിത്രത്തിലെ മികച്ച രണ്ട് ഗംഭീര പ്രകടനങ്ങളായി മാറി. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ജഡ്ജി വേഷം അവതരിപ്പിച്ച് പ്രശസ്തനായ പി.പി. കുഞ്ഞികൃഷ്ണൻ 'ചെണ്ടൻ എളേപ്പൻ' എന്ന കഥാപാത്രമായി വീണ്ടും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. ആലീസ് എന്ന കഥാപാത്രമായി 'ഭാമ അരുൺ' ചിത്രത്തിലെ ശക്തമായ സാന്നിധ്യമായി മാറുന്നു.എന്തിനും മടിക്കാത്ത രാഷ്ട്രീയ നേതാവ് 'മദനൻ മഞ്ഞക്കാര'നായി ബാബു ആന്റണി തന്റെ കരിയറിലെ തന്നെ എക്കാലത്തെയും പ്രകടനങ്ങളിലൊന്ന് കാഴ്ച്ചവെച്ചു. മലയാളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇറങ്ങിയ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി വിലയിരുത്താൻ കഴിയുന്ന ചിത്രമാണ്'മദനോത്സവം'.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.