Sections

വായ്പ മൊറട്ടോറിയം 2 വര്‍ഷം വരെ, പക്ഷെ എല്ലാവര്‍ക്കും ലഭിക്കില്ല

Wednesday, Jun 30, 2021
Reported By
loan moratorium

കോവിഡ് വായ്പകള്‍ക്കു മൊറട്ടോറിയം


കോവിഡ് ലോക്ഡൗണ്‍ മൂലം ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് 2 വര്‍ഷത്തെ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവും ലഭ്യമാണെങ്കിലും എല്ലാവര്‍ക്കും ഇത് ലഭിക്കില്ല. ഈക്കുറി അപേക്ഷകര്‍ കുറവാണ്. ഇക്കാര്യത്തില്‍ അവബോധം കുറവായതിനാലും എല്ലാ വായ്പകള്‍ക്കും ബാധകമായ മൊറട്ടോറിയം വരും എന്നു പ്രതീക്ഷിക്കുന്നതു കൊണ്ടുമാണ് ഇത്. കോവിഡ് ആദ്യ ഘട്ടത്തില്‍ എല്ലാ വായ്പകള്‍ക്കും അപേക്ഷ നല്‍കാതെ തന്നെ 6 മാസത്തെ മൊറട്ടോറിയം നല്‍കിയിരുന്നു. 2020 മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെ. എന്നാല്‍ ഇത്തവണ ധനകാര്യ സ്ഥാപനങ്ങള്‍ മൊറൊട്ടോറിയം സ്വമേധയാ നല്‍കില്ല.

വായ്പയെടുത്ത വ്യക്തി ബ്രാഞ്ചിനെ സമീപിച്ച് അപേക്ഷ നല്‍കണം. കോവിഡ് രണ്ടാംഘട്ടം മൂലം വരുമാനം കുറഞ്ഞതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിവില്ലെന്നു തെളിയിക്കുന്ന രേഖകള്‍ (അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ജിഎസ്ടി റിട്ടേണ്‍, ജോലി നഷ്ടപ്പെട്ടതിന്റെ രേഖ മുതലായവ) ഹാജരാക്കണം. എങ്കില്‍ 2 വര്‍ഷം വരെ മൊറട്ടോറിയമോ വായ്പ പുനഃക്രമീകരണമോ അനുവദിക്കും. മിക്കവര്‍ക്കും എത്രയും വേഗം വായ്പ അടച്ചു തീര്‍ക്കാനാണു താല്‍പര്യം എന്നതിനാല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്കു മതിയെങ്കില്‍ അതും ലഭിക്കും.

എന്നാല്‍ വരുമാനത്തെ ബാധിച്ചിട്ടില്ലാത്തവര്‍ക്കു (ഉദാ.സര്‍ക്കാര്‍ ജീവനക്കാര്‍) ഈ സൗകര്യം ലഭിക്കില്ല. ഓരോ അക്കൗണ്ടും പരിശോധിച്ച് അര്‍ഹതയുണ്ടോ എന്നു നിര്‍ണയിച്ച ശേഷമാണ് മൊറട്ടോറിയം നല്‍കുന്നത്. അപേക്ഷിച്ചിട്ടു കിട്ടിയില്ല എന്നു ചിലപ്പോള്‍ പരാതി വരുന്നത് ഇതുകൊണ്ടാണെന്നു ബാങ്കിങ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ചെറുകിട വ്യവസായ,വ്യാപാര,സേവന മേഖലകള്‍ക്കു മാത്രമല്ല ഭവന വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും വരെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

വെബ്‌സൈറ്റ് വഴി അപേക്ഷിക്കാന്‍ ചില ബാങ്കുകള്‍ സൗകര്യം നല്‍കുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നു ഫോണില്‍ വിളിച്ച് കാര്യം തിരക്കുകയും മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവും നടത്താന്‍ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. വ്യാപാരികളും റീട്ടെയില്‍ വായ്പയെടുത്തവരുമാണ് പുന:ക്രമീകരണത്തിനായി ഏറ്റവും കൂടുതല്‍ ബാങ്കുകളെ സമീപിക്കുന്നത്.

സെപ്റ്റംബര്‍ 30 വരെയാണ് ഈ സൗകര്യം ലഭിക്കുന്നത്. റിസര്‍വ് ബാങ്ക് വിജ്ഞാപനം വന്ന ശേഷം അതത് ബാങ്കുകളുടെ ഭരണസമിതികള്‍ ഇതു നടപ്പാക്കാന്‍ തീരുമാനം എടുത്തപ്പോഴേക്കും മേയ് അവസാനമായിരുന്നു. വായ്പയെടുത്തവര്‍ക്ക് ഇതെക്കുറിച്ച് അറിവു കിട്ടിയിട്ട് ഏതാനും ആഴ്ചകള്‍ ആയിട്ടേയുള്ളു. വരുന്ന ആഴ്ചകളില്‍ അപേക്ഷകള്‍ കാര്യമായി വരുമെന്നു പ്രതീക്ഷിക്കുന്നതായി ബാങ്കിങ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് നിയമം ആയതിനാല്‍ എല്ലാ ബാങ്കുകളും ആനുകൂല്യം നല്‍കാന്‍ ബാധ്യസ്ഥമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.