Sections

കേട്ടതിനേക്കാള്‍ വലുതാണ് എല്‍ഐസി... ഞെട്ടിത്തരിച്ച് ലോകം

Thursday, May 19, 2022
Reported By admin
lic

ഇന്ത്യയുടെ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ മറ്റൊരു വശം കൂടിയാണ് ഇതു വെളിവാക്കുന്നത്


നിക്ഷേപകര്‍ ഇതുവരെ കണ്ടതൊന്നുമല്ല എല്‍.ഐ.സിയെന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിങ് തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നതെങ്കിലും റേറ്റിങ് ഏജന്‍സികള്‍ എല്ലാം മികച്ച ഭാവി പ്രവചിക്കുന്ന ഓഹരികളില്‍ ഒന്നാണ് എല്‍.ഐ.സി.

2022 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ ഐ.പി.ഒ. പ്രക്രിയയ്ക്കായി എല്‍.ഐ.സി. ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലെ ആളുകള്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് ഇന്നു ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യയുടെ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ മറ്റൊരു വശം കൂടിയാണ് ഇതു വെളിവാക്കുന്നത്.

ഇന്‍ഷുറന്‍സ് ഭീമനായ എല്‍.ഐ.സിയില്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്ന തുക. അതെ അവകാശികള്‍ ഇല്ലാതെ കിടക്കുന്ന ഈ തുക നിസാരമല്ല. ഏകദേശം 21,539.5 കോടി രൂപയാണ് വെറുതെ കിടക്കുന്നത്. രാജ്യത്തെ ഒന്നിലധികം മന്ത്രാലയങ്ങളുടെ മുഴുവന്‍ ബജറ്റിനേക്കാള്‍ വലുതാണിത്.

ക്ലെയിം ചെയ്യപ്പെടാത്ത തുകകളില്‍ അടച്ചിട്ടില്ലാത്ത സെറ്റില്‍ഡ് ക്ലെയിമുകള്‍, പോളിസികള്‍ മെച്യൂര്‍ ആകുമ്പോള്‍ അടയ്‌ക്കേണ്ട തുകകള്‍, റീഫണ്ട് ചെയ്യേണ്ട അധിക തുകകള്‍ എന്നിവ ഉള്‍പ്പെടുന്നു. പോളിസികള്‍ മെച്യൂര്‍ ആയിട്ടും ഉടമകളിലേക്ക് എത്താത്ത തുകയാണ് ഇതില്‍ കൂടുതല്‍. മൊത്തം തുകയുടെ ഏകദേശം 90 ശതമാനം (19,285.6 കോടി രൂപ) ഇത്തരത്തിലാണ്.

ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ചെലവ് 10,000 കോടി രൂപ മാത്രമായിരുന്നു. ഇതു കണക്കാക്കുമ്പോള്‍ ഗഗന്‍യാനിന്റെ അത്തരം രണ്ട് മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി എല്‍.ഐ.സിയുടെ ക്ലെയിം ചെയ്യപ്പെടാത്ത 21,000 കോടി രൂപ തന്നെ ധാരാളം.

എല്‍.ഐ.സി. ഐ.പി.ഒയില്‍ നിന്നു മാറിനിന്ന വിദേശനിക്ഷേപകരെ പുറത്തുവന്ന കണക്കുകള്‍ അമ്പരപ്പിക്കുന്നുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവില്‍ എല്‍.ഐ.സി. ഓഹരികള്‍ 1.5 ശതമാനം മൂല്യമിടിഞ്ഞ് 863 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.