Sections

എല്‍ഐസി ഐപിഒ:  ഈയാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും; ഐപിഒ വലുപ്പം 21,000 കോടിയായി വെട്ടിക്കുറച്ചേക്കും

Friday, Apr 22, 2022
Reported By Admin

 

ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മെയ് രണ്ടിനാവും ഐപിഒ ആരംഭിക്കുക

 

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന ഈയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും. വിപണിയിലെ സാധ്യതയും ആങ്കര്‍ നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണവുമനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഐപിഓയില്‍ നിന്ന് സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചേക്കും. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ വലുപ്പം 21,000 കോടിയായി കുറയ്ക്കുമെന്നാണ് വിവരം. ഗ്രീന്‍ഷൂ ഓപ്ഷനിലൂടെ 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിച്ചേക്കും. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയായി ഉയരും.

നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍.അഞ്ച് ശതമാനം ഓഹരി വില്‍ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നിക്ഷേപക താല്പര്യം പരിഗണിച്ച് ആറുശതമാനമായി ഉയര്‍ത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. 

മാര്‍ച്ച് അവസാന ആഴ്ചയിലാണ് ഐപിഒ പ്രഖ്യാപിക്കാനാണിരുന്നതെങ്കിലും വിപണിയിലെ സാഹചര്യംവിലയിരുത്തി നീട്ടിവെയ്ക്കുകയായിരുന്നു. പുതുക്കിയ അപേക്ഷ പ്രകാരം മെയ് 12വരെ ഐ.പി.ഒയ്ക്ക് സമയമുണ്ട്. കമ്പനിയുടെ എംബഡഡ് മൂല്യം 5.4 ലക്ഷം കോടി രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടോ മുന്നോ ഇരട്ടിയാകും വിപണി മൂല്യം. 

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 65,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മെയ് രണ്ടിനാവും ഐപിഒ ആരംഭിക്കുക. സമാഹരിക്കുന്ന തുക 21000 കോടിയായി കുറച്ചാലും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് എല്‍ഐസിയ്ക്ക് നഷ്ടമാവില്ല. 18,300 കോടി രൂപയുടെ പേയ്ടിഎം ഐപിഒയ്ക്കാണ് നിലവിലെ റെക്കോര്‍ഡ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.