Sections

ഇലക്ട്രിക് വാഹനങ്ങള്‍ക്ക്‌ 7 ശതമാനം മുതല്‍ പലിശ നിരക്കുമായി പ്രമുഖ ബാങ്കുകള്‍

Tuesday, Apr 19, 2022
Reported By admin
ev

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 100 ശതമാനം വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്

 

പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിച്ചുയുരന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്ധനവിലക്കയറ്റവും, പണപ്പെരുപ്പവും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും ഇലക്ട്രിക് യുഗത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി സബ്സിഡികള്‍ക്കു പുറമേ, കുറഞ്ഞ ചെലവില്‍ വായ്പകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ വിവധ പൊതുമേഖല- സ്വകാര്യ മേഖലാ ബാങ്കുകള്‍.

എസ്.ബി.ഐ. ഗ്രീന്‍ വായ്പ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഏറ്റവും ആദ്യം വായ്പകള്‍ പ്രഖ്യാപിച്ച ബാങ്കുകളില്‍ ഒന്നാണ് എസ്.ബി.ഐ. വാഹനവിലയുടെ 90 ശതമാനം വരെ വായ്പ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 100 ശതമാനം വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. 7.05 ശതമാനം മുതലാണ് ഗ്രീന്‍ വായ്പയുടെ പലിശ.

ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനു മാത്രമാകും വായ്പ ലഭിക്കുക. അപേക്ഷകര്‍ 21 മുതല്‍ 67 വയസുവരെ പ്രായമുള്ളവരായിരിക്കണം. മൂന്നു വര്‍ഷം മുതല്‍ എട്ടു വര്‍ഷം വരെയാണ് വായ്പാ കാലയളവ്. സാധാരണ കാര്‍ വായ്പകളേക്കാള്‍ 20- 30 ബേസിസ് പോയിന്റിന്റെ കുറവാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പ്രൊസസിങ് നിരക്കിലടക്കം ബാങ്ക് ഇളവുകള്‍ അനുവദിക്കും.

ഫെഡറല്‍ ബാങ്ക് ഇ.വി. വായ്പ

ഇലക്ട്രിക് വാഹനങ്ങള്‍ക്കു കരുത്തുപകരാന്‍ ഫെഡറല്‍ ബാങ്കും മുന്‍പന്തിയലുണ്ട്. വാഹന വിലയുടെ 90 ശതമാനം വരെയാകും വായ്പ ലഭിക്കുക. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. സാധാരണ കാര്‍ വായ്പയേക്കാള്‍ 0.25 ശതമാനം പലിശ ഇളവ് ലഭിക്കും. ഇതിനു പുറമേ സര്‍ക്കാര്‍ സബ്സിഡികളും ലഭിക്കും.

തിരിച്ചടവ് കാലവധി വാഹനങ്ങള്‍ക്കും, ഉപയോക്താക്കള്‍ക്കും അനുസരിച്ച് മാറും. സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കി കുറഞ്ഞ പലിശയിലും വായ്പ സ്വന്തമാക്കാം.

യൂണിയന്‍ ഗ്രീന്‍ മൈല്‍സ്

ഇലക്ട്രിക് കാറുകള്‍ക്കു പുറമേ ഇലക്ട്രിക് ബൈക്കുകള്‍ക്കും ബാങ്ക് വായ്പ നല്‍കും. അപേക്ഷകര്‍ 18 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. കാറുകള്‍ക്ക് 84 മാസവും, ഇരുചക്ര വാഹനങ്ങള്‍ക്ക് 36 മാസവും തിരിച്ചടവ് സാവകാശം ലഭിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10 ലക്ഷം രൂപയാകും അനുവദിക്കുക. കാറുകള്‍ക്ക് വായ്പാ പരിധിയില്ല. സര്‍ക്കാര്‍ സബ്സിഡി വായ്പയില്‍ കുറയ്ക്കും. സബ്സിഡിക്കു പുറമേ 10 ശതമാനം തുക ഉപയോക്താക്കള്‍ അടയ്ക്കണം.

ആക്സിസ് ന്യൂ കാര്‍ വായ്പ

ശമ്പളവരുമാനക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും സ്വകാര്യബാങ്ക് മുന്‍ഗണന നല്‍കുന്നു. ഓണ്‍റോഡ് വിലയുടെ 85 ശതമാനം വരെ വായ്പ ലഭിക്കും. പരമാവധി തിരിച്ചടവ് കാലാവധി ഏഴു വര്‍ഷമാണ്.

കേരളത്തില്‍ കൊച്ചിയിലും, തിരുവനന്തപുരത്തും വായ്പകള്‍ ലഭ്യമാണെന്നു ബാങ്ക് വ്യക്തമാക്കുന്നു. സാധാരണ കാര്‍ വായ്പാ പലിശയേക്കാള്‍ അരശതമാനം കുറവ് ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാര്‍ വലിയുടെ 80 ശതമാനമാകും വായ്പ ലഭിക്കുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.