- Trending Now:
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ കെട്ടിക്കിടക്കുന്ന ഭൂമി തരമാറ്റൽ അപേക്ഷകളിലെ നടപടികൾക്ക് പുതിയ ഗതിവേഗം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. നിലവിൽ ഓഫ്ലൈനായും ഓൺലൈനായും ലഭിച്ച മുഴുവൻ അപേക്ഷകളിലും ആറു മാസത്തിനകം തീർപ്പ് കൽപ്പിക്കാനാവും വിധത്തിലുള്ള പ്രവർത്തന രീതി (സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ - എസ്ഒപി) ഇതുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തരംമാറ്റ അപേക്ഷകൾ ഓൺലൈൻ വഴിയാക്കിയ 2022 ഫെബ്രുവരി വരെ 2,26,901 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ 2,23,077 അപേക്ഷകൾ തീർപ്പാക്കാൻ ഇതിനകം സാധിച്ചു. 2022 ഫെബ്രുവരി മുതൽ ഈ വർഷം സെപ്റ്റംബർ വരെ 3,11,167 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. ഇവയിൽ 82,528 അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനായി. നിലവിൽ പ്രതിദിനം 500 ലധികം അപേക്ഷകളാണ് ഭൂമി തരംമാറ്റാനായി ലഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അധികാരമുണ്ടായിരുന്നത് ആർഡിഒമാർക്ക് മാത്രമായിരുന്നു. മറ്റ് നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങളുള്ള ആർഡിഒമാർക്ക് ഇത്രയേറെ അപേക്ഷകൾ കൈകാര്യം ചെയ്യുക പ്രയാസകരമാണെന്ന് കണ്ടുകൊണ്ടാണ് ഡെപ്യൂട്ടി കലക്ടർമാർക്കു കൂടി ഇതിനുള്ള അധികാരം നൽകിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം നിലവിലെ 24 ആർഡിഒമാർക്കു പുറമെ, 42 ഡെപ്യൂട്ടി കലക്ടർമാർക്കു കൂടി തരംമാറ്റ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനാവും.
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് പരസ്യത്തിൽ ഇനി ക്യൂ ആർ കോഡ് നിർബന്ധമെന്ന് കെ-റെറ... Read More
തരം മാറ്റ അപേക്ഷകളിലെ നടപടികൾ വേഗത്തിലാക്കുന്നതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 900 ജീവനക്കാരെ നിയമിച്ചിരുന്നു. അതോടൊപ്പം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിലെ സർക്കാർ ഇത്തരവ് പ്രകാരം 181 ക്ലാർക്കുമാരെ പിഎസ്സി വഴിയും 68 ജൂനിയർ സൂപ്രണ്ടുമാരെ താൽകാലിക സ്ഥാനക്കയറ്റം നൽകിയും 123 സർവ്വേയർമാരെ താൽക്കാലികമായും നിയമിക്കുന്നതിനും 220 വാഹനങ്ങൾ ഒരു വർഷത്തേക്ക് വാടകയ്ക്ക് അനുവദിക്കാനും തീരുമാനമായി. കൂടാതെ ഇ ഓഫീസ് സംവിധാനം ഏർപ്പെടുത്തിയതിലൂടെ പുനർവിന്യസിക്കാൻ കഴിയുന്ന 1323 തസ്തികകൾ കണ്ടെത്തി വില്ലേജ് ഓഫീസുകളിൽ നിയമിക്കാൻ സർക്കാർ ഉത്തരവിട്ടതായും മന്ത്രി അറിയിച്ചു.
സർവേ നടപടികൾ വൈകുന്നത് തരംമാറ്റ ഉത്തരവ് നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തുന്നുവെന്ന് കണ്ടതിനാൽ അത് പരിഹരിക്കുന്നതിനായി ഭൂമിക്ക് താൽകാലിക സബ്ഡിവിഷൻ നമ്പർ നൽകി നികുതി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിയമം ലംഘിച്ച് നികത്തിയ വയലുകളും തണ്ണീർത്തടങ്ങളും പൂർവ്വ സ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കാൻ നിയമം ജില്ലാ കളക്ടർക്ക് അധികാരം നൽകുന്നുണ്ട്. ഇത് പ്രകാരം വിവിധ ജില്ലകളിലായി നിലനിൽക്കുന്ന 974 കേസുകളിൽ ഭൂമി പൂർവസ്ഥിതിയിലേക്ക് മാറ്റാൻ 14.65 കോടി രൂപ അവശ്യമാണെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിനായി റിവോൾവിംഗ് ഫണ്ട് രൂപീകരിച്ച് കലക്ടർമാർക്ക് ആവശ്യമായ പണം സർക്കാർ നൽകും. ഭൂമി പൂർവ സ്ഥിതിയിലേക്ക് മാറ്റിയ ശേഷം ഭൂവുടമയിൽ നിന്നും റവന്യൂ റിക്കവറിയിലൂടെ ചെലവായ തുക ഈടാക്കി തിരികെ ഖജനാവിലേക്ക് മുതൽകൂട്ടാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
തരംമാറ്റ നടപടികൾ വേഗത്തിലാക്കുന്നതിനായി പുതുതായി പുറപ്പെടുവിച്ച എസ്ഒപി പ്രകാരം സബ് ഡിവിഷൻ ആവശ്യമില്ലാത്ത ഭൂമി തരംമാറ്റ കേസുകളിൽ റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ് ലഭ്യമായി 48 മണിക്കൂറിനകം ഭൂരേഖാ തഹസിൽദാർ താലൂക്ക് ഓഫീസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വില്ലേജ് ഓഫീസർക്ക് അയക്കണമെന്നാണ് വ്യവസ്ഥ. തുടർന്നുള്ള അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം വില്ലേജ് ഓഫീസർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂവുടമയ്ക്ക് കരം അടയ്ക്കാൻ സൗകര്യമൊരുക്കണം.
റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് പരസ്യത്തിൽ ഇനി ക്യൂ ആർ കോഡ് നിർബന്ധമെന്ന് കെ-റെറ... Read More
സബ് ഡിവിഷൻ ആവശ്യമുളള കേസുകളിൽ ആർഡിഒയിൽ നിന്നും തരംമാറ്റ ഉത്തരവ് ലഭിച്ചാലുടൻ ഭൂരേഖാ തഹസിൽദാർ നിലവിൽ തുടർന്നുവരുന്ന സർവെ നടപടിക്രമങ്ങൾ താൽക്കാലികമായി ഒഴിവാക്കി, തരം മാറ്റപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണത്തിന് അനുസൃതമായി സബ് ഡിവിഷൻ അനുവദിച്ചും നിയമാനുസൃതം ഭൂനികുതി തിട്ടപ്പെടുത്തിയും സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ച് സ്കെച്ച് പകർപ്പ് സഹിതം വില്ലേജ് ഓഫീസർമാർക്ക് കൈമാറണം. ഇതു പ്രകാരം വില്ലേജ് ഓഫീസർക്ക് താൽക്കാലിക സബ് ഡിവിഷൻ നമ്പരിൽ കരം സ്വീകരിക്കാം. അതേസമയം, ഭൂമിയുടെ സബ് ഡിവിഷൻ നടപടി സപ്ലിമെന്ററി ബിടിആറിൽ സർവേയർ മുഖാന്തിരം പൂർത്തീകരിക്കുന്നതാണെന്ന് രേഖപ്പെടുത്തണം. ഇത്തരത്തിൽ താൽക്കാലിക സർവ്വെ നമ്പർ നൽകി ഭൂനികുതി സ്വീകരിക്കുന്ന കേസുകളിൽ മൂന്ന് മാസത്തിനുള്ളിൽ ഭൂരേഖാ തഹസിൽദാർമാർ സർവേ സബ് ഡിവിഷൻ നടപടികൾ പൂർത്തിയാക്കി അവ ക്രമവൽക്കരിക്കേണ്ടതും വില്ലേജ് റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമാണെന്നും മന്ത്രി അറിയിച്ചു.
ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാർക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും അതുമായി ബന്ധപ്പെട്ട ശക്തമായ കാമ്പെയിൻ നടപടികൾ തുടർദിവസങ്ങളിൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.