- Trending Now:
കൊച്ചി: മട്ടാഞ്ചേരി ബസാർ റോഡിലെ ആനന്ദ് വെയർഹൗസിലെ ഒരു മുറിയിലേക്ക് കടന്നാൽ പുക കൊണ്ട് കരിഞ്ഞ വയൽ പോലെ തോന്നും. ഇരുണ്ടതും മങ്ങലും നിറഞ്ഞതുമായ അന്തരീക്ഷം മുറിയാകെ മൂടിയിരിക്കുന്നു. അങ്ങിങ്ങായി ചിതറിച്ചിട്ട നെൽക്കറ്റകളുടെ കെട്ടുകൾ കാഴ്ചക്കാരുടെ ഇരിപ്പിടങ്ങളായി മാറിയിരിക്കുന്നു. അവിടെ കർഷകരുടെ ദുരിതവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന പരിസ്ഥിതി യാഥാർത്ഥ്യങ്ങളും അഭ്രപാളികളിൽ മിന്നിത്തെളിയുകയാണ്.
നീണ്ട ക്യാൻവാസുകൾക്ക് പിന്നിലായി വെള്ള വസ്ത്രം ധരിച്ച കലാകാരൻ കുൽപ്രീത് സിംഗും അദ്ദേഹത്തിന്റെ സുഹൃത്തുകളും സഹ കർഷകരും ഓടുന്നതാണ് കാണുന്നത്. പ്രതിഷേധത്തിന്റെ ഭാഷയും ജീവിതത്തിന്റെ അടയാളങ്ങളും ചേർന്നൊരു ദൃശ്യകാവ്യം പോലെ അത് മുന്നോട്ട് നീങ്ങുന്നു.
പഞ്ചാബിലെ പട്യാല സ്വദേശിയായ കുൽപ്രീത് സിംഗിന്റെ 'ഇൻഡെലിബിൾ ബ്ലാക്ക് മാർക്സ്' എന്ന കൃതി ഹരിത വിപ്ലവത്തിന് മുമ്പും ശേഷവും കൃഷിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള സംവാദത്തിന് വഴിതുറക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം നാടായ പഞ്ചാബിന്റെ മണ്ണിലാണ് ചിത്രത്തിന് പ്രമേയമാകുന്ന ഈ ചർച്ചയുടെ വേരുകൾ പതിഞ്ഞിരിക്കുന്നത്.
ഹരിത വിപ്ലവത്തിന്റെ ചരിത്രവും അതിന്റെ ദീർഘകാല പ്രതിഫലനങ്ങളും ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുകയാണ്. അടുത്ത വിളക്കാലത്തിനായി വയൽപ്പാടം ഒരുക്കുന്നത് പരമ്പരാഗത രീതിയായ വൈക്കോൽ കത്തിക്കലിലൂടെയാണ്. അതിന്റെ ചാരം കൈപ്പിടിയിലൊതുക്കി പോക്കറ്റിലിടുന്ന കുൽപ്രീതിന്റെ ദൃശ്യത്തോടെയാണ് ചിത്രത്തിന് തുടക്കമിടുന്നത്.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളിൽ മഞ്ഞനിറത്തിലുള്ള തീച്ചുരുളുകൾ പടരുന്നു. ആംബുലൻസ് സൈറണുകൾ, ഹോണുകൾ, വാഹനങ്ങൾ, വിമാനങ്ങൾ, പ്രതിഷേധങ്ങൾ, ആക്രമണങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള കോലാഹലങ്ങൾ, യുദ്ധങ്ങൾ, സ്ഫോടനങ്ങൾ അങ്ങനെ പശ്ചാത്തലത്തിൽ അശാന്തിയുടെ തേരോട്ടം. ഈ ഒച്ചപ്പാടിന് നടുവിലൂടെ ശ്വാസംമുട്ടിയ പോലെ കുൽപ്രീതും സംഘവും മുന്നോട്ട് കുതിക്കുകയാണ്. പ്രതിഷേധക്കാരെ പോലെ അവർ മുന്നിലേക്ക് ഓടുമ്പോൾ നീണ്ട ക്യാൻവാസുകൾ പിന്നിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കാണാം.
നാം ജീവിക്കുന്ന ലോകത്തിൽ മണ്ണിനും വായുവിനും വെള്ളത്തിനും കർഷകർക്കുമെതിരെ ആവർത്തിച്ചു നടക്കുന്ന അതിക്രമങ്ങളെയാണ് ഈ ക്യാൻവാസുകൾ പ്രതിഫലിപ്പിക്കുന്നത്. പുകയായാലും ചാരമായാലും അവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, അതിന് പിന്നിൽ സമ്മർദ്ദങ്ങളുടെയും അസന്തുലിതാവസ്ഥകളുടെയും അവഗണനയുടെയും വിശാല ലോകം മറഞ്ഞിരിക്കുന്നു. വൈക്കോൽ കത്തിക്കലിന്റെ ഒറ്റ ആഖ്യാനത്തിനപ്പുറം നമ്മുടെ കാലഘട്ടത്തിലെ പരിസ്ഥിതിയുടെയും സമൂഹത്തിന്റെ തകർച്ചകളെയും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മമായി നിരീക്ഷിച്ച് നിശബ്ദ സംഘർഷങ്ങളെയും ചരിത്രങ്ങളെയും വായിച്ചെടുക്കാൻ സംവിധായകൻ ആവശ്യപ്പെടുന്നു.
ചിത്രം മുന്നോട്ട് പോകുമ്പോൾ അന്തരീക്ഷം മേഘാവൃതമാകുന്നു, ദൃശ്യങ്ങൾ മഴയെത്തുന്ന പോലെ അലിഞ്ഞു തുടങ്ങുന്നു. തീയുടെ കാഴ്ചകൾക്കൊപ്പം വെള്ളത്തിന്റെ ശബ്ദം പ്രതിധ്വനിക്കുന്നു. തീച്ചുരുളുകൾക്കിടയിലൂടെ സംഘം വീണ്ടും ഓടി മാറുന്നു. ഒടുവിൽ അവർ ഒരു വരിയായി മാറി ഓവൽ ആകൃതിയിലേക്ക് രൂപാന്തരപ്പെടുന്നു. പിന്നെ കരിഞ്ഞ മരങ്ങളുടെ ചിത്രങ്ങൾ, ചത്ത പക്ഷികൾ, കാട്ടുനായ്ക്കളുടെ അലറൽ എല്ലാം ദൃശ്യങ്ങളിൽ തെളിയുന്നു. പോലീസ് സൈറണുകൾ മുഴങ്ങുന്നു, ഓടിയവരെ പിടികൂടുന്നു, വെടിയൊച്ചകൾ കേൾക്കുന്നു. പിന്നെ ഗുർബാനി മന്ത്രത്തിന്റെ പശ്ചാത്തലത്തിൽ കർഷകർ നിശ്ചലമായി കിടക്കുന്നു.
'പവൻ ഗുരു, പാനി പിതാ, മാതാ ധരത് മഹത്' എന്ന ഗുർബാനി വരി ലോകത്തെ മനസിലാക്കാനുള്ള വഴിയായി ഇവിടെ ആഴത്തിൽ പ്രതിധ്വനിക്കുന്നു. ഭൂമിയെ ഒരു വിഭവമായി മാത്രം കാണാതെ ബന്ധമായി നിലനിർത്താനുളള ഓർമ്മപ്പെടുത്തലാണ് അത്. 'വായു നമ്മെ നയിക്കുകയും നിലനിർത്തുകയും ചെയ്യുന്നു, വെള്ളം നമ്മെ നയിക്കുകയും വളർത്തുകയും ചെയ്യുന്നു'. അദ്ദേഹം പറയുന്നു. ആഗോള താപനം, പ്രളയം, മലിനീകരണം എന്നീ ഭീഷണികൾ നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ഭീതിജനകമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
ചിത്രത്തിന്റെ അവസാനത്തിൽ കുൽപ്രീത് വീണ്ടും വയലിലെ ചാരം പോക്കറ്റിലിടുന്നു. നമ്മുടെ മനസുകളും പോക്കറ്റുകളെപ്പോലെയാണ്, അവയിൽ നാം എന്ത് നിറയ്ക്കുന്നുവോ അതാണ് പുറത്തുവരുന്നത്. ചാരം മാത്രം നിറച്ചാൽ ചാരം മാത്രമേ പുറത്തുവരൂ. ചാരം ജീവിതത്തിന്റെ രൂപാന്തരമാണ്; മണ്ണിലേക്കുള്ള മടങ്ങിവരവ്-അത് മരണത്തിന്റെ ഓർമ്മപ്പെടുത്തലുമാണ്. അതിനാൽ നമ്മുടെ പോക്കറ്റുകൾ കാരുണ്യം, അനുകമ്പ, ആർദ്രത എന്നിവയാൽ നിറയ്ക്കണം. നമുക്ക് വേണ്ടത് മനുഷ്യ സൗഹൃദ വിപ്ലവമാണെന്ന് സംവിധായകൻ പറയുന്നു. വേഗം കുറച്ച് നീതിയുള്ളതും സൗമ്യവുമായ സമൂഹം കെട്ടിപ്പടുക്കൽ.
കൃഷിയും കലയും എനിക്ക് വേറിട്ടതല്ല. കർഷകൻ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും മണ്ണിനുള്ളിലെ അദൃശ്യ ജീവികൾക്കും വേണ്ടി കൃഷി ചെയ്യുന്നു. എന്റെ വേരുകൾ കൃഷിയിലായതിനാൽ സമഗ്ര ന• എന്ന സമീപനത്തോടെയാണ് താൻ കലയെ സമീപിക്കുന്നതെന്ന് കുൽപ്രീത് പറയുന്നു.
സമത്വത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും അടയാളമായി ലങ്കാർ (സാമൂഹ്യ അടുക്കള) എന്ന രീതി ഇന്നും തുടരുന്നുണ്ട്. എന്നാൽ അരിയുടെയും ഗോതമ്പിന്റെയും വൻതോതിലുള്ള ഉത്പാദനം മണ്ണിന്റെ സ്വാഭാവികതയെ തകർത്തിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വൻതോതിലുള്ള ഏകവിള കൃഷി, ജലചൂഷണം, കൃത്രിമ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ മണ്ണിനെയും വെള്ളത്തെയും മലിനമാക്കുകയും ഭൂഗർഭജല ശേഖരങ്ങളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു. ലഭ്യമാകേണ്ട പിന്തുണയുടെ അഭാവവും സുഗമമല്ലാത്ത നയങ്ങളും കൃഷിയെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു.
കൃഷി എന്നത് ഒരു ആത്മീയ പ്രവൃത്തിയാണ് എന്നതാണ് കുൽപ്രീതിന്റെ പക്ഷം. ജീവനുള്ള മാതാവായാണ് കർഷകർ ഭൂമിയെ കണക്കാക്കുന്നത്. ജീവന്റെ, നിലനിൽപ്പിന്റെ വിത്തുകൾ മുളപ്പിക്കുന്ന അമ്മയാണ് ഭൂമി. വിളവെടുപ്പ് ഉത്സവങ്ങളിൽ അത് ആഘോഷിക്കപ്പെടുന്നു. വളരെ വിശാലമായ ഭൂമിയിൽ കൃഷി ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പ്രായോഗികമായ മറ്റു ബദൽ മാർഗങ്ങളുടെ അഭാവത്തിൽ വികസിത രാജ്യങ്ങൾ പോലും വൈക്കോൽ കത്തിക്കൽ തുടരുന്നതായി അദ്ദേഹം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.